കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയെന്ന് വ്യാജപ്രചരണം നടക്കുന്നുവെന്നാരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് എം.സി മായിന്‍ഹാജി. ആലിക്കുട്ടി മുസ്‌ലിയാരെ പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും കയറ്റുകയില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓര്‍മ്മ വെച്ച കാലം മുതല്‍ ബഹു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റേയും അടിയുറച്ച അനുയായിയാണ് താനെന്നും വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ സമസ്തയിലെ വിഘടിത വിഭാഗമാണെന്നും മായിന്‍ഹാജി പറഞ്ഞു.
‘ബഹു. ഉമ്മര്‍ ഫൈസി കഴിഞ്ഞ കുറേ കാലമായി സമസ്തയുടേത് എന്ന രൂപത്തില്‍ ലീഗിനും ലീഗ് ഉള്‍പ്പെട്ട മുന്നണിക്കും അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സിനുമെതിരെ നിരന്തരം പരസ്യ പ്രസ്താവനകള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടേയും സോഷ്യല്‍ മീഡിയകളിലൂടേയും നടത്തികൊണ്ടിരിക്കുന്നു. ബഹു.സമസ്ത പ്രസിഡന്റ് തന്നെ പലവട്ടം ‘സമസ്തയുടെ അഭിപ്രായം പറയാന്‍ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും മാത്രമേ അധികാരമുള്ളൂ’ എന്ന് പരസ്യമായി പറഞ്ഞിട്ടും ബഹു.ഉമ്മര്‍ ഫൈസി സമസ്തയുടേതെന്ന പേരില്‍ ലീഗിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തികൊണ്ടേയിരിക്കുന്നു’, മായിന്‍ഹാജി ഫേസ്ബുക്കിലെഴുതി.
അദ്ദേഹത്തിന് വ്യക്തിപരമായി അഭിപ്രായം പറയാമെന്നും എന്നാല്‍ സമസ്ത എന്ന പേരില്‍ അഭിപ്രായം പറയരുതെന്നും സമസ്തയുടെ കടുത്ത അനുയായിയായ തനിക്ക് അഭിപ്രായമുണ്ടെന്നും മായിന്‍ഹാജി പറഞ്ഞു. ഇക്കാര്യം പറയുമ്പോള്‍ തന്നെ ‘സമസ്ത വിരുദ്ധനാക്കി പൊങ്കാലയിടുന്നത്’ ദുരുദ്ദേശപരമല്ലെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബഹുമാനപ്പെട്ട ആലിക്കുട്ടി ഉസാതാദിനെ ‘പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും കയറ്റുകയില്ല’ എന്ന് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിച്ചു കൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ എന്നെ സംബന്ധിച്ച് തെറ്റായ ഒരു പരാമര്‍ശം വെച്ച് കൊണ്ട് പ്രചാരണം നടത്തുന്നുണ്ട്. മാത്രവുമല്ല അതില്‍ മുസ്ലിമിന് നിരക്കാത്ത തരത്തിലുള്ള പദ പ്രയോഗങ്ങള്‍ നടത്തി പലരും കമന്റ് ചെയ്യുന്നുമുണ്ട്. വാസ്തവത്തില്‍ ഞാന്‍ ആലിക്കുട്ടി ഉസ്താദിനോട് അങ്ങനെ പറഞ്ഞിട്ടില്ല. മാത്രവുമല്ല ‘പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും വരണ്ട’ എന്ന് പറയാന്‍ എനിക്ക് എന്താണ് അവകാശം..?? ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രയോഗിക്കുന്നത് പോലെ പട്ടിക്കാടും പാണക്കാടും എന്റെ ………….. ഒന്നുമല്ലല്ലൊ…??
ഞാന്‍ ആലിക്കുട്ടി ഉസ്താദുമായി ഡിസംബര്‍ 24 ന് പട്ടിക്കാട് വെച്ചും ഇന്നലെ (03/01/2021) അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചും കഴിഞ്ഞ വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗങ്ങളില്‍ വെച്ചും കണ്ടതല്ലാതെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുകയൊ, സംസാരിക്കുകയൊ, ഫോണില്‍ ബന്ധപ്പെടുകയൊ ചെയ്തിട്ടില്ല.
ഞാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ ബഹു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റേയും അടിയുറച്ച അനുയായിയാണ്. എന്നെ ഇത് പഠിപ്പിച്ചത് ബഹു. ശൈഖുനാ ശംസുല്‍ ഉലാമാ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍ (ന.മ) , ശൈഖുനാ കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍ (ന.മ), ബഹു. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ (ന.മ) തുടങ്ങിയ മഹാരഥന്മാരായ പണ്ഡിത മഹത്തുക്കളും
ബഹു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ (ന.മ), ബഹു.സയ്യിദ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ (ന.മ), ബഹു.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ (ന.മ) തുടങ്ങിയ മഹത്തുക്കളായ സയ്യിദന്മാരുമാണ്. ആ നിലയിലാണ് ഞാന്‍ ഈ കാലമത്രയും പ്രവര്‍ത്തിച്ചു വന്നത്. അങ്ങനെ തന്നെ ജീവിച്ച് പ്രവര്‍ത്തിച്ച് മരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീന്‍…
എന്റെ പ്രവര്‍ത്തനം കണ്ടിട്ടാകാം ശൈഖുനാ ശംസുല്‍ ഉലമ (ന.മ) അവര്‍കള്‍ എനിക്ക് 30 വയസ്സുണ്ടായിരുന്നപ്പോള്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് അംഗമാക്കിയത്. മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എനിക്ക് 27 വയസ്സുള്ളപ്പോഴാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് മാനേജിങ് കമ്മറ്റിയില്‍ അംഗമാക്കിത്.
ഈ സ്ഥാനങ്ങളൊക്കെ വഹിച്ചു കൊണ്ട് സമതയില്‍ അങ്ങേ അറ്റം അച്ചടക്കത്തോട് കൂടിയും വിശ്വാസത്തോട് കൂടിയും ഇന്നും ഞാന്‍ പ്രവര്‍ത്തിച്ച് വരികയാണ്.
അതിനിടയില്‍ ചില ആളുകള്‍ ലീഗിനെ ലക്ഷ്യം വെച്ച് കൊണ്ട് കഴിഞ്ഞ കുറച്ചു കാലമായി 1980 കളില്‍ സമസ്തയില്‍ നിന്ന് ചില ആളുകള്‍ ഭിന്നിച്ച് പുറത്ത് പോയ ആ കാലഘട്ടത്തില്‍ ചെയ്തതിന് തുല്ല്യമായി ലീഗിന് എതിരെ ചില വ്യാജ പ്രചരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നുണ്ട് എന്നത് വസ്തുതയാണല്ലൊ.. നിരവധി തവണ സോഷ്യല്‍ മീഡികളിലും വാര്‍ത്താ മാധ്യമങ്ങളിലും ഇത് പോലെയുള്ള പ്രചാരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്. അതില്‍ അധികവും ബഹു.സമസ്തയിലും മുസ്ലിം ലീഗിലും അടിയുറച്ച് നില്‍ക്കുന്ന എന്നെ ലക്ഷ്യം വെച്ച് കൊണ്ട് നിരവധി വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. അതിന് ഒന്നും ഞാന്‍ മറുപടി പറയാതിരുന്നത് ‘ബഹു. സമസ്തയില്‍ എന്നെ കൊണ്ട് ഒരു പ്രശ്‌നം ഉണ്ടാകരുത്’ എന്ന എന്റെ മനസ്സിലെ നിര്‍ബന്ധം കൊണ്ടാണ്. ഇപ്പോള്‍ ബഹു. ഉമ്മര്‍ ഫൈസിയുടെ നിലപാടിനെതിരെ നിലക്കൊള്ളാന്‍ കാരണം അദ്ദേഹം കഴിഞ്ഞ കുറേ കാലമായി സമസ്തയുടേത് എന്ന രൂപത്തില്‍ ലീഗിനും ലീഗ് ഉള്‍പ്പെട്ട മുന്നണിക്കും അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സിനുമെതിരെ നിരന്തരം പരസ്യ പ്രസ്താവനകള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടേയും സോഷ്യല്‍ മീഡിയകളിലൂടേയും നടത്തികൊണ്ടിരിക്കുന്നു. ബഹു.