പെണ്‍കുട്ടിയും അമ്മയും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണമുള്‍പ്പെട്ട ഫേസ്ബുക്ക് ചാറ്റുകളുടെ വിശദാംശങ്ങളാണ് ടെക് ഭീമന്‍ പൊലീസിന് കൈമാറിയത്. അതേസമയം ഫേസ്ബുക്കിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
ഗര്‍ഭഛിദ്രം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന യു.എസ് പൊലീസിന് ഫേസ്ബുക്ക് എല്ലാ ‘സഹായവും’ ചെയ്തുകൊടുത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. അബോര്‍ഷന്റെ നടപടിക്രമങ്ങള്‍ തടയുന്നതിനുള്ള ഒരു ടൂളായി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയും ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.
ഗര്‍ഭഛിദ്രം നടത്തിയ 17 വയസുകാരിയും അമ്മയും തമ്മിലുള്ള ചാറ്റ് ഫേസ്ബുക്ക് യു.എസിലെ മധ്യപടിഞ്ഞാറന്‍ സംസ്ഥാനമായ നബ്രാസ്‌കയിലെ പൊലീസിന് കൈമാറുകയായിരുന്നു. ഇതോടെ ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന സുപ്രീംകോടതിയുടെ വിധി യു.എസില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുകയാണ്.
ഇതോടെയാണ് ഫേസ്ബുക്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
17 വയസ്സുള്ള മകളെ ഗര്‍ഭം അലസിപ്പിക്കാന്‍ സഹായിച്ചുവെന്നാരോപിച്ചാണ് 41കാരിയായ ജെസീക്ക ബര്‍ഗെസിനെതിരെ കേസെടുത്തിരിക്കുന്നത്.
വന്‍കിട ടെക് കമ്പനികളുടെ പക്കല്‍ ഉപയോക്താക്കളുടെ ലൊക്കേഷനുകളും മറ്റ് വ്യക്തി വിവരങ്ങളും ഉള്ളതിനാല്‍, സുപ്രീംകോടതി വിവാദ വിധി പുറപ്പെടുവിച്ചതിന് ശേഷം വിവിധ അഭിഭാഷകര്‍ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘സര്‍ക്കാരും നിയമവും ഞങ്ങളോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്നു’ എന്നാണ് ഉപയോക്താക്കളുടെ ഡാറ്റ കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുവന്ന പ്രതികരണം.
ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചുകൊണ്ടുള്ള വിവാദ വിധി യു.എസ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
1973ലെ Roe Vs Wade വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം കോടതി എടുത്തുകളഞ്ഞത്. കോടതി വിധിക്കെതിരെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
അതേസമയം, കോടതിവിധിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിധിയെ അപലപിച്ചിരുന്നു.
എന്നാല്‍ വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുന്‍ യു.എസ് പ്രസിഡന്റും റിപബ്ലിക്കന്‍ നേതാവുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
യു.എസിനകത്തും പുറത്തും വിധിക്കെതിരെ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറിയിരുന്നു.
Content Highlight: Facebook sparked outrage for complying with US police probing an abortion case