കോഴിക്കോട്: മലയാളിയായ അമ്മയും മകനും ദല്‍ഹിയിലെ ഫ്‌ലാറ്റില്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സുഹൃത്ത്. കോട്ടയം പാമ്പാടി സ്വദേശി ലിസിയും മകന്‍ അലന്‍ സ്റ്റാലിയെയുമായിരുന്നു ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെറ്റായ മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് അലന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം രംഗത്തെത്തിയത്.
ആറ് മാസം മുന്‍പ് ഇരുവരും ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും നേരിടുന്നുണ്ടായിരുന്നെന്നും എന്നാല്‍ തെറ്റ് ചെയിതിട്ടില്ലെന്ന ബോധ്യം ഉള്ളതിനാല്‍ അത് അവരെ തളര്‍ത്തിയിരുന്നില്ല. എന്നാല്‍ ഈ സംഭവത്തെ കൂടത്തായ് കേസുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുകയും വീഡിയോ തയ്യാറാക്കിയതും ഇവരെ മാനസികമായി തളര്‍ത്തി. ഇതില്‍ മനസ് വിഷമിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുടത്തായി കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത് വരെയും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും എന്നാല്‍ വാര്‍ത്ത വന്നതില്‍ പിന്നെ കോളുകള്‍ എടുക്കാതായെന്നും സുഹൃത്ത് പറയുന്നു.
ഐ.ഐ.ടി ദല്‍ഹിയില്‍ ഫിലോസഫിയില്‍ ഗവേഷണം ചെയ്തിരുന്ന അലന്‍ കഴിഞ്ഞ വര്‍ഷമാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. 2 മാസം മുന്‍പ് ലിസി ദല്‍ഹിയിലെത്തിയ ശേഷം പീതംപുരയില്‍ താമസമാക്കി. അലന്റെ സുഹൃത്തുക്കള്‍ ഇന്നലെ ഫ്‌ലാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അലന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം.
നാല് ദിവസം മുമ്പ് (October 15) മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. അലന്‍റെ അമ്മയെകുറിച്ച് മോശമായ രീതീയില്‍ അഞ്ച് കോളം വാര്‍ത്ത അവര്‍ എഴുതിപിടിപ്പിച്ചിരുന്നു. വാര്‍ത്തയുടെ ചുവടുപിടിച്ച് യൂറ്റ്യൂബ് ചാനലുകളായ മറുനാടനും മലയാളി വാര്‍ത്തയും മറ്റും വാര്‍ത്തകള്‍ പടച്ചുവിട്ടു. ആന്‍റിയെ കൂടത്തായിയോട് ചേര്‍ത്ത്. എരിവും പുളിയും കൂട്ടി.
സംഭവിച്ചത് ഇതാണ്. ആറ് മാസമായി അവര്‍ ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് നേരിടുന്നുണ്ടായിരുന്നു. കേസും കാര്യങ്ങളും അവരെ തളര്‍ത്തി. പക്ഷെ തെറ്റ് ചെയ്യാത്തതിനാല്‍ പിടിച്ചുനില്‍ക്കണമെന്ന് അവനും ആന്‍റിയും തീരുമാനിച്ചു. വക്കീലിനെ വെച്ചു. ഉറച്ചുനിന്നു. അതിനിടയിലാണ് ഈ വാര്‍ത്ത വരുന്നത്.
അതുവരെ കേസില്‍ ഉറച്ചുനിന്ന ആന്‍റിയുടെയും അലന്‍റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഒക്ടോബര്‍ 15 ന് വാര്‍ത്ത വന്ന മുതലായിരുന്നു. ഒക്ടോബര്‍ 18 ന് മറുനാടനും മലയാളി വാര്‍ത്തയും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. എന്തും സഹിക്കാം. മാനഹാനി അവര്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ഒക്ടോബര്‍ 19 ന് അവര്‍ പോയി.
അതുവരെ എല്ലാ ആഴ്‌ചയും ഞങ്ങളോട് ചിരിച്ചും ഫിലോസഫി പറഞ്ഞും സംസാരിച്ചിരുന്ന അവന്‍ അന്ന് തൊട്ട് ഞങ്ങളുടെ കോളുകള്‍ എടുക്കാതായി. ദല്‍ഹിയിലുള്ള ഞങ്ങളുടെ സുഹൃത്തുകള്‍ അവന്‍റെ അടുത്തെത്തി. അവനും അമ്മയും വല്ലാതായിരുന്നു.
ഞാനൊന്ന് ചോദിക്കട്ടെ? നിങ്ങള്‍ മനോരമയും മറുനാടനും കൂടിയല്ലേ എന്‍റെ അലനേയും അമ്മയേയും കൊന്നത്? ഒടുവില്‍ കേസിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്നും എഴുതിവിട്ട് നിങ്ങള്‍ ചെയ്ത തെറ്റില്‍ നിന്ന് കൈകഴുകി രക്ഷപെടുന്നു. അവനേയും അമ്മയേയും കുറിച്ച് ഇന്ന് രാവിലെയും മനോരമയും മറുനാടനും, മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ അവനെ വെറുതെ വിടുന്നില്ല.
ഇതൊന്നും ഇവിടെ ആദ്യമല്ല. എത്രയോ പേരുടെ ജീവിതങ്ങള്‍ ഒരു ക്ലിക്ക് കിട്ടുന്നതിനുവേണ്ടി നിങ്ങള്‍ നശിപ്പിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെ പേരും വെച്ച്.
വിധി കല്‍പ്പിക്കേണ്ടത് മനോരമയും മറുനാടനുമല്ല. കോടതിയാണ്.
ഇനി സെന്‍സേഷണലിസത്തിന് വേണ്ടി നിങ്ങള്‍ ഇത് ചെയ്യരുത്. എത്രയോ പേരെ നിങ്ങള്‍ കൊന്നു. അതില്‍ ഞങ്ങളുടെ അലനും.