ബ്ലെസി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായ ആടുജീവിതം ഇന്ന് സ്‌ക്രീനിലെത്തിയിരിക്കുകയാണ്. 10 വര്‍ഷത്തോളമെടുത്ത് ബ്ലെസി എഴുതിയ സ്‌ക്രിപ്റ്റിനോട് നീതി പുലര്‍ത്താന്‍ പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ അമ്പരപ്പിക്കുന്നതാണ്. നജീബ് എന്ന കഥാപാത്രത്തിനായി ശരീരഭാരം 30 കിലോയോളം കുറച്ചത് വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് ചലച്ചിത്രരൂപത്തില്‍ എത്തുമ്പോള്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെയാണ് സിനിമ കാണാന്‍ പോകുന്നത്
സിനിമയുടെ റിലീസിന്റെ തലേന്ന് ചിത്രത്തിന്റെ സബ്‌ടൈറ്റിലുകള്‍ തയാറാക്കിയ വിവേക് രഞ്ജിത് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒന്നര വര്‍ഷത്തോളം ഈ സിനിമയോടൊപ്പം യാത്ര ചെയ്തിട്ടുണ്ടന്നും, ബ്ലെസിയും പൃഥ്വിരാജും ഈ സിനിമക്ക് വേണ്ടി എടുത്ത ചലഞ്ച് ഗംഭീരമാണന്നും വിവേക് പറഞ്ഞു. ഒരുപാട് തിരിച്ചടികള്‍ നേരിട്ടിട്ടും അതില്‍ തളരാതെ മുന്നോട്ട് പോയ രണ്ട് പേരുടെയും സമര്‍പ്പണം ഈ സിനിമയില്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എ.ആര്‍ റഹ്‌മാന് ഈ സിനിമയില്‍ നല്‍കിയ ട്രാക്കുകള്‍ കേട്ട് ഞാന്‍ ട്രാന്‍സ് അവസ്ഥയിലായെന്നും, മലയാളികളല്ലാത്തവരും ഈ സിനിമ ഇഷ്ടപ്പെടുമെന്നും വിവേക് പറഞ്ഞു. സിനിമ കാണാന്‍ പോകുമ്പോള്‍ ധാരാളം വെള്ളം കൈയില്‍ കരുതിക്കോളുവെന്നും ആവശ്യം വരുമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന്റെ പൂര്‍ണരൂപം,
‘ആടുജീവിതം നാളെ റിലീസ് ചെയ്യും. ഏകദേശം 1.5 വര്‍ഷമായി ഞാന്‍ ഈ യാത്രയുടെ ഭാഗമാണ്. മലയാള സിനിമയിലെ ഈ നാഴികക്കല്ലായ ചിത്രത്തിലേക്ക് എന്നെ എത്തിച്ചതിന് റോബിന്‍ ജോര്‍ജ് മാത്യൂസിന് ഒരായിരം നന്ദി. ഇത്രയും വലിയ സിനിമകളില്‍ സബ്ടൈറ്റില്‍ ചെയ്യാന്‍ എപ്പോഴും കഴിയണമെന്നില്ല, ഒപ്പം എ.ആര്‍. റഹ്‌മാന്റെ സ്‌കോര്‍ എന്നെ ഓരോ തവണയും ട്രാന്‍സ് അവസ്ഥയിലാക്കി.
ഈ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഇത്രയും വര്‍ഷം എത്രമാത്രം പരിശ്രമിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍, എണ്ണമറ്റ തിരിച്ചടികളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും കടന്നുപോയ, ജീവിതത്തിന്റെ ഇത്രയും വര്‍ഷങ്ങള്‍ ചിലവഴിച്ച ബ്ലെസി സാറിനും പൃഥ്വിരാജ് സുകുമാരനും എല്ലാവിധ ആശംസകളും നേരുന്നു.
ഈ സിനിമയെ അതിമനോഹരമായ രൂപത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ബ്ലെസി സാറിന്റെ അചഞ്ചലമായ ബോധ്യവും കഥാപാത്രമാകാനുള്ള രാജുവേട്ടന്റെ അവിശ്വസനീയമായ അര്‍പ്പണബോധവും സിനിമാ ചരിത്രത്തിന്റെ ഭാഗമാകും.
സുനില്‍ കെ.എസ്, ശ്രീകര്‍ പ്രസാദ് സാര്‍, എ.ആര്‍ റഹ്‌മാന്‍ സാര്‍, റസൂല്‍ പൂക്കുട്ടി സാര്‍, റോബിന്‍, സുശീല്‍ ചേട്ടന്‍, രഞ്ജിത്ത് അമ്പാടി, പ്രശാന്ത് മാധവ്, സ്റ്റെഫി സേവിയര്‍, അമല പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ്, കൂടാതെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാ ആശംസകളും നേരുന്നു.
ബെന്യാമിന്‍ സാറിന് എല്ലാവിധ ആശംസകളും നേരുന്നു. നജീബ് സാറിന് ഈ സിനിമയും അതിന്റെ വിജയവും അനന്തമായ സന്തോഷവും മനോഹരമായ ജീവിതവും നല്‍കട്ടെ എന്ന് ആശംസിക്കുന്നു.
ലോകം മുഴുവനുമുള്ള സിനിമാപ്രേമികള്‍ ആടുജീവിതം കാണുന്നതുവരെ കാത്തിരിക്കാനാവില്ല. ബിഗ് സ്‌ക്രീനില്‍ സിനിമ അനുഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
PS – തിയേറ്ററിലേക്ക് പോകുമ്പോള്‍ ധാരാളം വെള്ളം കൊണ്ടുപോവുക, നിങ്ങള്‍ക്കത് ആവശ്യം വരും,’ വിവേക് പറഞ്ഞു.
Content Highlight: Facebook post of Aadujeevitham subtitleist going viral