കോഴിക്കോട്: കഴിഞ്ഞവര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സിന് നാലുപാടു നിന്നും അഭിനന്ദനപ്രവാഹമാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രമാണ് ഇന്ദ്രന്‍സിന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. ട്രോള്‍ലോകവും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് തങ്ങളുടെ സ്വന്തം ഇന്ദ്രന്‍സ് ചേട്ടനെ.
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതു മുതല്‍ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇന്ദ്രന്‍സിന് വൈകി ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം വിളിച്ചു പറയുന്ന ട്രോളുകളായിരുന്നു ഏറെയും.
മികച്ച നടനുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സ് ചേട്ടനാണെന്ന് അറിഞ്ഞ സാധാരണക്കാരനായ സിനിമാപ്രേമിയെ ട്രോളുകളില്‍ കാണാം. ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം തനിക്കാണെങ്കിലും ഏഷ്യാനെറ്റ് അവാര്‍ഡ് മാസ്റ്റര്‍ പീസിലെ മമ്മൂക്കയ്ക്കാണെന്ന് “ആടി”ലെ ശശിയാശാന്റെ സ്റ്റൈലില്‍ പറയുന്ന ഇന്ദ്രന്‍സും ട്രോളില്‍ ഉണ്ട്.
പുരസ്‌കാരം കിട്ടിയത് വൈകിയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് “ഇതൊരു തുടക്കം മാത്രം!” എന്ന ഇന്ദ്രന്‍സിന്റെ പഞ്ച് മറുപടിയും ട്രോളന്മാര്‍ ആഘോഷമാക്കിയിട്ടുണ്ട്. കല്യാണം കഴിക്കാന്‍ മിനിമം താലികെട്ടാനുള്ള ആരോഗ്യമെങ്കിലും വേണമെന്നു പറയുന്ന പഞ്ചാബിഹൗസിലെ രമണനോട് താലികെട്ടാനുള്ള ആരോഗ്യം മാത്രമല്ല, മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാനുള്ള ആരോഗ്യവും ഈ ശരീരത്തിനുണ്ടെന്ന് തിരിച്ചടിക്കുന്ന ഇന്ദ്രന്‍സും ട്രോള്‍ വായനക്കാരെ ചിരിപ്പിക്കുന്നു.
ഇന്ദ്രന്‍സിനുള്ള അഭിനന്ദന ട്രോളുകള്‍ മാത്രമല്ല, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട വേറേയും നിരവധി ട്രോളുകള്‍ ഉണ്ട്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കാണെന്നു കേട്ട് സന്തോഷിക്കുകയും അത് “അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിന് അല്ല എന്നറിഞ്ഞ് ഞെട്ടുകയും ചെയ്യുന്ന ആരാധകനും ഉണ്ട് ട്രോളില്‍.
എല്ലാ വര്‍ഷവും മോഹന്‍ലാലിനോ മമ്മൂട്ടിയ്‌ക്കോ മാത്രം പുരസ്‌കാരം നല്‍കുന്ന ഏഷ്യാനെറ്റിനേയും ട്രോളന്മാര്‍ കണക്കിന് പരിഹസിച്ചു. സ്വന്തം നിലപാട് പരസ്യമായി പറഞ്ഞതിന് സൈബര്‍ ആക്രമണം നേരിട്ട നടി പാര്‍വ്വതിയുടെ നിശ്ചയദാര്‍ഢ്യത്തേയും ട്രോളന്മാര്‍ അഭിനന്ദിച്ചു. അര്‍ഹതയുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയ സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ട്രോളുകളും കൂട്ടത്തിലുണ്ട്. പുരസ്‌കാര നിര്‍ണ്ണയത്തിനായി സിനിമ കാണുന്ന ജൂറിമാരുടെ “കദനകഥകളും” ട്രോളുകളില്‍ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.
ട്രോളുകള്‍ കാണാം:
ട്രോളുകള്‍ക്ക് കടപ്പാട്: ട്രോള്‍ മലയാളം, ഐ.സി.യു, ട്രോള്‍ റിപ്പബ്ലിക്ക്, etc.