ഐ.ടി ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ പത്ത് ഉദാഹരണങ്ങള്‍
Daily News
ഐ.ടി ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ പത്ത് ഉദാഹരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2015, 4:06 pm

ജിന്‍സി ബാലകൃഷ്ണന്‍


അടുത്തിടെ നവമാധ്യമങ്ങളും ഇന്റര്‍നെറ്റും വ്യാപകമായതോടെ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി ആക്ടിലെ (ഐ.ടി.ആക്ട്‌) 66 എ വകുപ്പ് ചുമത്തി അറസ്റ്റിലാക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള സ്വതന്ത്രമായ പല അഭിപ്രായ പ്രകടനങ്ങളും അപകീര്‍ത്തിപ്പെടുത്തുന്നതായി വ്യാഖ്യാനിച്ച് നിരവധിയാളുകളെ അറസ്റ്റു ചെയ്യാന്‍ ഈ നിയമത്തിലൂടെ അധികാരി വര്‍ഗങ്ങള്‍ക്കു കഴിഞ്ഞു.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ക്കു പുറമേ അത് ലൈക്ക് ചെയ്യുന്നവരും അതില്‍ കമന്റു ചെയ്യുന്നവരും വരെ പ്രതികളായ സംഭവങ്ങളുണ്ട്. കശ്മീരില്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ടാഗ് ചെയ്യപ്പെട്ടതിനാണ് ഒരാളെ അറസ്റ്റു ചെയ്തത്!!

അതുകൊണ്ടുതന്നെ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നതാണെന്ന വിമര്‍ശനം 66 എ വേണ്ടിവോളം ഏറ്റുവാങ്ങിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പരമോന്നത നീതി പീഠം ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞ് റദ്ദാക്കിയിരിക്കുകയാണ്.

കൂടാതെ ഈ വകുപ്പ് പ്രധാനമായും ഉന്നം വെച്ചതാകട്ടെ സോഷ്യല്‍മീഡിയകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയുമായിരുന്നു. അടുത്തകാലത്തായി ഇവ രണ്ടും ജനാധിപത്യത്തില്‍ പുതിയ തുറസുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. അഭിപ്രായപ്രകടനങ്ങള്‍ മാത്രം നടത്തിക്കടന്നുപോയിരുന്ന കാലത്തു നിന്ന് ഇന്ന് ഓണ്‍ ലൈന്‍ ഇടപെടലുകളായി ഇത് മാറുന്ന കാഴ്ചയാണ് നമ്മള്‍ ഇക്കാലത്തിനിടയ്ക്ക് കണ്ടത്.

ഇത്തരം ഇടപെടലുകള്‍ പ്രധാനമായും ജനവിരുദ്ധ സര്‍ക്കാര്‍ നടപടികള്‍, പോലീസ് രാജുകള്‍, എന്നുവേണ്ട ഫാസിസ്റ്റ് പ്രവണതകളെ വരെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി. ഇവയുടെ ഫലമായി പല നയങ്ങളും നിലപാടുകളും അധികാരികള്‍ക്ക് മാറ്റേണ്ടി വന്നു. ആം ആദ്മി പാര്‍ട്ടിയെ പോലെയുള്ള രാഷ്ട്രീയ കക്ഷികള്‍ പോലും രൂപംകൊള്ളുന്നതിന് ഇടയായി എന്നത് ഇന്ന് ഓണ്‍ ലൈന്‍ രംഗത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നതാണ്.

ഇത്തരം ഇടപെടലുകളെ തിരിച്ചറിഞ്ഞാണ് അധികാരികള്‍ ഐ.ടി. ആക്ടിലെ ഈ വകുപ്പ് നിലനിര്‍ത്തിയിരുന്നതും ഇത് കാട്ടി ജനങ്ങളെ, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമായി ഇടപ്പെട്ടിരുന്നവരെയൊക്കെ ഭീഷണിയുടെ നിഴലില്‍ നിര്‍ത്തിയിരുന്നത്/നിശബ്ദമാക്കിയിരുന്നത്.

