| Thursday, 24th December 2020, 3:21 pm

ആപ്പിളിന് ഫേസ്ബുക്കിന്റെ പണി; ബ്ലൂ ടിക് വെരിഫിക്കേഷന്‍ നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ പുതിയ സ്വകാര്യത നയങ്ങളിലുള്ള ഫേസ്ബുക്കിന്റെ എതിര്‍പ്പും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് അഭ്യൂഹങ്ങളെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 13 മില്യണ്‍ ഫോളോവേഴ്‌സുള്ള ആപ്പിളിന്റെ ഫേസ്ബുക്ക് പേജിന് ബ്ലൂ ടിക് ഇല്ല. ചൊവ്വാഴ്ച വരെ ആപ്പിളിന് ബ്ലൂ ടിക് ഉണ്ടായിരുന്നതായാണ് ടെക് വിദഗ്ധന്‍ മാറ്റ് നവേരയുടെ ട്വീറ്റില്‍ പറയുന്നത്.

പേജിന്റെ ആധികാരിതക ഉറപ്പാക്കാനും ഡ്യൂപ്ലിക്കേറ്റ് പേജുകളില്‍ നിന്നും യഥാര്‍ത്ഥ പേജിനെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഫേസ്ബുക്ക് ബ്ലൂ ടിക് വെരിഫിക്കേഷന്‍ നല്‍കുന്നത്. ആപ്പിളിന്റെ എതിരാളികളായ മൈക്രോസോഫ്റ്റ്, സാംസങ്, ഹെവ്‌ലറ്റ് പക്കാര്‍ഡ് തുടങ്ങിയ കമ്പനികളുടെയെല്ലാം ബ്ലൂ ടിക് അതേപടി തുടരുന്നതിനാല്‍ ആപ്പിളിന്റെ ബ്ലൂ ടിക് ഇല്ലാത്തത് സാങ്കേതിക പ്രശ്‌നമാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 14.4ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില ഫീച്ചറുകളാണ് ഫേസ്ബുക്കും ആപ്പിളും തമ്മിലുള്ള തര്‍ക്കത്തിന് കാരണം. ഈ ഫീച്ചറുകള്‍ പ്രകാരം പരസ്യങ്ങള്‍ നല്‍കുന്നതിനായി ആപ്പുകള്‍ക്ക് യൂസര്‍മാരെ ട്രാക്ക് ചെയ്യണമെങ്കില്‍ അവരുടെ അനുവാദം ആവശ്യമാണ്.

പേഴ്‌സണലൈസഡ് പരസ്യങ്ങള്‍ നല്‍കുന്നതു വഴിയാണ് ഫേസ്ബുക്ക് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ആപ്പിളിന്റെ പുതിയ ഫീച്ചര്‍ തങ്ങളുടെ വരുമാന സ്രോതസിനെയും ബിസിനസ് രീതികളെയും സാരമായി ബാധിക്കുമെന്നതിനാലാണ് ഈ ഫീച്ചറുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വെരിഫിക്കേഷന്‍ ഒഴിവായതില്‍ ആപ്പിളോ ഫേസ്ബുക്കോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ആപ്പിളിന്റെ വെരിഫിക്കേഷന്‍ അതുപോലെ തന്നെ തുടരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Facebook removes Apple’s blue tick verification

We use cookies to give you the best possible experience. Learn more