| Thursday, 15th February 2024, 8:01 pm

കർഷക സമരം; കർഷക നേതാക്കളുടെ എക്സ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ തടഞ്ഞുവെച്ചതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എക്‌സിലും ഫേസ്ബുക്കിലും കർഷക സമരവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പോസ്റ്റ്‌ ചെയ്യുന്ന അക്കൗണ്ടുകൾ തടഞ്ഞുവെച്ചതായി റിപ്പോർട്ടുകൾ.

കർഷക നേതാക്കളായ സർവൻ സിങ് പന്ദേർ, തേജ്‌വീർ സിങ് അംബാല, രമൺദീപ് സിങ് മാൻ, സുർജിത് സിങ് ഫുൽ, ഹർപാൽ സംഘ എന്നിവരുടെ എക്സ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ തടഞ്ഞുവെച്ചതായി ദി വയർ റിപ്പോർട്ട് ചെയ്തു.

ഇതിനുപുറമേ നിരവധി വ്യക്തികളുടെയും ഒരു മീഡിയ ഔട്ട്‌ലെറ്റ് ഉൾപ്പെടെ സംഘടനകളുടെയും അക്കൗണ്ടുകളും തടഞ്ഞുവെച്ചിട്ടുണ്ട്.

കർഷകരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള യോഗത്തിൽ പങ്കെടുക്കുമ്പോൾ ഫെബ്രുവരി 12ന് രാത്രി തന്റെ എക്സ് തടഞ്ഞു വെച്ചതായി സന്ദേശം ലഭിച്ചുവെന്ന് രമൺദീപ് സിങ് പറഞ്ഞു. സന്ദേശം കേന്ദ്രമന്ത്രി പിയൂഷ് ഗോയിലിനെ കാണിച്ചപ്പോൾ അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതായി ദി വയറിനോട് അദ്ദേഹം പറഞ്ഞു.

2021 ഫെബ്രുവരിയിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയപ്പോഴും സർക്കാർ കർഷക നേതാക്കളുടെയും കാർഷിക യൂണിയനുകളുടെയും പേജുകൾ തടഞ്ഞുവെച്ചിരുന്നു.

2020 ഓഗസ്റ്റിനും 2021 ഡിസംബറിനും ഇടയിൽ നടന്ന കർഷക സമരങ്ങളിൽ ട്വിറ്റർ (ഇന്നത്തെ എക്സ്) വഴിയാണ് തങ്ങളുടെ ആവശ്യങ്ങളും പൊലീസ് നടപടികളും സമരക്കാർ പുറത്തുകൊണ്ടുവന്നിരുന്നത്.

2023 ജൂണിൽ മുൻ എക്സ് സി.ഇ.ഒ ആയിരുന്ന ജേക്ക് ഡോഴ്സി ഇന്ത്യയിൽ സമൂഹമാധ്യമ നെറ്റ്വർക്ക് അടച്ച് പൂട്ടുമെന്ന് ഇന്ത്യൻ സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തിയിരുന്നു.

Content Highlight: Facebook, X withhold multiple accounts linked to farmers’ protest

We use cookies to give you the best possible experience. Learn more