ന്യൂദല്‍ഹി: ഐ.ടി ആക്ട് പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ കമ്മന്റുകളുടേയും പോസ്റ്റുകളുടേയും പേരില്‍ നിരപരാധികളെ ഐ.ടി നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനെതിരെ വ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഐ.ടി ആക്ടിലെ സെക്ഷന്‍ 66A പരിഷ്‌കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വകുപ്പ് പ്രകാരമാണ് പോലീസ് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത്. നിയമം ഭേദഗതി ചെയ്യണമെന്ന വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് സൈബര്‍ റഗുലേറ്ററി അഡൈ്വസറി കമ്മിറ്റി വകുപ്പിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.[]
ഇനിമുതല്‍ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഗ്രാമീണ തലത്തില്‍ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനും നഗരങ്ങളില്‍ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥനും അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെല്ലാം ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. ഐ.ടി ആക്ടില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗല്‍ ഭേദഗതി ചെയ്യാന്‍ സുപ്രീം കോടതിയില്‍ പാതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചു.
വാര്‍ത്താവിനിമയ സേവനമുപയോഗിച്ച് വ്യാജ സന്ദേശങ്ങളോ പ്രകോപനപരമായ സന്ദേശങ്ങളോ അയക്കുന്നത് കുറ്റകരമാണെന്നാണ് നിയമത്തില്‍ പറയുന്നത്. ഈ വകുപ്പ് ഉപയോഗിച്ചാണ് പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശിവസേന നേതാവ് ബാല്‍താക്കറെയെ വിമര്‍ശിച്ചതിന് മുംബൈ പല്‍ഗാറില്‍ രണ്ട് പെണ്‍കുട്ടികളേയും അതിന് മുമ്പ് രണ്ട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം രാജ് താക്കറെയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു പത്തൊമ്പതുകാരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താക്കറെയുടെ ശവ സംസ്‌കാരദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ വിമര്‍ശിച്ചായിരുന്നു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.
“താക്കറെയെ പോലുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യും. അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ സ്മരിക്കേണ്ടത് ഭഗത്സിംഗിനെയും സുഖ്‌ദേവിനേയുമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരരക്തസാക്ഷികള്‍”എന്നായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ലൈക് ചെയ്ത് സുഹൃത്തായ രേണുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനും മുമ്പ് കഴിഞ്ഞ മെയ് പത്തിന് രാഷ്ട്രീയക്കാരെ പരിഹസിച്ചതിന്റെ പേരില്‍ രണ്ട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയേയും ദേശീയ പതാകയേയും അപമാനിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.
അല്‍പ്പദിവസം മുമ്പാണ് ഈ സംഭവം പുറത്ത് വരുന്നത്.
എയര്‍ ഇന്ത്യ ക്യാബിന്‍ ക്ര്യൂ അംഗങ്ങളായ മയാങ്ക് മോഹന്‍ ശര്‍മ, കെ.വി.ജെ റാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ദിവസം രാത്രിയില്‍ ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി ആക്ട് സെക്ഷന്‍ 66(A), 67A എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാജ് താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു എന്നാരോപിച്ച് സുനില്‍ വിശ്വകര്‍മ എന്ന പത്തൊമ്പതുകാരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത പോലീസുകാരെ സസ്പന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പല്‍ഗാറില്‍ കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചിരുന്നു.