Advertisement
Kerala News
'എന്താ മുരളിയേട്ടാ ഇങ്ങനെ'; 'ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ' പോസ്റ്റില്‍ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 16, 10:24 am
Saturday, 16th November 2024, 3:54 pm

കോഴിക്കോട്: കെ. മുരളീധരന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയില്‍. ബി.ജെ.പി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പോസ്റ്റ് ചര്‍ച്ചയായത്.

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കെ. മുരളീധരന്‍ എഫ്.ബിയില്‍ പോസ്റ്റ് പങ്കുവെച്ചത്. പ്രേംനസീര്‍ അഭിനയിച്ച സിനിമയിലെ ഒരു ഗാനത്തിന്റെ ഭാഗമാണ് പോസ്റ്റിന്റെ ഉള്ളടക്കം.

‘പകല്‍ വാഴും പെരുമാളിന്‍ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ…,’ ഗാനത്തിലെ ഈ വരികള്‍ കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരിക്കുന്നത്. ‘മുരളിയേട്ടാ’ എന്ന് വിളിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉള്‍പ്പെടെയുള്ളവരാണ് പോസ്റ്റിനോട് പ്രതികരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരോക്ഷമായി വിമര്‍ശിച്ചുള്ളതാണ് കെ. മുരളീധരന്റെ പോസ്റ്റെന്നും പ്രതികരണമുണ്ട്.

സി.പി.ഐ.എമ്മിനോടൊപ്പം ചേര്‍ന്ന് എ.കെ. ആന്റണിയെ മുക്കാലിയില്‍ കെട്ടി തല്ലണമെന്ന് പറഞ്ഞ മുരളീധരനാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അധികാരം കിട്ടാതെ പോയതിന്റെ വിഷമമാണ് കെ. മുരളീധരന്‍ പ്രകടിപ്പിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

അതേസമയം രണ്ടാഴ്ച മുമ്പ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റ് തിരുത്താമായിരുന്നുവെന്നും വയനാട് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് പോകാമായിരുന്നുവെന്നും കെ. മുരളീധരന്‍ പ്രതികരിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കു വേണ്ടി കോട്ടക്കലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കോട്ടക്കലല്ല, കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്നുമുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശം മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇനി ഫ്ളാഷ്ബാക്കിലേക്കൊന്നും പോകേണ്ടെന്നും കാരണം തങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കന്മാര്‍ ബി.ജെ.പിയിലേക്ക് പോയതുകൊണ്ട് ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാല ചരിത്രത്തെ കുറിച്ചൊന്നും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധമില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.

Content Highlight: Facebook post shared by K. Muralidharan is in discussion on social media