മേരാ ഭാരത് എന്ന് ഉണ്ണി മുകുന്ദന്‍; 'എന്റെ ഇന്ത്യ' എന്ന് മൊഴിമാറ്റി ഫേസ്ബുക്ക്: ട്രോള്‍
Entertainment news
മേരാ ഭാരത് എന്ന് ഉണ്ണി മുകുന്ദന്‍; 'എന്റെ ഇന്ത്യ' എന്ന് മൊഴിമാറ്റി ഫേസ്ബുക്ക്: ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th September 2023, 7:14 pm

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്ന് ഭാരത് ആക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന പ്രമുഖരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഭാരത് നിറയുകയാണ്.

അത്തരത്തില്‍ ‘മേരാ ഭാരത്’ എന്ന പോസ്റ്റുമായി എത്തിയ ഉണ്ണി മുകുന്ദനാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്.
മേരാ ഭാരത് എന്ന് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെ ഫേസ്ബുക്ക് തന്നെ മൊഴിമാറ്റുന്നത് ‘എന്റെ ഇന്ത്യ’ എന്നാണ്.

ഈ മൊഴിമാറ്റമാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ നിറയുന്നത്. പേര് മാറ്റല്‍ ഉദ്ദേശിച്ച് പോസ്റ്റ് ചെയ്തപ്പോള്‍ ഫേസ്ബുക്ക് തന്നെ ഇത്തരത്തില്‍ മൊഴിമാറ്റിയത് നന്നായി എന്നാണ് ട്രോളുകള്‍.

ഭാരത് എന്നത് ഇന്ത്യ എന്നാക്കി ഫേസ്ബുക്ക് തന്നെ തിരുത്തിയെന്നും, ശാസ്ത്രം മുന്നോട്ടും സംഘികള്‍ പിന്നോടും ആണെന്നത്തിന് പുതിയൊരു തെളിവ് കൂടി ആയി എന്നൊക്കെയാണ് കമന്റുകള്‍.

എന്തായാലും ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്നാണ് സൂചന.

 

ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 9,10 തിയ്യതിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നാണ് എഴുതിയത്. കോണ്‍ഗ്രസ് നേതാവ് ജയം രമേശാണ് ഈ കാര്യം ചൂണ്ടിക്കാണിച്ച് എക്‌സില്‍ ട്വീറ്റ് ചെയ്തത്.

Content Highlight: Facebook translation of unni mukundhan post about india’s name renaming gets trolls on social media