കോഴിക്കോട്: മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് സാമൂഹ്യപ്രവര്‍ത്തക അരുന്ധതി. താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അനുവാദമില്ലാതെയാണ് മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചതെന്ന് അരുന്ധതി പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മനോരമ ആ കുറിപ്പ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അരുന്ധതിയുടെ മുന്നറിയിപ്പ്.
” ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നു” എന്ന തലക്കെട്ടില്‍ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് അരുന്ധതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ എന്നെ ആഘോഷിക്കാനല്ല, ആണ്‍ പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്‍കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്ന് അരുന്ധതി ആരോപിച്ചു.
തന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദമാക്കിക്കൊണ്ടായിരുന്നു അരുന്ധതി ഇന്നലയിട്ട ഫേസ്ബുക്ക് പോസ്റ്റ്. ഉയര്‍ന്ന ജാതിയുടേയും വെളുത്ത നിറത്തിന്റേയും പ്രിവിലേജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായിപ്പോഴും ഭാരമാണെന്നും ചുംബനസമരത്തിന് ശേഷം തന്റെ വെളുത്ത ശരീരം വെറും ചരക്ക് മാത്രമായാണ് ആഘോഷിക്കപ്പെട്ടതെന്നും. ആ അര്‍ത്ഥത്തില്‍ എന്റെ നിറം എന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും അരുന്ധതി പറഞ്ഞു.