| Saturday, 12th October 2019, 3:07 pm

പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് കത്തിലൂടെ പറഞ്ഞത്; നിലപാടില്‍ മാറ്റമില്ല; പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിനെ കുറിച്ച് നസറുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ 50 സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ.

താന്‍ ഇപ്പോഴും അന്നത്തെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് കത്തിലൂടെ പറഞ്ഞതെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നടന്ന ഇന്ത്യ ഫിലിം പ്രോജക്റ്റിന്റെ ഒമ്പതാം എഡിഷനില്‍ ആനന്ദ് തിവാരിയുമായി നടത്തിയ സംഭാഷണത്തിലാണ് നസറുദ്ദീന്‍ ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്ന ബോധ്യം ഇപ്പോഴുമുണ്ട്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. കാര്യമായ ജോലികളൊന്നുമില്ലാത്ത നിരവധി ആളുകള്‍ എന്നെ പല രീതിയിലും ആക്രമിച്ചു. ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഈ തുറന്ന വെറുപ്പ് എന്നെ ബാധിക്കും- ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ അവസ്ഥയെക്കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ സിനിമാ മേഖലയിലെ ബന്ധത്തെയോ വളര്‍ച്ചയെയോ ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് സിനിമാ വ്യവസായവുമായി അടുത്തബന്ധം ഒരു സാഹചര്യത്തിലും ഉണ്ടായിട്ടില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അതൊന്നും തന്റെ നിലപാടുകളെ ബാധിച്ചതായി തോന്നുന്നില്ലെന്നുമായിരുന്നു നസറുദ്ദീന്‍ ഷായുടെ മറുപടി. തന്റെ ഏറ്റവും മികച്ച സമയങ്ങളില്‍ പോലും ജോലി ലഭിക്കാതിരുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഷാ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയായിരുന്നു ബീഹാറിലെ മുസാഫര്‍പൂരില്‍ സംവിധായകരായ അപര്‍ണ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാരനും കോളമിസ്റ്റുമായ രാംചന്ദ്ര ഗുഹ എന്നിവരുള്‍പ്പെടെ കലാ സാംസ്‌ക്കാരി രംഗത്തെ പ്രമുഖര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ കേസ് അവസാനിപ്പിക്കാന്‍ ബിഹാര്‍ പോലീസ് ഉത്തരവിടുകയായിരുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പരാതിക്കാരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Actor Naseeruddin about the open letter to pm

Latest Stories

We use cookies to give you the best possible experience. Learn more