തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്താന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ശ്രീജിത്തിനെ പിന്തുണയുമായി മുഖ്യമന്ത്രി.
അനുജന്റെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ശ്രീജിത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പിന്തുണയര്‍പ്പിച്ച പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ശ്രീജിത്തിന്റെ വാദം ന്യായമാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിന് കഴിയുന്ന എല്ലാവിധ സഹായങ്ങളും നിയമ പരിരക്ഷയും ശ്രീജിത്തിനും കുടുംബത്തിനും ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്ത് ഉന്നയിച്ച കാര്യങ്ങളില്‍ കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അനുജന്റെ മരണെപ്പറ്റി അന്വേഷിക്കാന്‍ സി.ബി.ഐ യെ നിയോഗിക്കണമെന്നും, അതുവരെ സമരം തുടരുമെന്നും ചര്‍ച്ചയില്‍ ശ്രീജിത്ത് പറഞ്ഞു. സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശ്രീജിത്ത് കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിച്ചിരുന്നു.
2014 മെയ് 21 നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.
സമരം 760 ദിവസങ്ങള്‍ പിന്നിട്ടശേഷമായിരുന്നു സോഷ്യല്‍മീഡിയയില്‍ ശ്രീജിത്തിന്റെ സമരം ചര്‍ച്ചയാകുന്നത്. ഇതേത്തുടര്‍ന്ന് നിരവധിയാളുകള്‍ ശ്രീജിത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രീജിത്ത് സന്നദ്ധനായത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം