ന്യൂദല്‍ഹി: ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സമിതിയിലെ അംഗവും ബി.ജെ.പി എം.പിയുമായ നിഷികാന്ത് ദുബെ തുടക്കം മുതല്‍ക്കു തന്നെ സമിതിക്കെതിരേയും അധ്യക്ഷനെതിരെയും തിരിഞ്ഞിരുന്നു. വിഷയം സംബന്ധിച്ച് സമിതിയില്‍ ഉണ്ടായ ഭിന്നതയ്ക്ക് പിന്നാലെ ദുബെയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.
ഫേസ്ബുക്കിന്റെ തെറ്റായ നടപടി ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പാനല്‍ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച തീരുമാനത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍, ”അജണ്ടയെക്കുറിച്ച് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഒന്നും ചെയ്യാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് അധികാരമില്ല” എന്ന് ദുബെ ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയെ ശശി തരൂര്‍ ശക്തമായി എതിര്‍ത്തു.
ഫേസ്ബുക്കിന്റെ തെറ്റായ നടപടികളും വിദ്വേഷ പ്രചരണവും തെറ്റായ വാര്‍ത്തകളുടെ വ്യാപനവും തടയുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തത തേടുന്നതിന് ഒരു കമ്മിറ്റി യോഗം വിളിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ദുബെ അവഹേളിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് തരൂര്‍ പറഞ്ഞത്.
നിഷികാന്ത് ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റ് അംഗം ചെയര്‍മാന്‍ എന്നീ നിലയില്‍ തന്റെ സ്ഥാനത്തെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
ദുബെയ്‌ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക