| Thursday, 19th August 2021, 12:03 pm

പുലികളി കലാകാരന്മാരെ അണിനിരത്തി ഓണക്കാല ഹ്രസ്വചിത്രവുമായി ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്ക് പകിട്ട് വര്‍ധിപ്പിക്കുകയാണ് ഫേസ്ബുക്ക്.

ഓണക്കാലത്തെ ഉത്സവപ്രതീതിക്ക് മാറ്റു കൂട്ടാനായി ഈ വര്‍ഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വചിത്രം അവതരിപ്പിച്ചു കൊണ്ടാണ് ഫേസ്ബുക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം അകലം പാലിച്ചു നില്‍ക്കുന്ന സമൂഹത്തെ വിര്‍ച്വല്‍ തലത്തില്‍ സംസ്‌കാരികമായി ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓണക്കാലത്ത് ഫേസ്ബുക്ക് ഇത്തരമൊരു സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഹ്രസ്വചിത്രത്തിനായി ഫേസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നത് ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കുന്ന പുലികളി എന്ന കലാരൂപത്തെയാണ്.

കഴിഞ്ഞ ഓണക്കാലത്ത് കൊവിഡ് 19 ന്റെ വ്യാപനം മൂലം സാരമായി ബാധിക്കപ്പെടുമായിരുന്ന പുലികളിയെ തത്സമയ ഫേസ്ബുക്ക് അവതരണങ്ങളിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ച് വിജയിച്ച അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ അംഗങ്ങളെ അണിനിരത്തിയാണ് ഫേസ്ബുക്ക് ഇത്തവണ വിര്‍ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായ ഹ്രസ്വചിത്രം നിര്‍മിച്ചിട്ടുള്ളത്.

‘ജനങ്ങള്‍ ഒറ്റയ്ക്കു നില്‍ക്കുന്നതിനു പകരം, ഒരുമിച്ചു നിന്നാല്‍ കൂടുതല്‍ ഫലവത്തായ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നതാണ് ഫേസ്ബുക്ക് വിശ്വസിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഞങ്ങള്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ഈ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. തികച്ചും അസാധാരണമായ ഇന്നത്തെ സാഹചര്യങ്ങളില്‍ അതിജീവനത്തിന്റെയും ഒപ്പം ആഘോഷത്തിന്റെയും പലവഴികള്‍ തുറന്നിടാമെന്നു ഈ ഹ്രസ്വചിത്രം ഓര്‍മ്മിപ്പിക്കുന്നു.

ആളുകളെല്ലാം അകലങ്ങളില്‍ നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സമൂഹങ്ങളുടെ ഭാഗമായി ഒന്ന് ചേര്‍ന്നു നില്‍ക്കാനാകും എന്ന് തെളിയിക്കപ്പെടുമ്പോള്‍ അത് ഒരു വലിയ ചിത്രപടത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വചിത്രം,’ ഫേസ്ബുക്ക് ഇന്ത്യ മാര്‍ക്കറ്റിങ്‌വിഭാഗം ഡയറക്ടര്‍ അവിനാശ് പന്ത് അഭിപ്രായപ്പെട്ടു.

സംവിധായകനായ അതുല്‍ കാട്ടൂക്കാരന്‍, ഡെന്റ്‌റ്‌സു മക്ഗാരിബൊവെന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഫേസ്ബുക്ക് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്.

‘ഓണക്കാലം ആഘോഷങ്ങളുടെ ദിനങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഓണാഘോഷങ്ങള്‍. എല്ലാം വര്‍ഷവും പുലികളി അവതരണത്തിലൂടെ ഉത്സവലഹരിക്ക് മാറ്റുകൂട്ടാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ലോക്ക്‌ഡൌണ്‍ മൂലം കഴിഞ്ഞ വര്‍ഷം അത് സാധ്യമാവാതെ വന്നപ്പോള്‍ ഫേസ്ബുക്ക് ഞങ്ങളെ ഒരുമിച്ചു കൊണ്ടുവരാനും ഓണ്‍ലൈനായി ജനങ്ങളുടെ വീടുകളില്‍ എത്താനും ഞങ്ങളെ സഹായിക്കുകയായിരുന്നു,’ അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ കൃഷ്ണ പ്രസാദ് പറയുന്നു.

ഇത് കൂടാതെ, ഓണാഘോഷങ്ങളുടെ ഭാഗമായി പുലികളിക്ക് കൂടുതല്‍ ചാരുത പകരാനായി ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററും ഫേസ്ബുക്ക് അവതരിപ്പിക്കും. ഈ ഫില്‍റ്റര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഗര്‍ജ്ജിക്കുന്ന പുലിയുടെ മുഖംമൂടി അണിഞ്ഞ്, എല്ലാ വര്‍ഷവും പുലികളി അരങ്ങേറുന്ന തൃശൂരിലെ സ്വരാജ് റൗണ്ടില്‍ വിര്‍ച്വലായി പങ്കെടുക്കാനാകും.

ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്റര്‍ ഉപയോഗിക്കാനായി ഫേസ്ബുക്കിലെ ന്യൂസ് ഫീഡില്‍ പോയി ക്യാമറ തെരഞ്ഞെടുത്ത ശേഷം ‘റോറിങ് ഓണം’ എന്ന ഫില്‍റ്റര്‍ തെരഞ്ഞൈടുത്താല്‍ മതിയാകും. ആഗസ്റ്റ് 19 മുതല്‍ ഇത് ഫേസ്ബുക്കില്‍ ലഭ്യമാകും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Facebook Short Film Onam Pulikkali

We use cookies to give you the best possible experience. Learn more