തിരുവനന്തപുരം: സിനിമാ താരം രമേശ് പിഷാരടിയുടെ പ്രസ്താവനയെ വിമർശിച്ച് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ്. എം. രഘു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. സുരേഷ് ഗോപിക്ക് അനുകൂലമായി പ്രസ്താവനകളിറക്കുന്ന പിഷാരടി മമ്മൂട്ടിക്കെതിരെ ഒരു വിഷയം വന്നപ്പോൾ ഒന്നും മിണ്ടിയില്ലെന്നും, വലിയ അപകടം ജനിപ്പിക്കുന്ന കാര്യങ്ങളെയാണ് പിഷാരടി ലളിതവത്ക്കരിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
ബി.ജെ.പി ഹിന്ദുത്വ അജണ്ടയുള്ള പാർട്ടിയാണെങ്കിലും അതിൽ പ്രവർത്തിക്കുന്നവരെല്ലാം അതേ ആശയക്കാരാവണമെന്നില്ലെന്നും ജയ് ശ്രീറാം വിളിച്ചാൽ സംഘിയെന്ന് ചാപ്പയടിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിഷാരടി പറഞ്ഞത്.
രാഷ്ട്രീയം നോക്കിയല്ല വ്യക്തിത്വം നോക്കിയാണ് സുരേഷ് ഗോപിക്ക് ആളുകൾ വോട്ട് നൽകിയതെന്നും സുരേഷ് ഗോപിയെ മലയാളികളെല്ലാം അംഗീകരിക്കുന്നുണ്ടെന്നും പിഷാരടി പറഞ്ഞിരുന്നു.
‘കുറച്ച് പേർ ചേർന്ന് ഏതെങ്കിലും മുസ്‌ലിമിനെ വളഞ്ഞിട്ടു മർദിച്ച് ‘ബോൽ ജയ് ശ്രീറാം’ എന്ന് ആക്രോശിക്കുന്ന ടൈപ്പ് വീഡിയോകൾ ഇടക്കാലത്തു വൈറൽ ആയപ്പോളാണ്, ‘ജയ് ശ്രീറാം’ വിവാദം ഉണ്ടാകുന്നത്. അത്തരം വീഡിയോസ് ഒന്നു പോലും കാണാത്ത പാരലൽ വേൾഡ് ജീവി അല്ല പിഷാരടി എന്നു നന്നായറിയാം,’ എന്ന് പറഞ്ഞാണ് സുദേഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
‘സകല സമയവും ഒട്ടി നടക്കുന്ന മമ്മൂട്ടിക്കെതിരെ അതി തീവ്ര ഹെയ്റ്റ് കാമ്പയിൻ ഇവിടെ നടക്കുന്നതു കാണാത്ത ആളൊന്നുമല്ലല്ലോ – ഒരു വാക്കു കൊണ്ട് താൻ അതു തിരുത്താൻ ശ്രമിച്ചോ? ‘നല്ല മനുഷ്യൻ’ സുരേഷ് ഗോപി ആ വിഷയത്തിൽ നിലപാട് എടുത്തോ?’ എന്നും സുദേഷ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറച്ച് പേർ ചേർന്ന് ഏതെങ്കിലും മുസ്‌ലിമിനെ വളഞ്ഞിട്ടു മർദിച്ച് “ബോൽ ജയ് ശ്രീറാം” എന്ന് ആക്രോശിക്കുന്ന ടൈപ്പ് വീഡിയോകൾ ഇടക്കാലത്തു വൈറൽ ആയപ്പോളാണ്, ‘ജയ് ശ്രീറാം’ വിവാദം ഉണ്ടാകുന്നത്.
അത്തരം വീഡിയോസ് ഒന്നു പോലും കാണാത്ത പാരലൽ വേൾഡ് ജീവി അല്ല പിഷാരടി എന്നു നന്നായറിയാം. പക്ഷേ ,’ജയ് ശ്രീറാം വിളിയെപ്പോലും വർഗീയതയായി കാണുന്നു’ എന്ന സംഘി നരേറ്റിവ് പിഷാരടി അങ്ങ് ഏറ്റു പിടിക്കുകയും ചോദ്യം ചെയ്താൽ, ‘ഓ, ഇനി ഇപ്പോ എന്നെയും സംഘി ആക്കിക്കോ’ എന്നു മറുപടി പറയാൻ വെമ്പി നിൽക്കുകയുമാണ്.!
സത്യത്തിൽ ഇതിനേക്കാൾ അപകടകരമായ ഐറ്റംസ് പിഷാരടി ആ അഭിമുഖത്തിൽ പറഞ്ഞു എന്നത് അതിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചപ്പോൾ കിട്ടി. ‘സുരേഷ് ഗോപിയുടെ വിജയത്തെ സംഘി വിജയമായി കാണണ്ട. എല്ലാ സംഘികളും മോശക്കാരല്ല’ എന്ന മട്ടിലുള്ള, അപകടകരമായ വെള്ളം ചേർക്കലുകൾ അയാൾ പറയുന്നുണ്ട്.
സുരേഷ് ഗോപി, ടിപ്പിക്കൽ സംഘി അല്ല എന്ന വാദം എന്തിന്റെ അടിസ്ഥാനത്തിലാണ് പിഷാരടി പറയുന്നത്? സുരേഷ് ഗോപി സമ്മതിക്കുമോ ഈ വാദം? സംഘികളുടെ പ്രഖ്യാപിത ഹിന്ദുത്വ – മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി സുരേഷ് ഗോപി എടുത്ത ഒരു നിലപാടെങ്കിലും പറയാമോ? ഇക്കണ്ട രാഷ്ട്രീയ പാർട്ടികൾ ഒക്കെയുള്ള രാജ്യത്ത് സംഘപരിവാറിനെത്തന്നെ തന്റെ പ്രവർത്തന മണ്ഡലമായി അയാൾ തിരഞ്ഞെടുത്തത് അതിന്റെ കോർ ഐഡിയോളജിയെ അനുകൂലിക്കുന്നതു കൊണ്ടല്ലെങ്കി പിന്നെന്തിന്?
മണിപ്പൂർ, ഫലസ്തീൻ, ശബരിമല തുടങ്ങിയ വിഷയങ്ങളിൽ അയാൾ എടുത്ത നിലപാട് സംഘയിൽ നിന്നു വ്യത്യസ്തമായ ഒന്നാണോ? “എന്റെ മതത്തെ തൊട്ടാൽ കാച്ചിക്കളയും ” എന്ന് രൂക്ഷ മുഖഭാവത്തോടെ നികേഷ് കുമാറിനോടു കയർത്തതു കണ്ടതല്ലേ? സംഘികളുടെ ഏതെങ്കിലും മുസ്ലിം വിരുദ്ധ പ്രചാരണത്തെയോ കേരള വിരുദ്ധ ക്യാമ്പയിനെയോ സുരേഷ് ഗോപി എതിർത്തോ?
‘നല്ല മനുഷ്യൻ’ എന്ന വാക്ക് കൂടെ പിഷാരടി ചേർക്കുന്നുണ്ട്. ശരി, താൻ സകല സമയവും ഒട്ടി നടക്കുന്ന മമ്മൂട്ടിക്കെതിരെ അതി തീവ്ര ഹെയ്റ്റ് കാമ്പയിൻ ഇവിടെ നടക്കുന്നതു കാണാത്ത ആളൊന്നുമല്ലല്ലോ – ഒരു വാക്കു കൊണ്ടു താൻ അതു തിരുത്താൻ ശ്രമിച്ചോ? ‘നല്ല മനുഷ്യൻ’ സുരേഷ് ഗോപി ആ വിഷയത്തിൽ നിലപാട് എടുത്തോ? മമ്മൂട്ടി ആണ് തന്റെ കരിയറിലെ തണൽ എന്നൊക്കെ തള്ളിയ ഉണ്ണി മുകുന്ദൻ വാ തുറന്നോ? ഒരു സംഘി ഒരിക്കലും തന്റെ രാഷ്ട്രീയം വിട്ടു കളിക്കില്ല പിഷാരടി.
പ്രഖ്യാപിത സംഘി രാഷ്ട്രീയം തന്നെ ആണ് എല്ലാ സംഘികളുടെ ഉള്ളിലും (കമ്മി, കൊങ്കി രാഷ്ട്രീയക്കാർ ഐഡിയോളജിയിൽ വെള്ളം ചേർത്തു നേർപ്പിക്കുന്ന പോലെ സംഘിയിലും അങ്ങനെ ‘നേർത്ത സംഘി ഉണ്ട്’ എന്ന വാദമൊക്കെ തെളിവില്ലാത്തതാണ് )
സംഘി-ഹിന്ദുത്വ രാഷ്ട്രീയത്തോട് ഇത്രയും അലസ സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് രാത്രിക്കു രാത്രി തന്റെ പാർട്ടിയുടെ മുൻ മുഖ്യ മന്ത്രിമാർ പോലും ബി.ജെ.പിയിലേക്കു ചാടുന്നതെന്നു പിഷാരടി മനസിലാക്കുക. അതോ, സ്വയം അങ്ങനെ ചാടാൻ നിൽക്കുക ആണോ എന്നും അറിയില്ല.
Content Highlight: Facebook post against ramesh pishardi