ഇപ്പോള്‍ ഇത്തരം ഓണ്‍ ലൈന്‍ പ്രസ്ഥാനങ്ങള്‍ക്കാകും, ജനനാധിപത്യ അവകാശങ്ങള്‍ക്കാകും ഈ മര്‍ദ്ദക വകുപ്പ് മാഞ്ഞുപോകുന്നതോടെ കരുത്ത് ലഭിക്കുന്നത്.

ഈ അവസരത്തില്‍ 66 എ പ്രകാരം നടപടി നേരിട്ട ചിലരെ പരിചയപ്പെടാം…

അടുത്ത പേജില്‍ തുടരുന്നു

trivediഅസീം ത്രിവേദി, മുംബൈ, സെപ്റ്റംബര്‍ 2012:

ഉന്നതതലങ്ങളിലെ അഴിമതിയെയും പാര്‍ലമെന്റിനെയും കളിയാക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ തന്റെ വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചതിന് മുംബൈ പോലീസ് അസീം ത്രിവേദിയെ അറസ്റ്റു ചെയ്യുകയായിരുന്നു. മറ്റു നവ മാധ്യമങ്ങളിലൂടെയും കാരിക്കേച്ചറുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റിലെ വനിയൊരു ചരക്കായും ദേശീയ ചിഹ്നത്തില്‍ സിംഹത്തിനുപകരം ചെന്നായ്ക്കളെ ചിത്രീകരിച്ചുള്ളതുമായിരുന്നു ത്രിവേദിയുടെ കാര്‍ട്ടൂണ്‍.

ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റവും ഐ.ടി ആക്ട് 66 എ പ്രകാരവുമാണ് ത്രിവേദിക്കെതിരെ കേസെടുത്തത്.

അടുത്ത പേജില്‍ തുടരുന്നു

   palghar പാര്‍ഗാറിലെ പെണ്‍കുട്ടികള്‍, മുംബൈ, നവംബര്‍ 2012:

ശിവസേന നേതാവ് ബാല്‍താക്കറെയുടെ സംസ്‌കാരദിനത്തില്‍ മുംബൈ നഗരം അടച്ചിട്ടതിനെ ചോദ്യം ചെയ്ത് പോസ്റ്റിട്ടത്തിന് പാര്‍ഗാറിലെ ഷഹീന്‍ ധാഡ, റേനു ശ്രീനിവാസന്‍ എന്നീ പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു.

ആദരവുകൊണ്ടല്ല, ഭയം കൊണ്ടാണ് കടകള്‍ അടച്ചിട്ടതെന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ്. അവരുടെ സുഹൃത്തായ രണ്ടാമത്തെ പെണ്‍കുട്ടി ആ പോസ്റ്റിനു ലൈക്ക് ചെയ്യുകയായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഐ.പി.സി 295 (എ) പ്രകാരവും ഐ.ടി ആക്ട് 66 എ പ്രകാരവുമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കുറ്റം കോടതി തള്ളുകയാണുണ്ടായത്.

അടുത്ത പേജില്‍ തുടരുന്നു

abmikeshഅംബികേഷ് മഹാപാത്ര, സുബ്രത സെന്‍ഗുപ്‌തെ, ജാവേദ്പൂര്‍ ഏപ്രില്‍ 2012:

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിനാണ് ജാവേദ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസറായ അംബികേഷ് മഹാപാത്രയേയും അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ സുബ്രത സെന്‍ഗുപ്തയേയും അറസ്റ്റു ചെയ്തത്. സത്യജിത് റായിയുടെ പ്രമുഖ ചിത്രമായ സോനാര്‍ കേലയിലെ രംഗങ്ങളെ അടിസ്ഥാനപ്പെടുത്തി വരച്ച കാര്‍ട്ടൂണ്‍ ഇമെയില്‍ ചെയ്‌തെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുണ്ടായിരുന്നത്.

