സ്വകാര്യതാ ലംഘന വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പുതിയ പരിഷ്‌കരണം പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ബ്രൗസിങ് ഹിസ്റ്ററികളും ആപ്പ് ഡാറ്റകളും നീക്കം ചെയ്യാവുന്നതാണ് പുതിയ അപ്‌ഡേറ്റ്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.
വരാനിരിക്കുന്ന എഫ്.8 എന്ന ഫേസ്ബുക്ക് കോണ്‍ഫറന്‍സില്‍ പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്.
Read | വിവാദങ്ങളില്‍ പോറലേല്‍ക്കാതെ ഫേസ്ബുക്ക്; ആദ്യപാദ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന
ബ്രൗസറുകളില്‍ കുക്കി ക്ലിയര്‍ ചെയ്യുന്നത് പോലെ ഫേസ്ബുക്ക് ആക്ടിവിറ്റികളും ഫേസ്ബുക്ക് കുക്കികളും നീക്കം ചെയ്യാവുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം. ബ്രൗസിങ്ങിനിടെ വെബ്‌സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും ഫേസ്ബുക്ക് ശേഖരിച്ച വിവരങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കാമെന്നാണ് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്യുന്നത്. തുടര്‍ന്ന് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് “ഓഫ്” ചെയ്തിടാനും കഴിയും.
എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ മായ്ച്ചുകളയുന്നതിലൂടെ ഫേസ്ബുക്ക് അനുഭവം മോശമാവുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ടൈംലൈനില്‍ പോസ്റ്റുകള്‍ ലഭ്യമാക്കാനുള്ള ഫേസ്ബുക്കിന്റെ കഴിവിനെ ഇത് ബാധിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള ആളുകളില്‍ നിന്നോ പേജുകളില്‍ നിന്നോ ഉള്ള പോസ്റ്റുകള്‍ക്ക് പിന്നീട് മുന്‍ഗണന ലഭിച്ചെന്ന് വരില്ല.
അമേരിക്കയിലെ സെനറ്റില്‍ ഹാജരായപ്പോള്‍ സ്വകാര്യതയെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക്് തനിക്ക് ഉത്തരം പറയാന്‍ സാധിച്ചിരുന്നില്ലെന്നും. ആ ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്തും വിധമുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോഴെന്നും മാര്‍ക്ക് പറഞ്ഞു.