സമസ്ത പ്രസിഡന്റ് തന്നെ പലവട്ടം ‘സമസ്തയുടെ അഭിപ്രായം പറയാന്‍ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും മാത്രമേ അധികാരമുള്ളൂ’ എന്ന് പരസ്യമായി പറഞ്ഞിട്ടും ബഹു.ഉമ്മര്‍ ഫൈസി സമസ്തയുടേതെന്ന പേരില്‍ ലീഗിനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തികൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന് വ്യക്തിപരമായി അഭിപ്രായം പറയാം.. എന്നാല്‍ സമസ്ത എന്ന പേരില്‍ അഭിപ്രായം പറയരുത് എന്ന് സമസ്തയുടെ ഒരു കടുത്ത അനുയായിയായ എനിക്ക് അഭിപ്രായമുണ്ട്. അത് ഞാന്‍ പലരോടും പങ്ക് വെച്ചിട്ടുണ്ട്. ബഹു.ഉമ്മര്‍ ഫൈസിയോടും അത് ഞാന്‍ പറഞ്ഞിട്ടുണ്ട്.
അത് പറയാന്‍ എനിക്ക് അവകാശമില്ലെ? അത് പറയുമ്പോള്‍ എന്നെ ‘സമസ്ത വിരുദ്ധനാക്കി പൊങ്കാലയിടുന്നത്’ ദുരുദ്ദേശപരമല്ലെ?? (ഇങ്ങിനെ പൊങ്കാലയിടുന്നവരില്‍ അധികവും 1989 ല്‍ സമസ്തയില്‍ നിന്നും പുറത്ത് പോയവരുടെ അനുയായികളാണ് എന്നതും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിഷ്‌കളങ്കരായ സമസ്ത അനുയായികള്‍ക്ക് തെറ്റിദ്ധാരണ വരരുത് എന്ന നിലക്കാണ് ഈ പോസ്റ്റ്)
ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം സമുദായത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലാ എന്നാണ് ബഹു. ഉമ്മര്‍ഫൈസി പലപ്പോഴും പറയുകയും ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നതും. ധാരാളം കാര്യങ്ങള്‍ സമുദായത്തിനും സമസ്തക്കും എതിരെ ചെയ്തത് തെളിവുകള്‍ നിരത്തി സമത്ഥിക്കാന്‍ എനിക്ക് കഴിയും.. പക്ഷെ അത് വളരേ നീണ്ട പട്ടികയാകും എന്നത് കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു..
1) സംസ്ഥാനത്തെ മുസ്ലീങ്ങള്‍ അടക്കമുള്ള പിന്നോക്ക സമുദായങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ സംവരണങ്ങള്‍ മുന്നോക്കക്കാര്‍ക്ക് നല്‍കി കൊണ്ട് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ജനറല്‍ കോട്ടയില്‍ സമുദായത്തിന് ലഭിക്കേണ്ട അവസരങ്ങള്‍ ഗണ്യമായി കുറയുന്ന സംവരണ നയം സ്വീകരിക്കുകയും അത് വഴി മുസ്ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും നേതൃത്വം നല്‍കുകയും ചെയ്യുന്നു.
2) മുസ്ലിം സമുദായ അംഗങ്ങള്‍ പ്രതികളായി വരുന്ന ഭൂരിപക്ഷം കേസുകളും ജാമ്യമില്ലാ വകുപ്പുകളാക്കി (പ്രത്യേകം വകുപ്പുകള്‍ ചേര്‍ത്ത്) രജിസ്റ്റര്‍ ചെയ്യുന്നു. എന്നാല്‍ ഇതര സമുദായ അംഗങ്ങള്‍ പ്രതികളാകുന്ന കേസുകളില്‍ ഒന്നില്‍ പോലും ഈ പ്രത്യേക വകുപ്പ് ചേര്‍ക്കുന്നുമില്ല.
3) സംസ്ഥാനത്തെ യതീംഖാനകള്‍ അടച്ചു പൂട്ടുവാന്‍ ഉത്തരവ് ഇറക്കുകയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുഖേന പരമാവധി ദ്രോഹിക്കുകയും ചെയ്ത്‌കൊണ്ടിരിക്കുന്നു.
4) നിയമ പ്രകാരം സമസ്തയുടെ സ്വന്തമായ പള്ളി, മദ്രസ്സ തുടങ്ങിയ മത സ്ഥാപനങ്ങള്‍ സമസ്ത വിരുദ്ധര്‍ക്ക് പിടിച്ചു കൊടുക്കുവാന്‍ വഖഫ് മന്ത്രിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും നേതൃത്വം നല്‍കുന്നു. നമ്മുടെ സമസ്തയുടേതായ തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് മെമ്പര്‍മാരുടേയും, ബോര്‍ഡ് മെമ്പര്‍മാരായ മുസ്ലിം ലീഗ് എം.പി, എം.എല്‍.എ എന്നിവരുടേയും അതീവ ജാഗ്രതയോടെയുള്ള നിലപാടും പ്രവര്‍ത്തനങ്ങളും കൊണ്ട് മാത്രം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നു.
5) വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മറ്റി, മദ്രസ്സാ ക്ഷേമനിധി ബോര്‍ഡ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടേതില്‍ ഒന്നില്‍ പോലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് സമസ്തയെ പരിഗണിച്ചില്ല. .
6) വഖഫ് ബോര്‍ഡിലും, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍മാരെ നോമിനേറ്റ് ചെയ്യുന്നതില്‍ പോലും ബഹു. സമസ്തയെ ഒട്ടും പരിഗണിച്ചില്ല..
7) മുസ്ലിമീങ്ങളെ മാത്രം നിയമിക്കപ്പെടേണ്ട മത സ്ഥാപനങ്ങളിലെ മേല്‍ നോട്ടവും നിയന്ത്രണവുമുള്ള വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിട്ടു.
8) കൊറോണ കാലത്ത് സമസ്തയുടേത് അടക്കമുള്ള ധാരാളം പള്ളികളുടെ ഭാരവാഹികളുടെ പേരില്‍ നിശ്ചിത എണ്ണത്തില്‍ അധികം ആളുകള്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ കേസ് എടുത്തു. എന്നാല്‍ സി.പി.എം നേതാവ് കുഞ്ഞനന്തന്റേയും പ്രമുഖ ഇടതുപക്ഷ നേതാവ് വീരേന്ദ്രകുമാറിന്റെയും ശവ സംസ്‌കാര ചടങ്ങുകളിലടക്കം ധാരാളം പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുത്തിട്ടും ഒരു കേസും ഉണ്ടായില്ല.
9) പാലത്തായി പീഡന കേസിലെ പ്രതിക്ക് എതിരെ ജാമ്യം ലഭിക്കുന്ന തരത്തില്‍ നിസ്സാരമായി കേസെടുത്തപ്പോള്‍ മുസ്ലിം സമുദായത്തിലെ ചില മദ്രസ്സാ ഉസ്താദുമാരില്‍ വന്ന് പോയ തെറ്റുകളുടെ പേരില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ട കഠിനമായ വകുപ്പുകള്‍ ചാര്‍ത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്‌ക്കൊണ്ടിരിക്കുന്നു. അതേസമയം എല്‍.പി, യു.പി സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിസ്സാരവല്‍ക്കരിച്ച് ഒഴിവാക്കുകയും ചെയ്യുന്നു.
10) അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കുഞ്ഞാലിക്കുട്ടി ഭരണ നേതൃത്വം ഏറ്റെടുക്കുമെന്ന തരത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ സി.പി.എം നേതാക്കള്‍ പ്രചരിപ്പിച്ച് ഇസ്ലാമോഫോബിയ സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയും അത് വഴി മുസ്ലിമീങ്ങളെ പൊതു സമൂഹത്തിലെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു.
11) അറബി ഭാഷക്കും അറബി ഭാഷാ അദ്ധ്യപകര്‍ക്കും എതിരെ ധാരാളം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന് അറബി ഭാഷയെ വിദ്യാഭ്യാസ രംഗത്ത് നിന്നും പടി പടിയായി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അത് വഴി 99.9 ശതമാനവും സമുദായത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്ന വിശാലമായ തൊഴിലവസരം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശത്തിലുള്ള നയം സ്വീകരിക്കുന്നു.
12) ഉത്തര്‍പ്രദേശില്‍ കുട്ടികളിലെ കൂട്ട മരണം ഉണ്ടാകാന്‍ കാരണം ഓക്‌സിജന്‍ കിട്ടാത്തതിന്റെ പേരിലാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന മുസ്ലിം ഡോക്ടര്‍ക്ക് വേണ്ടി കേരളത്തില്‍ ശബ്ദിച്ചു.
കൊറോണ രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയ ആലുവയിലെ മുസ്ലിം വനിതാ ഡോക്ടര്‍ക്ക് എതിരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുന്നതടക്കമുള്ള ക്രൂരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
13) എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിലടക്കം പുതിയ കോഴ്‌സുകള്‍ നിര്‍ലോഭമായി അനുവദിച്ചിട്ടും അറബിക് കോളേജുകളിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ ഒന്നില്‍ പോലും പുതിയ കോഴ്‌സുകള്‍ അനുവദിച്ചില്ല.
ഇത് ഒന്നും സമുദായത്തിനും സമസ്തക്കും എതിരല്ലാ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോടെന്ത് പറയാന്‍??
ഇത് പോലെ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും നടത്തിയ പരിപാടി കേരള മുഖ്യമന്ത്രി എന്ന നിലയിലുള്ള ജനസമ്പര്‍ക്കമൊ, സര്‍ക്കാറിന്റെ ഔദ്യൊദിക പരിപാടിയൊ ആയിരുന്നില്ലല്ലൊ? അത് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു പ്രചരണ പരിപാടിയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലെ…
സമസ്തയില്‍ നിന്ന് ചിലര്‍ പുറത്ത് പോകാന്‍ കാരണമായ സംഭവത്തില്‍ ഒരാള്‍ സമസ്തക്കെതിരെ ബഹു. ശൈഖുനാ ശംസുല്‍ ഉലമാ അവര്‍കളേയും ബഹു.ശൈഖുനാ കണ്ണിയത്ത് ഉസ്താദ് അവര്‍കളേയും പ്രതി ചേര്‍ത്ത് ഒരു കേസ് കൊടുക്കുകയും അതോടനുബന്ധിച്ച് ബഹു സമസ്ത മുശാവറ യോഗം ചേരുന്നത് കോഴിക്കോട് മുനിസിഫ് കോര്‍ട്ട് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്ത ദിവസം അര്‍ധ രാത്രിക്ക് ശേഷം സുമാര്‍ ഒന്നര മണിക്ക് ബഹു.ശംസുല്‍ ഉലമ, ബഹു.കുട്ടി ഹസ്സന്‍ ദാരിമി, സമസ്തയിലെ അന്നത്തെ ഡ്രൈവറായിരുന്ന മൊയ്തീന്‍ കുട്ടി എന്നിവരോടൊന്നിച്ച് എന്റെ വീട്ടില്‍ വന്ന് ആ കേസിലും തുടര്‍ന്ന് ഈ കേസ് കൊടുത്തവര്‍ക്കെതിരേയും സമസ്തക്ക് വേണ്ടി ഇടപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കാന്‍ എന്നോട് ആവശ്യപ്പെട്ട് ഇറക്കി കൊണ്ട് വന്നതാണ്. അന്ന് മുതല്‍ മഹാനവറുകള്‍ ഏല്‍പ്പിച്ച കാര്യത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ച് വരുന്നു. അതിന്റെ പേരില്‍ അവര്‍ എന്നെ വല്ലാതെ എല്ലാ നിലയിലും ആക്ഷേപിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഒരു തുടര്‍ച്ച ഇപ്പോള്‍ ചിലര്‍ ആരംഭിച്ചിട്ടുണ്ടൊ എന്ന് സംശയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടത്തികൊണ്ടിരിക്കുന്നതിനെതിരെ സമസ്തയുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ബഹു. ഉമ്മര്‍ ഫൈസി വ്യക്തിപരയായി എന്ത് നിലപാട് എടുത്താലും അതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.
എന്നാല്‍ ബഹു.സമസ്ത ഔദ്യോദികമായി തീരുമാനിക്കാത്തതും പറയാത്തതുമായ കാര്യങ്ങള്‍ ഉമ്മര്‍ ഫൈസി പറയുമ്പോള്‍ അത് ബഹു.ഉസ്താദുമാരുടെ ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹാരം ഉണ്ടാക്കുകയെന്നത് അത്യാവശ്യമായ കാര്യമാണല്ലൊ..?
അത് ഉസ്താദുമാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അതിനും പുറമേ വാര്‍ത്താ മാധ്യമങ്ങള്‍ എന്നോട് ചോദിച്ചതിന് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. പിന്നെ ഉമ്മര്‍ ഫൈസി ‘കോടാലി കൈ’ ആണ് എന്നത് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമ പ്രവര്‍ത്തകന്‍ അങ്ങിനെ എന്നോട് ചോദിച്ചപ്പോള്‍ ‘നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം’ എന്നാണ് ഞാന്‍ പറഞ്ഞത്. അതിന് എന്നെ ആക്ഷേപിക്കുന്നവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. ബഹു.ഉമ്മര്‍ ഫൈസി സമസ്ത മുശാവറ അംഗം എന്ന നിലയില്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇപ്പോഴത്തെ ഇടതുപക്ഷ ഗവണ്‍മെന്റ് മുസ്ലിമീങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ലാ എന്നത് ബഹു. സമസ്തയുടേതെന്ന രൂപത്തില്‍ പറയുന്നത് എതിര്‍ക്കപ്പെടേണ്ടതല്ലെ…? അതും ബഹു.സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവര്‍കള്‍ വിലക്കിയതിന് ശേഷവും ഈ പറയുന്ന കൂട്ടര്‍ ന്യായീകരിക്കുകയും എന്നെ എതിര്‍ക്കുകയും ചെയ്യുന്നത് സയ്യിദുല്‍ ഉലമയുടെ വാക്കുകള്‍ ധിക്കരിക്കലും സമസ്ത വിരുദ്ധവുമല്ലെ..
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന മുഅ്മിനീങ്ങള്‍ ഇങ്ങിനെ പറയാമൊ?? എനിക്ക് എതിരെ സത്യവിരുദ്ധമായി പറയുന്നതെല്ലാം എനിക്ക് എതിരേയുള്ള ഈബത്താണ്…
ഈബത്ത് പറയുന്നവര്‍ വല്ല ഇബാദത്തും ചെയ്തവരാണെങ്കില്‍ അവരുടെ ഇബാദത്തുകള്‍ പറയപ്പെട്ടവന് ലഭിക്കുമെന്നും, ഇബാദത്ത് ചെയ്യാത്തവനാണെങ്കില്‍ ഈബത്ത് പറയപ്പെട്ടവന്റെ തെറ്റ് കുറ്റങ്ങള്‍ ഈബത്ത് പറഞ്ഞവനിലേക്ക് ചെല്ലുമെന്നും ഇസ്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.. എന്റെ പേരില്‍ ഇപ്പോള്‍ പറയുന്നത് മുഴുവന്‍ ഈബത്താണ് എന്ന കാര്യം എനിക്ക് ഉറപ്പാണ്.. എന്റെ പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ കെട്ടി ചമച്ച് ഈബത്ത് പറയുന്നവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരാണെങ്കില്‍ പിന്തിരിയണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു…
എം.സി.മായിന്‍ഹാജി
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക