| Monday, 26th October 2020, 1:58 pm

ഗവര്‍ണറായി അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു; കേരളത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ച് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയില്‍ ഒരു വര്‍ഷം തികയ്ക്കുന്ന വേളയില്‍ തന്റെ അഭിഭാഷക ജീവിതത്തെ കുറിച്ച് വാചാലനായും കേരളത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുകയാണെന്നും കാലത്തിന്റെ പ്രയാണത്തില്‍ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമായിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മിസ്സോറാമിനു സ്‌നേഹം നല്‍കാനും അവരില്‍ നിന്നു സ്‌നേഹം കിട്ടാനുമായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഗവര്‍ണറായി സന്തോഷത്തോടെ അഭിരമിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നലുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കഴിഞ്ഞ കൊല്ലം ഈ ദിവസം ബാര്‍ കൗണ്‍സിലില്‍ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താല്‍ക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്ന് തോന്നുന്നെന്നും ശ്രീധരന്‍ പിള്ള ഫേസ്ബുക്കില്‍ എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ഷമൊന്നു പൂര്‍ത്തിയായി:
………………………..
ഗവര്‍ണര്‍ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിന്റെ പ്രയാണത്തില്‍ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതന്‍ ആത്മാര്‍ത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയില്‍ എല്ലാവര്‍ക്കും നന്ദി ! ആരോടുമില്ല പരിഭവം !

അന്ന് നിയമനം വാര്‍ത്തയായപ്പോള്‍ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാര്‍ട്ടിയും എതിര്‍പ്പോടെ എഴുതി ‘ Mizoram , now is a dumping place for Hindu fundamentalists ‘.

കഴിഞ്ഞ ഓഗസ്റ്റില്‍ എന്റെ മൂന്നു പുസ്തകങ്ങള്‍ ഐസ്വാളില്‍ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷപ്പാര്‍ട്ടി അദ്ധ്യക്ഷനും , ഒപ്പം പ്രാദേശിക പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവര്‍ണറെ ചിത്രീകരിച്ചത് വാര്‍ത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എന്റെ പ്രതികരണം.

മിസ്സോറാമിനു സ്‌നേഹം നല്‍കാനും അവരില്‍ നിന്നു സ്‌നേഹം കിട്ടാനുമായതില്‍ ചാരിതാര്‍ത്ഥ്യം !.

കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണര്‍ത്തിയത് രണ്ടു ഫോണ്‍ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എന്റെ മകന്‍ അഡ്വ: അര്‍ജ്ജുന്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ പ്രോസിക്യൂട്ടര്‍മാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

ഞാന്‍ പാലക്കാട്ട് പ്രതികള്‍ക്കുവേണ്ടി ട്രയല്‍ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിന്റെ അപ്പീലിനായി ഫയല്‍ പഠിച്ചപ്പോഴും ,വാദം നടത്തിയപ്പോഴും അവര്‍ക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാന്‍ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീല്‍ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവര്‍ മറന്നില്ല.

എന്നാല്‍ കേസ്സിന്റെ വിധി വന്നപ്പോള്‍ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു . മിസ്സോറാമിലെ കൊടും തണുപ്പിലും എന്റെ മനസ്സിന് ചൂടും ചൂരും പകര്‍ന്നു കിട്ടിയ ഫോണ്‍കോള്‍ ! പ്രശസ്ത സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ള സാറായിരുന്നു മറുതലയ്ക്കല്‍.

‘വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം, എന്നാല്‍ അസ്സലായി ട്രയല്‍ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് ‘ സാര്‍ പറഞ്ഞപ്പോള്‍ എന്റെ സന്തോഷം ആകാശത്തോളമുയര്‍ന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടര്‍ച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോള്‍ അവസാനഘട്ടത്തില്‍ നല്‍കിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോര്‍ത്തുപോയി !

ഗവര്‍ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നല്‍ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ?

കഴിഞ്ഞ കൊല്ലം ഈ ദിവസം ബാര്‍ കൗണ്‍സിലില്‍ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താല്‍ക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.

എല്ലാവര്‍ക്കും നന്ദി – നമസ്‌കാരം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook post On PS Sreedharan Pillai

We use cookies to give you the best possible experience. Learn more