| Friday, 25th January 2019, 10:34 am

ഫേസ്ബുക്ക് സ്വകാര്യ വിവരങ്ങള്‍ വില്‍ക്കാറില്ലെന്ന് ആവര്‍ത്തിച്ച് സക്കര്‍ ബര്‍ഗ്; നടക്കുന്നത് അനാവശ്യ വിവാദമെന്നും സി.ഇ.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്വകാര്യവിവരങ്ങള്‍ വില്‍ക്കാറില്ലെന്ന് ആവര്‍ത്തിച്ച് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അക്കൗണ്ടുകളില്‍ പരസ്യം എത്തുന്നത്. അതിനര്‍ഥം നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കുന്നുണ്ട് എന്നല്ലെന്ന് സക്കര്‍ ബര്‍ഗ് വിശദീകരിച്ചു. വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ ലേഖനത്തിലായിരുന്നു വിശദീകരണം.

അക്കൗണ്ട് ഉപയോഗിക്കുന്ന ആളുടെ താല്‍പര്യവും ആവശ്യവും ഫേസ്ബുക്കിന്റെ നിര്‍മിത ബുദ്ധി തിരിച്ചറിഞ്ഞാണ് അക്കൗണ്ടുകളില്‍ പരസ്യം കാണിക്കുന്നത്. ഫേസ്ബുക്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ വില്‍ക്കാറില്ല- സക്കര്‍ ബര്‍ഗ് വ്യക്തമാക്കി.

ഫേസ്ബുക്കിനെ സംബന്ധിച്ച് 2018ല്‍ നിരവധി തിരിച്ചടികള്‍ നേരിട്ട വര്‍ഷമാണ്. ഫേസ്ബുക്കില്‍ വ്യക്തിയുടെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വമില്ലെന്നതായിരുന്നു ആദ്യ തിരിച്ചടി. കൂടാതെ വിദേശ താല്‍പര്യ സംരക്ഷണത്തിനായും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായും ഫേസ്ബുക്ക്് ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന രീതിയിലും നിരവധി സംഭവങ്ങള്‍ ഉണ്ടായി.

ALSO READ: അമേരിക്കയില്‍ ഭരണപ്രതിസന്ധി 34ാം ദിവസത്തിലേക്ക്: പരിഹരിക്കാന്‍ കൊണ്ടുവന്ന രണ്ട് ബില്ലുകളും സെനറ്റില്‍ പരാജയപ്പെട്ടു

നിലവില്‍ വ്യക്തികള്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന പരസ്യങ്ങളെ സംബന്ധിച്ചാണ് പുതിയ വിവാദം. വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഫേസ്ബുക്ക് വിറ്റുവെന്ന വിമര്‍ശനവും ശക്തമായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സി.ഇ.ഒ.യുടെ വിശദീകരണം. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

“”നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഫേസ്ബുക്കില്‍ എന്താണ് കാണുന്നത്, എന്താണ് ലൈക്ക് ചെയ്യുന്നത്. എന്താണ് ഷെയര്‍ ചെയ്യുന്നത്. ഇതെല്ലാം ഫേസ്ബുക്ക് റെക്കോര്‍ഡ് ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി ഫേസ്ബുക്ക് ബിസിനസ് വിഭാഗം അക്കൗണ്ടുകളിലേക്ക് പരസ്യം നല്‍കും.ഇതാണ് നടക്കുന്നത്””. സക്കര്‍ ബര്‍ഗ് വ്യക്തമാക്കി.

നിലവില്‍ നടക്കുന്ന വിവാദങ്ങള്‍ ബാലിശമാണെന്നും പരസ്യങ്ങളെ തടയാനും വേണ്ടെന്ന് വെയ്ക്കാനും അക്കൗണ്ട് ഉടമയ്ക്ക് സ്വാതന്ത്രമുണ്ടെന്നും സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more