| Monday, 19th September 2022, 5:13 pm

ഇതാണ്‌ രേഖ...., തേങ്ങ ഉടക്ക് സാമീ..; ഷോക്കിങ് വാര്‍ത്താസമ്മേളനത്തിനൊടുവില്‍ എയറിലായി ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അസാധാരണമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പഴയ ആരോപണങ്ങള്‍ തന്നെ ഉന്നയിച്ചതോടെ ഗവര്‍ണര്‍ സമൂഹ മാധ്യമങ്ങളില്‍ എയറിലായിരിക്കുകയാണ്.

‘ഇതാണ്‌ ആ രേഖ’ എന്ന തലക്കെട്ടോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കുവെച്ച വീഡിയോയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അദ്ദേഹം വിയറ്റ്‌നാം കോളനിയിലെ ശങ്കരാടിയുടെ കഥാപാത്രവുമായാണ് ഉപമിക്കുന്നത്.

‘എന്നാല്‍ നിങ്ങള്‍ ഒരു കാര്യമറിയണം. അത് ഒരു വധശ്രമം തന്നെ ആയിരുന്നു. പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ഒരു ജ്ഞാനവൃദ്ധന്റെ സംഭാഷണം 35 മിനുട്ട് കേള്‍ക്കുക എന്നാല്‍ ഒരു സംഘിയ്ക്ക് അത് മരണകാരണമായി മാറാവുന്നതാണ്. ഖാന്‍ സാഹിബ് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് വേണം മനസിലാക്കാന്‍. മൗദൂദി ചാനല്‍ ബാക്കി തെളിവുകൂടി പുറത്തുവിട്ടാല്‍ സി.ബി.ഐയ്ക്ക് കേസെടുക്കാം.

അല്ല ഖാന്‍ സാഹിബ്, പ്രൊഫ. ഇര്‍ഫാന്‍ ഹബീബും, പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും നിങ്ങളെ കൊല്ലാന്‍ ഗൂഡാലോചന നടത്തി എന്നല്ലേ ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നത്?
ഇതിപ്പോ കെ.കെ. രാഗേഷായോ നിരപരാധി? പറയുന്നതെന്താണ് എന്ന് വല്ല ധാരണയുമുണ്ടോ, സാഹിബിന്?’ എന്നാണ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് ഗവര്‍ണറെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ശരിവച്ച വൈസ് ചാന്‍സലര്‍ പുനര്‍ നിയമനത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവത്രേ.. അതിന് ?
90 കഴിഞ്ഞ ഇര്‍ഫാന്‍ ഹബീബ് എന്ന വൃദ്ധന്‍ പൗരത്വ വിഷയത്തില്‍ ചരിത്ര വിരുദ്ധത കേട്ടപ്പോള്‍ സീറ്റില്‍ നിന്ന് എണീറ്റു വന്നുവത്രേ… അതിന്?

വേദിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ സംഘാടക സമിതിയില്‍ പെട്ട കെ.കെ. രാഗേഷ് വേദിയില്‍ നിന്നിറങ്ങി സദസ്സില്‍ പോയി ശാന്തരാക്കിയത്രേ… അതിന്?

അതിനൊന്നുല്ല. സ്റ്റേറ്റിന്റെ ഹെഡാണ്. നോമിനല്‍ ഹെഡ്. കേന്ദ്രത്തിന്റെ നോമിനേറ്റഡ് ഹെഡ്. ഉപദേശങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍. കളിക്കളത്തില്‍ ഇറങ്ങാന്‍ വഴിയില്ലാത്ത കളിയുടെ രക്ഷാധികാരി. ഇടയ്ക്ക് ഇറങ്ങിക്കളിക്കുമ്പോള്‍ ക്ലീന്‍ ബൗള്‍ഡാകുന്നത് എന്തു കഷ്ടമാണ്,’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

ഗവര്‍ണറെ വധിക്കാന്‍ ശ്രമിക്കുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് #ShockingVideo എന്നാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ ഗവര്‍ണറെ ട്രോളിക്കൊണ്ട് കുറിച്ചത്.

അതേസമയം, ഗവര്‍ണറെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളും സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ സജീവമാക്കുകയാണ്.

നനഞ്ഞ ഏറുപടക്കം എന്ന ടൈറ്റിലില്‍ ഇന്നൊരു ചര്‍ച്ചയാകാം. ഗവര്‍ണര്‍ പക്ഷം ഈശ്വരും പണിക്കരും ഓരോ പ്ലയിറ്റ് പോരട്ടെ, പ്രതീക്ഷകളുടെ കടലാണ് ജി വറ്റിച്ച് കളഞ്ഞത്.

ഇതിപ്പോ കെ കെ രാഗേഷ് അങ്ങോട്ട് പൈസ കൊടുത്തു നടത്തിച്ച വാര്‍ത്താ സമ്മേളനം ആണോ എന്ന് സംശയമുണ്ട്, ബോംബ് പൊട്ടും എന്ന് പ്രതീക്ഷിച്ച മാപ്രാകള്‍ക്ക് കിട്ടിയത് പൊട്ടിയ കാക്കിനിക്കറിന്റെ വള്ളി.

ഇവര് ശാഖയില്‍ ചെല്ലുമ്പോള്‍ എന്ത് വെള്ളം ആണാവോ കുടിക്കാന്‍ കൊടുക്കുന്നത്. ഇജ്ജാതി വെളിവുകേട്, ഇതിലും നല്ലത് സ്വപ്നയുടെ വാര്‍ത്ത സമ്മേളനമായിരുന്നു തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്നത്.

Content Highlight: Facebook Posts And Reactions against kerala Governor Arif Mohammed Khan’s press meet

We use cookies to give you the best possible experience. Learn more