ഞങ്ങള്‍ ഒരാളെ അപ്രത്യക്ഷനാക്കിയെന്നു പറഞ്ഞ് രണ്ട് ക്രിമിനലുകള്‍ ഒരു ആണ്‍കുട്ടിയെ പറ്റിക്കുന്നതാണ് രംഗം. കാര്‍ട്ടൂണില്‍ മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയെ അപ്രത്യക്ഷപ്പെട്ടയാളായി ചിത്രീകരിച്ചു.

“ആരെങ്കിലും തെറ്റു ചെയ്യുകയാണെങ്കില്‍ അറസ്റ്റും പ്രതീക്ഷിക്കണം, ഗൂഢാലോചന വെച്ചുപൊറുപ്പിക്കില്ല” എന്നായിരുന്നു ഈ വിഷയത്തില്‍ മമതാ ബാനര്‍ജിയുടെ പ്രതികരണം. തന്നെ വധിക്കണമെന്ന സന്ദേശവും കാര്‍ട്ടൂണിനുള്ളിലുണ്ടെന്ന് മമത അവകാശപ്പെട്ടിരുന്നു.

ഇരുവര്‍ക്കുമെതിരെ 93 പേജുള്ള കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. തന്റെ ചെയ്തികളില്‍ പശ്ചാത്താപമില്ലെന്നായിരുന്നു മഹാപാത്ര പറഞ്ഞത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഇവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

അടുത്ത പേജില്‍ തുടരുന്നു

raoഎയര്‍ ഇന്ത്യ തൊഴിലാളികള്‍, മുംബൈ, മെയ് 2012:

പ്രധാനമന്ത്രിയെക്കുറിച്ചും മറ്റ് രാഷ്ട്രീയക്കാരെക്കുറിച്ചും മോശമായ തമാശ പ്രചരിപ്പിച്ചു, ദേശീയ പതാകയെ നിന്ദിച്ചു എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ തൊഴിലാളികളായ മായങ്ക് മോഹന്‍ ശര്‍മ, കെ.വി.ജെ റാവു എന്നിവരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു.

ഇന്റര്‍നെറ്റില്‍ എളുപ്പം ലഭിക്കാവുന്ന ചില വിവരങ്ങള്‍ ഷെയര്‍ ചെയ്യുകമാത്രമാണ് ഇരുവരും ചെയ്തത്. 12 ദിവസം ജയിലില്‍ കഴിഞ്ഞ ഇവര്‍ മാസങ്ങള്‍ക്കു മുമ്പാണു കുറ്റവിമുക്തരാക്കപ്പെട്ടത്.

അടുത്ത പേജില്‍ തുടരുന്നു

kishoriകിഷ്ത്വാര്‍ യുവാക്കള്‍, ജമ്മു കശ്മീര്‍, ഒക്ടോബര്‍ 2012:

ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ ടാഗ് ചെയ്യപ്പെട്ടതിനാണ് കിഷ്ത്വാര്‍ ജില്ലയിലുള്ള മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തത്. ദൈവത്തെ നിന്ദിക്കുന്ന തരത്തിലുള്ള വീഡിയോ ആണിതെന്നായിരുന്നു ആക്ഷേപം.

കിശോരി ശര്‍മ, ബാന്‍സി ലാല്‍, മോതി ലാല്‍ ശര്‍മ്മ എന്നിവര്‍ക്കെതിരാണ് കേസെടുത്തത്. എന്നാല്‍ ഈ വീഡിയോ ഇവരാണ് അപ്ലോഡ് ചെയ്തത് എന്നതിനു പോലീസിന്റെ പക്കല്‍ യാതൊരു തെളിവുമില്ല.

അടുത്ത പേജില്‍ തുടരുന്നു

ravi രവി ശ്രീനിവാസന്‍, ഒക്ടോബര്‍, 2012:

കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായി ട്വിറ്റര്‍ സന്ദേശമിട്ടതിനാണ് പോണ്ടിച്ചേരി ബിസിനസുകാരനായ രവി ശ്രീനിവാസനെ അറസ്റ്റു ചെയ്തത്.

