വാഷിങ്ടണ്‍: ആസാമിലെ കലാപത്തെ തുടര്‍ന്ന് വര്‍ഗീയത പരത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഫേസ്ബുക്കിന്റെ തീരുമാനം. []
അപകീര്‍ത്തികരമായ സന്ദേശങ്ങളോ, വീഡിയോകളോ പോസ്റ്റ് ചെയ്യുന്നത് നീക്കം ചെയ്യുമെന്നും ആവശ്യമെങ്കില്‍ ഇത്തരം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കി.
ഫേസ്ബുക്ക് ഇതിനകം തന്നെ കലാപവുമായി ബന്ധപ്പെട്ട പല അപകീര്‍ത്തികരമായ സന്ദേശങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ചില പേജുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ സ്വകാര്യതാ പ്രശ്‌നങ്ങള്‍ കാരണം ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഫേസ്ബുക്ക് നടപടിയെടുത്തശേഷവും ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതായി കണ്ടാല്‍ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ട്വിറ്ററിനോടും ഇതേ ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചെങ്കിലും അവര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.