| Saturday, 3rd March 2018, 8:00 pm

പരിഷ്‌കാരം ഉപഭോക്താക്കള്‍ക്ക് പിടിച്ചില്ല; ന്യൂസ്ഫീഡില്‍ മാറ്റം വരുത്താനുള്ള തീരുമാനം ഫേസ്ബുക്ക് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസ് ഫീഡ് പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്‍മാറി. ആല്‍ഗരിതത്തിലെ മാറ്റം ഫേസ്ബുക്ക് പേജുകളുടെയും വ്യക്തികളുടെ പോസ്റ്റുകളെയും കാര്യമായി ബാധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഉപഭോക്താക്കളുടെ പ്രതിഷേധം വ്യാപകമായതോടെയാണ് തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്‍മാറിയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ വലിയൊരു മാറ്റം വരുത്തിയത്. ഇഷ്ടപ്പെട്ട പേജ് ലൈക്ക് ചെയ്തവര്‍ക്ക് പോലും ന്യൂസ് ഫീഡു ലഭിക്കാതെ വന്നു. ഇതോടെ ലക്ഷങ്ങള്‍ ലൈക്ക്‌സുള്ള പേജുകളില്‍ നിന്നുള്ള പോസ്റ്റുകളുടെ റീച്ച് പോലും കുത്തനെ കുറഞ്ഞു.

നിലവിലെ ന്യൂസ് ഫീഡുകള്‍ രണ്ടാക്കി വേര്‍ത്തിരിച്ച് ഉപയോക്താക്കള്‍ക്കു നല്‍കാനുള്ള പദ്ധതിയാണ് പരാജയപ്പെട്ടത്. ആറ് രാജ്യങ്ങളിലാണ് പരീക്ഷണം നടത്തിയതെങ്കിലും ന്യൂസ് ഫീഡിലെ മാറ്റം രാജ്യാന്തര തലത്തിലും കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബോളീവിയ, കംബോഡിയ, ഗ്വാട്ടിമാല, സെര്‍ബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ് രാജ്യങ്ങളിലാണ് ന്യൂസ് ഫീഡ് വിഭജനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. എന്നാല്‍ ഈ നീക്കം കമ്പനിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ന്യൂസ് ഫീഡ് വിഭജനം ഫേസ്ബുക്ക് വേണ്ടെന്ന് വെച്ചത്.

ആറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ മുഴുവന്‍ ഉപഭോക്താക്കളും പരിഷ്‌കാരത്തെ എതിര്‍ത്തു.

We use cookies to give you the best possible experience. Learn more