Facebook
'ടൈപ്പ് ചെയ്യേണ്ട, പറഞ്ഞാല്‍ മതി'; ഇനി ഫേസ്ബുക്കില്‍ വോയിസ് സ്റ്റാറ്റസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 06, 09:24 am
Tuesday, 6th March 2018, 2:54 pm

എന്തിനും ഏതിനും ഫേസ്ബുക്കില്‍ പ്രതികരിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ടും സമയക്കുറവ് കൊണ്ടും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാത്ത ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്. അവരെക്കൂടെ ഉദ്ദേശിച്ച് അപ്‌ഡേറ്റിനൊരുങ്ങുകയാണ് ഫേസ്ബുക്ക്. പുതിയ അപ്‌ഡേറ്റില്‍ വോയിസ് സ്റ്റാറ്റസ് സംവിധാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ചിലര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുണ്ടെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഫേസ്ബുക്ക് എപ്പോഴും ഉപഭോക്താക്കളെ സുഹൃത്തുക്കളും കുടുംബവുമായി ചേര്‍ത്തു നിര്‍ത്താന്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. വോയിസ് സ്റ്റാറ്റസുകള്‍ അവര്‍ക്ക് പുതിയൊരു മാധ്യമം തുറന്നിടുകയാണ്.”- ഫേസ്ബുക്ക് വക്താവ് ടെക്ക്രഞ്ചിനോട് പറഞ്ഞു.

നിലവില്‍ വീഡിയോ സ്റ്റാറ്റസ് സംവിധാനമുണ്ടെങ്കിലും വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് അധികപേരും ഉപയോഗിക്കുന്നില്ല. മുഖം കാണിക്കാനുള്ള വിമുഖതയും ക്യാമറ ക്വാളിറ്റിയില്ലായ്മയും കാരണം മാറി നില്‍ക്കുന്ന അത്തരക്കാരെ കൂടി പരിഗണിച്ചാണ് പുതിയ അപ്‌ഡേറ്റ്.

സ്റ്റാറ്റസ് കമ്പോസറിന്റെ താഴെയായിട്ടാവും പുതിയ വോയിസ് സ്റ്റാറ്റസ് ബട്ടണ്‍ ഉണ്ടാവുക. നിലവില്‍ വോയിസ് ക്ലിപ്പിന് ഫേസ്ബുക്ക് സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വോയിസ് ക്ലിപ്പ് കേള്‍ക്കാനുള്ള സൗകര്യവുമുണ്ട്. പുതിയ അപ്‌ഡേറ്റ് ഉടന്‍തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രങ്ങള്‍: ടെക് ക്രഞ്ച്