'റോഹിംഗ്യന്‍ വംശഹത്യക്ക് ഉത്തരവാദി ഫേസ്ബുക്ക്, വിദ്വേഷ പ്രചരണം വഴി ലാഭം കൊയ്തു'; റോഹിംഗ്യകള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണം: ആംനെസ്റ്റി ഇന്റര്‍നാഷനല്‍
World News
'റോഹിംഗ്യന്‍ വംശഹത്യക്ക് ഉത്തരവാദി ഫേസ്ബുക്ക്, വിദ്വേഷ പ്രചരണം വഴി ലാഭം കൊയ്തു'; റോഹിംഗ്യകള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണം: ആംനെസ്റ്റി ഇന്റര്‍നാഷനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 5:27 pm

ലണ്ടന്‍: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വംശഹത്യയില്‍ ഫേസ്ബുക്ക് ഉത്തരവാദികളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങള്‍ക്ക് ഇന്ധനമേകിയ കമ്പനി റോഹിംഗ്യകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

‘സാമൂഹിക അതിക്രമം: മെറ്റയും റോഹിംഗ്യകള്‍ക്കുള്ള പ്രതിവിധി അവകാശവും (The Social Atrocity: Meta and the right to remedy for the Rohingya)’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകള്‍ക്കെതിരെ മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള അല്‍ഗോരിതം വഴി ഫേസ്ബുക്ക് ലാഭം കൊയ്യുകയായിരുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലാമാര്‍ഡ് ആരോപിച്ചു. വിദ്വേഷ പ്രചരണം നിയന്ത്രിക്കാത്തതിന് ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്കില്‍ നടന്ന റോഹിംഗ്യാ വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ മ്യാന്മറിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ 2012 മുതല്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനോട് അനുകൂലമായ പ്രതികരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായില്ല. പകരം, ഫേസ്ബുക്കിന്റെ അല്‍ഗോരിതം ഇത്തരത്തിലുള്ള ന്യൂനപക്ഷ വിദ്വേഷങ്ങള്‍ പരത്തുന്ന തരത്തിലുള്ള വിഡിയോ അടക്കമുള്ള കണ്ടന്റുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്ന തരത്തിലായിരുന്നുവെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മ്യാന്‍മറില്‍ ഫേസ്ബുക്ക് കൂടുതല്‍ ജനപ്രിയമായി വരുന്ന ഘട്ടമായിരുന്നു ഇത്. ഈ സമയത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയുള്ള വിദ്വേഷ പ്രചാരങ്ങള്‍ സമൂഹത്തെ വലിയ തോതില്‍ സ്വാധീനിച്ചതാണ് പിന്നീടുണ്ടായ അതിക്രമങ്ങളിലും വംശഹത്യയിലും കലാശിച്ചതെന്നാണ് ആംനെസ്റ്റി പറയുന്നത്.

2017ലാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ റോഹിംഗ്യാ വംശഹത്യ നടന്നത്. സംഭവത്തില്‍ നൂറുകണക്കിനു റോഹിംഗ്യകള്‍ കൊല്ലപ്പെടുകയും ഏഴു ലക്ഷത്തോളം പേര്‍ ഭവനരഹിതരായി വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയുമുണ്ടായി.

2017ല്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ വിചാരണ തുടരുകയാണ്.

എന്നാല്‍, ആംനെസ്റ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ മെറ്റ തയ്യാറായിട്ടില്ല. റോഹിംഗ്യകള്‍ക്കെതിരായ അതിക്രമങ്ങളെ ആളിക്കത്തിക്കുന്നതില്‍ ഫേസ്ബുക്ക് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നേരത്തെ യു.എന്‍ അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു.

2018ല്‍ മര്‍സൂകി ഡാറുസ്മാന്റെ നേതൃത്വത്തില്‍ നടന്ന യു.എന്‍ റോഹിംഗ്യ വംശഹത്യാ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്കിനെതിരെ കണ്ടെത്തലുകളുള്ളത്. തങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ തടയുന്നതില്‍ വീഴ്ചകാണിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ നിന്ന് 150 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Facebook Systems Promoted Violemce Against Rohingya; Meta Company Owes Repartations Says Amnesty International