തൃശൂര്‍: തൃശൂര്‍ കല്യാണ്‍ സാരീസിലെ തൊഴിലാളി വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ മാനേജ്‌മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് ആറോളം വനിതാ ജീവനക്കാര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ് ബുക്ക് കൂട്ടായ്മ. “ന്നാ മ്മളും ഇരിക്ക്യല്ലെ ഗഡിയെ” എന്ന പേരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചുമണിവരെയാണ് നടക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി “ന്നാ മ്മളും ഇരിക്ക്യല്ലേ ഗഡിയെ..” എന്ന പേരില്‍ ആരംഭിച്ച ഫേസ് ബുക്ക് പേജും ഇവന്റും നേരത്തെ ആരംഭിച്ചിരുന്നു.
ഇരുനൂറിലധികം വരുന്ന ആളുകളാണ് സമരത്തിന് ഐക്യദാര്‍ഢ്യ അര്‍പ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. സമരത്തിന് പിന്തുണയര്‍പ്പിച്ചു കൊണ്ട് തൃശൂരിലെ
കല്യാണ്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പിലായി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കല്യാണിന് മുമ്പില്‍ സമരം തുടങ്ങിയിട്ട് ഏകദേശം രണ്ടര മാസത്തോളമായിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ നീതികേടിനെതിരെ 250ല്‍ അധികം പേര്‍ ഒപ്പിട്ട നിവേദനം തൃശൂര്‍ പ്രസ് ക്ലബിലെ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
ഐക്യദാര്‍ഢ്യവുമായെത്തിയ ഫേസ് ബുക്ക് കൂട്ടായ്മയെ സമരസമിതി കണ്‍വീനര്‍ എസ്.കെ പത്മിനി അഭിസംബോധന ചെയ്തു. സമരത്തിന് ഹസ്‌ന ഷാഹിദ, ലാസര്‍ ഷൈന്‍, ടി.എന്‍ സന്തോഷ, ദിനില്‍, ദിവ്യ ഡി.വി,ഷഫീക്ക് എച്ച് തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. സമര സമിതിക്കായി പിരിച്ചെടുത്ത 40200 രൂപയും പ്രവര്‍ത്തകര്‍ സമര സമിതിക്ക് കൈമാറി.
ഡിസംബര്‍ 30നാണ് തൃശൂരിലെ കല്യാണ്‍ സാരീസിന് മുമ്പില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നത്. സമരം തുടങ്ങിയിട്ട് ഏകദേശം 69 ദിവസങ്ങള്‍ പിന്നിടുമ്പോഴും മുഖ്യധാര മാധ്യമങ്ങളടക്കം കടുത്ത അവഗണനയാണ് സമരത്തോട് പുലര്‍ത്തുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ സമരത്തിനു ആഹ്വാനം ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ കമന്റ് ബോക്‌സില്‍ ഇരിക്കല്‍ സമരത്തെക്കുറിച്ച് കമന്റുകള്‍ നിറച്ചു കൊണ്ടായിരുന്നു സമരം. ഇതിനു പിന്നാലെയാണ് മാര്‍ച്ച് എട്ടിന് ഐക്യദാര്‍ഢ്യസമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.
ദിവസവും 11 മുതല്‍ 12 മണിക്കൂര്‍ വരെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭ്യമാക്കുന്നില്ല. ഇതിനെതിരെ പ്രതികരിച്ചതിന് ആറു തൊഴിലാളികളെയാണ് സ്ഥലംമാറ്റം എന്ന വ്യാജേന കല്ല്യാണ്‍ സാരീസ് പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക് വഴിമാറിയത്. നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് അസംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ജോലി സമയമത്രയും അതായത് 10 മണിക്കൂറിലധികം മുഴുവനും നില്‍ക്കണം. ഇരിക്കാന്‍ പാടില്ല. അതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോകാന്‍ പറ്റില്ല. ഒന്നില്‍ക്കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ പോകാന്‍ അനുമതി തേടിയാല്‍ “നിനക്കൊക്കെ ഓസ് ഫിറ്റ് ചെയ്ത് നടന്നാല്‍ പോരെടീ” എന്ന ചോദ്യം വരും. ഇതു ഭയന്ന് ജോലി സമയമത്രയും വേദനസഹിച്ച് നില്‍ക്കേണ്ട സ്ഥിതിയാണിവര്‍ക്ക്.
മാസത്തില്‍ രണ്ട് ഞായറാഴ്ച മാത്രമാണ് ഇവര്‍ക്ക് അവധി അനുവദിച്ചിട്ടുള്ളത്. വിശ്രമസമയം പോലും ഇവര്‍ക്ക് അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരരംഗത്തെത്തിയത്. ഇരിക്കല്‍ സമരത്തിനു ശക്തമായ പിന്തുണയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിച്ചിരുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇരിക്കല്‍ സമരത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.
തൃശൂര്‍ പ്രസ് ക്ലബ് പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ച നിവേദനം
പ്രിയപ്പെട്ട പത്രമുതലാളിമാരെ, പത്രപ്രവര്‍ത്തകരെ
ഇക്കഴിഞ്ഞ രണ്ടര മാസമായി തൃശൂരിലെ കല്യാണ്‍ സാരീസിന് മുന്നില്‍ അവിടത്തെ തൊഴിലാളികള്‍ സ്ഥലം മാറ്റലിനെതിരെ( അഥവാ പിരിച്ച് വിടലിനെതിരെ) “ഇരിക്കല്‍ സമരം”നടത്തി വരികയാണ്. നിങ്ങളുടെ മൂക്കിന് തുമ്പത്ത് നടന്ന് വരുന്ന നിങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണ്. ഇത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല. ജനപക്ഷത്ത് നില്‍ക്കേണ്ട നിങ്ങള്‍ സമരത്തില്‍ നിശബ്ദദ പാലിക്കുന്നത് മാധ്യമ നീതി കേടാണ്. ഇനിയെങ്കിലും നിങ്ങള്‍ മൗന വാല്‍മീകങ്ങളില്‍ നിന്ന് പുറത്ത് വരികയും ” ഇരിക്കല്‍ സമരത്തോട് നീതി കാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അഭ്യര്‍ത്ഥിക്കുന്നു.
ഫേസ്ബുക്ക് കൂട്ടായ്മ “ന്നാ മ്മളും ഇരിക്ക്യല്ലെ ഗഡിയെ” നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തിന്റെ ചിത്രങ്ങള്‍
ഷറഫുദ്ദീന്‍ വി ഹൈദര്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