അടുത്ത പേജില്‍ തുടരുന്നു

bharatiകന്‍വാല്‍ ഭാരതി, ഉത്തര്‍പ്രദേശ്, ആഗസ്റ്റ് 2013:

കവിയും എഴുത്തുകാരനുമായ കന്‍വാല്‍ ഭാരതിയെ ഫേസ്ബുക്ക് സന്ദേശത്തിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്. മണല്‍ മാഫിയയ്‌ക്കെതിരെ പൊരുതിയ ഐ.എ.എസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്റ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പോസ്റ്റിന്റെ പേരിലായിരുന്നു നടപടി.

രാംപൂരില്‍ പഴയ മദ്രസ് തകര്‍ത്തതിനു ഒരു ഓഫീസറെപ്പോലും ശിക്ഷിക്കാതിരുന്നപ്പോള്‍ പള്ളിയുടെ ഭാഗമായ മതില്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട നാഗ്പാലിനെ സസ്‌പെന്റ് ചെയ്തത് എന്തുകൊണ്ടാണ് ഭാരതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലാണ് ആ നഗരം എന്നതിനാലാണതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഭാരതിക്ക് വസ്ത്രം മാറാനുള്ള സമയം പോലും അനുവദിക്കാതെ അദ്ദേഹത്തെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി അറസ്റ്റു ചെയ്യുകയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

രാജേഷ് കുമാര്‍, കേരള, ആഗസ്റ്റ് 2014:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന കമന്റും ഫോട്ടോസും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിനാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ രാജേഷ്‌കുമാറിനെ പോലീസ് അറസ്റ്റു ചെയ്തത്.

പോസ്റ്റു ചെയ്ത ചിത്രങ്ങളിലൊന്നില്‍ മോദിയുടെ മുഖത്ത് ഷൂവിന്റെ പ്രിന്റ് ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഒരു പോസ്റ്റിലുള്ള കമന്റ് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും പോലീസ് ആരോപിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

azam-khanപ്ലസ് വണ്‍ വിദ്യാര്‍ത്ഥി, രാംപൂര്‍, മാര്‍ച്ച് 2015:

ഉത്തര്‍പ്രദേശ് മന്ത്രി അസിംഖാനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തത്.

വിദ്യാര്‍ത്ഥിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയെ അറസ്റ്റു ചെയ്യാനുണ്ടായ സാഹചര്യം സംബന്ധിച്ച് സുപ്രീം കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

salmanസല്‍മാന്‍, കേരളം, ആഗസ്റ്റ് 20:

സോഷ്യല്‍ മീഡിയയില്‍ സ്വാതന്ത്ര്യദിനത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് സല്‍മാനെതിരെ 66 എ പ്രകാരം കേസെടുത്തത്. “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല” എന്ന സിനിമാ ഗാനത്തിന്റെ പാരടിയായിരുന്നു സല്‍മാന്‍ പോസ്റ്റു ചെയ്തത്.

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ ആഗസ്റ്റ് 19നാണ് സല്‍മാന്‍ അറസ്റ്റിലായത്. ആഗസ്റ്റ് 18 ന് തിരുവനന്തപുരം നിള തീയറ്ററില്‍ ദേശീയ ഗാനമാലപിച്ചപ്പോള്‍ സിനിമ കാണനെത്തിയ സല്‍മാനും കൂട്ടരും എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം. തീയറ്ററിലുണ്ടായിരുന്ന മുന്‍പരിചയക്കാരായ ചിലര്‍ ഇത് പ്രശ്‌നമാക്കിയപ്പോള്‍ സല്‍മാനും കൂട്ടരും കൂവിയെന്നും പറയുന്നു.

ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളിലൂടെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് സല്‍മാനെതിരെ കേസെടുത്തത്.