World News
ആ ഭീമന്‍ കരാര്‍ പ്രാബല്യത്തില്‍; മര്‍ഡോക്ക് തുറന്നുവിട്ട 'ഭൂതം' ഇനിയാരെ വിഴുങ്ങുമെന്ന് നോക്കി ഫേസ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 16, 05:28 am
Tuesday, 16th March 2021, 10:58 am

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിന്ന് പിന്‍വാങ്ങുമെന്നതുള്‍പ്പെടെയുള്ള ഫേസ്ബുക്കിന്റെ ഭീഷണികള്‍ നടക്കാതെ വന്നതോടെ റൂപര്‍ട്ട് മര്‍ഡോക്കിന് മുന്നില്‍ വഴങ്ങി ഫേസ്ബുക്ക്.

വാര്‍ത്തകള്‍ക്ക് ഓസ്‌ട്രേലിയന്‍ മാധ്യമ സ്ഥാപനമായ ന്യൂസ്‌കോര്‍പ്പിന് പണം നല്‍കാമെന്ന ധാരണയില്‍ ഇരുപാര്‍ട്ടികളും എത്തിച്ചേര്‍ന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായതിന് പിന്നാലെയാണ് ഫേസ്ബുക്ക് മര്‍ഡോക്കുമായി കരാറിലെത്തിയത്.

മൂന്ന് വര്‍ഷത്തേക്കാണ് ഫേസ്ബുക്കും ന്യൂസ് കോര്‍പ്പും കരാറില്‍ എത്തിച്ചേര്‍ന്നത്. കരാറിന്റെ മൂല്യം വെളിപ്പെടുത്താന്‍ മര്‍ഡോക്ക് തയ്യാറായിട്ടില്ല. ഓസ്‌ട്രേലിയയിലെ 70 ശതമാനത്തോളം മാധ്യമ സ്ഥാപനങ്ങള്‍ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലാണ്. ദ ഓസ്‌ട്രേലിയന്‍, ഡെയിലി ടെലഗ്രാഫ്, ഹെറാള്‍ഡ് സണ്‍ തുടങ്ങിയവയും ന്യസ്‌കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഫോക്‌സ് ന്യൂസും മര്‍ഡോക്കിന്റെ ന്യുസ്‌കോര്‍പ്പാണ് നിയന്ത്രിക്കുന്നത്. ന്യൂസ്‌കോര്‍പ്പിന്റെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ ഫേസ്ബുക്ക് പണം നല്‍കുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലും പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ ന്യൂസ്‌കോഡിനെ എതിര്‍ത്ത ഗൂഗിള്‍ ന്യൂസ് കോര്‍പ്പുമായി കരാറിലെത്തിയിരുന്നു.

നേരത്തെ പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് തങ്ങളുടെ ഫീഡിലൂടെ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ യൂസേഴ്സിന്റെ വാളില്‍ ന്യൂസ് കണ്ടന്റുകള്‍ പുനഃസ്ഥാപിക്കാന്‍ ഫേസ്ബുക്ക് തയ്യാറാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ന്യൂസ് കോര്‍പ്പുമായി കരാറിലെത്തിയത്.

അതേസമയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് മാധ്യമ മേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ മര്‍ഡോക്കിന്റെ സമ്മര്‍ദ്ദം മൂലമാണ് പുതിയ നിയമം സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ ധൃതിപ്പെട്ട് പാസാക്കിയതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം പ്രസ്തുത നിയമം മറ്റു രാജ്യങ്ങളിലും പ്രാബല്യത്തില്‍ വരുമോ എന്ന ആശങ്കയിലാണ് ഫേസ്ബുക്ക്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിയമം പാസാക്കിയതിന് പിന്നാലെ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇത് വലിയ ആശങ്കയാണ് ഫേസ്ബുക്കിന് ഉണ്ടാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook to pay News Corp for content in Australia