ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച യോഗം ചേര്‍ന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയോട് ഐ.ടി സമിതി ചോദ്യങ്ങള്‍ ചോദിച്ചത്.
മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍
സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് കമ്മറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സുതാര്യമായ ഒരു വേദിയാകാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ് എന്നാണ് അജിത് മോഹന്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു.
പാര്‍ലമെന്ററി കമ്മിറ്റിയുടെ സമയത്തിന് തങ്ങള്‍ നന്ദി പറയുന്നു. തുറന്നതും സുതാര്യവുമായ ഒരു വേദിയാകാനും ആളുകള്‍ക്ക് സ്വതന്ത്രമായി സ്വയംപ്രകടിപ്പിക്കാനും അവസരം അനുവദിക്കാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.
ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയുമായി മൂന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും ഫേസ്ബുക്ക് പ്രതിനിധികളുള്‍പ്പെടെ ചര്‍ച്ച പിന്നീട് പുനരാരംഭിക്കാന്‍ ഏകകണ്ഠമായി സമ്മതിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം, ഫേസ് ബുക്കിന്റെ വിശദീകരണത്തില്‍ സമിതി തൃപ്തരല്ലെന്നാണ് സൂചനകള്‍.
വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് ഇന്ത്യക്കെതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ വാട്‌സ് ആപ്പിനെതിരേയും ആരോപണം ഉയര്‍ന്നുവന്നിരുന്നു. ബി.ജെ.പി വാട്‌സ് ആപ്പ് ബന്ധത്തെക്കുറിച്ച് ടൈം മാഗസിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഇതിന് പിന്നാലെ ഫേസ്ബുക്കിനേയും വാട് ആപ്പിനെയും വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ് ഫേസ്ബുക്കും വാട്‌സ് ആപ്പും നടത്തുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്.
ഒരു വിദേശ കമ്പിനി പോയിട്ട് പുറത്തുനിന്നുള്ള ഒരാളെപ്പോലും രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കാന്‍ പാടുള്ളതല്ലെന്നും
സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുകയും വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നന്നുമുള്ള
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ട് ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.
അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്നാണ് ടൈം മാഗസിന്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടത്.
ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ മുസ്ലിം സമുദായത്തില്‍ പെട്ടയാളെക്കുറിച്ചാണ് ശിലാദിത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നമ്മുടെ അമ്മ-പെങ്ങന്മാരെ ബംഗ്ലാദേശി മുസ്ലീങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഇങ്ങനെയാണ്’- സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ത്തിയ ഈ സംഭവത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്ത് ശിലാദിത്യ ദേവ് കുറിച്ചത് ഇങ്ങനെയാണ്.
ഈ പോസ്റ്റ് വളരെപ്പെട്ടെന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തിരുന്നു. വര്‍ഗ്ഗീയ-വിദ്വേഷ പോസ്റ്റെന്ന നിലയില്‍ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്‌തെന്നാണ് ഫേസ്ബുക്കിന്റെ വാദം.
എന്നാല്‍ ഒരു വര്‍ഷത്തോളം ഈ പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്ന് ടൈം മാഗസീന്‍ ചൂണ്ടിക്കാട്ടി. 2020 ഓഗസ്റ്റ് 21ന് ടൈം മാഗസിന്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട ശേഷമാണ് ഈ പോസ്റ്റ് നീക്കം ചെയ്തത്.
ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് തവണ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു.
എന്ത് നടപടിയാണ് ഫേസ്ബുക്ക് ഇന്ത്യക്കെതിരെ സ്വീകരിച്ചതെന്ന് അറിയണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
അതേസമയം, ഫേസ്ബുക്കിലെ ജീവനക്കാര്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദും സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു. ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക