| Thursday, 24th May 2018, 1:23 pm

'വിവരച്ചോര്‍ച്ച തടയാന്‍ സാധിച്ചില്ല'; യൂറോപ്യന്‍ പാര്‍ലമെന്റില്‍ മാപ്പപേക്ഷിച്ച് സുക്കര്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: കേമ്പ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തല്‍ സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഹാജരായി. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് പാര്‍ലമെന്റില്‍ മാപ്പ് ചോദിച്ചു.

ഏപ്രിലില്‍ യു.എസ് കോണ്‍ഗ്രസിനു മുന്‍പാകെ ഹാജരായതിനു പിന്നാലെയാണു സുക്കര്‍ബര്‍ഗ് ഇന്നലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഹാജരായത്. യു.എസ് കോണ്‍ഗ്രസില്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ കൂടുതലൊന്നും സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലമെന്റിലും പറഞ്ഞില്ല.

ഫെയ്‌സ്ബുക്കില്‍നിന്ന് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിനു മാപ്പുചോദിക്കുന്നതായി സുക്കര്‍ബര്‍ഗ് പാര്‍ലമെന്റില്‍ പറഞ്ഞു. വിവരച്ചോര്‍ച്ച തടയുന്നതിനുള്ള ഫലപ്രദമായ നടപടികളെടുക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞ രണ്ടുവര്‍ഷം സാധിച്ചില്ലെന്നും, എന്നാല്‍, ഇത്തരം സംഭവങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. യൂറോപ്പിലെ 27 ലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്നും യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ തിരിച്ചറിയാന്‍ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിന‍് പുറത്ത് ഡി.എം.കെ സമരം: എം.കെ സ്റ്റാലിനെ ബലമായി നീക്കം ചെയ്തു


എന്നാല്‍, ക്ഷമാപണം കൊണ്ടു കാര്യമായില്ലെന്നായിരുന്നു പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതികരണം. കേംബ്രിജ് അനലിറ്റിക്ക സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്കു സുക്കര്‍ബര്‍ഗ് രേഖാമൂലം മറുപടി തരേണ്ടി വരുമെന്നും അംഗങ്ങള്‍ അറിയിച്ചു.

ചോദ്യംചെയ്യല്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനെ ആദ്യം സുക്കര്‍ബര്‍ഗ് എതിര്‍ത്തിരുന്നുവെങ്കിലും രഹസ്യമായി ഹിയറിങ് നടത്താനുള്ള നീക്കത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തതോടെ സമ്മതിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ ഒരു ഉദ്യോഗസ്ഥനെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് അയക്കാമെന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ ആദ്യനിലപാട്. എന്നാല്‍, യൂണിയന്‍ പ്രസിഡന്റ് അന്റോണിയോ ടജാനിയുടെ ഉത്തരവു പ്രകാരമാണ് നേരിട്ടു ഹാജരാകാന്‍ തയാറായത്.

കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയ്‌സ്ബുക്കില്‍നിന്ന് 8.7 കോടി അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നതാണു വിവാദം. ഇതിന്റെ പേരില്‍ ഇന്ത്യയും ഫെയ്‌സ്ബുക്കിനോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.


Watch DoolNews:

We use cookies to give you the best possible experience. Learn more