| Saturday, 7th April 2018, 12:16 pm

'ഇത്രയും കാലം വിഷയത്തില്‍ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസം'; വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെ.എസ് ശബരീനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വി.ടി ബല്‍റാമിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്‍. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്തുന്ന ബില്‍ നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്ന് വി.ടി ബല്‍റാം സ്വീകരിച്ച നിലപാടുകളെ കെ.എസ് ശബരീനാഥന്‍ രൂക്ഷമായ ഭാഷയിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

ഇത് ഒരു രാത്രികൊണ്ട് യു.ഡി.എഫ് എടുത്ത തീരുമാനമല്ലെന്നും പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് പലവട്ടം ചര്‍ച്ചചെയ്തതാണെന്നും ശബരിനാഥന്‍ പറയുന്നു. “അന്ന് ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല”, അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കോടതിയുടെ പ്രഹരം ഏല്‍ക്കേണ്ടി വരും എന്നൊരു സംശയം നിലനില്‍ക്കെതന്നെ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചത് എന്നും ശബരീനാഥന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് പ്രഹരം ഏല്പിക്കാന്‍ പറ്റിയ ഒരു അവസരമായിക്കണ്ട് എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കൈയ്യടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം “വിദ്യാര്‍ത്ഥികളുടെ ഭാവി” എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്തിപരമായ അഭിപ്രായവ്യതാസങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തില്‍ സ്വീകരിച്ചത്, കുറിപ്പില്‍ പറയുന്നു.


Also read: സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലം മാറ്റം


“കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തില്‍ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസം”, ശബരീനാഥന്‍ വ്യക്തമാക്കി. ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോള്‍ വീണ്ടും കല്ലെറിയാന്‍ താനില്ലെന്നും അതുകൊണ്ട് ട്രോളുകള്‍ക്കു സ്വാഗതമെന്നും താന്‍ ഏതായാലും കൈയ്യടിവാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ശബരീനാഥന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ, കോണ്‍ഗ്രസ് എം.എല്‍.എ റോജി എം. ജോണും വിഷയത്തില്‍ വി.ടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാനുഷിക പരിഗണന നല്‍കികൊണ്ട് യു.ഡി.എഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു എന്നും “ലൈക്” കള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്-


Watch DoolNews Video:

We use cookies to give you the best possible experience. Learn more