| Friday, 6th January 2023, 11:28 am

ഫിക്ഷന്‍ സിനിമകള്‍ എടുത്തവര്‍ക്ക് പ്ലേറ്റിലും, നോണ്‍ ഫിക്ഷന്‍ സിനിമയെടുത്തവര്‍ക്ക് കുമ്പിളിലും കഞ്ഞി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വിമര്‍ശനങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി 10നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എല്ലാ തവണത്തെയും പോലെ ഡോക്യുമെന്ററി സിനിമകളെ അവാര്‍ഡിനായി പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായെത്തിയിരിക്കുകയാണ് രാംദാസ് കടവുള്ളൂര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകത്ത് ഒരിടത്തുമില്ലാത്ത വിവേചനമാണ് ഡോക്യുമെന്ററി സിനിമകളോട് കേരളം പുലര്‍ത്തുന്നതെന്നും, ഇത്തരം സിനിമകള്‍ സിനിമാ വിഭാഗത്തില്‍ പെടുന്നതല്ലേയെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. ഫിക്ഷന്‍ സിനിമകളും താരമൂല്യമുള്ള സിനിമകളുമാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടമെന്നും, അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും പലരും സിനിമയെ എന്റ്ര്‍ടെയിനറായിട്ടാണ് കാണുന്നതെന്നും എന്നാല്‍ സര്‍ക്കാരും അക്കാദമിയും ഇതേ പൊതുബോധം തന്നെ കൊണ്ട് നടക്കുന്നത് ചോദ്യം ചെയ്യപ്പെടണമെന്നും രാംദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘എല്ലാ വര്‍ഷത്തെയും പോലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 10 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പതിവുപോലെ ഈ വര്‍ഷവും നോണ്‍ ഫിക്ഷന്‍ / ഡോക്യുമന്ററി വിഭാഗത്തിലുള്ള സിനിമകള്‍ അവാര്‍ഡിന്റെ പരിഗണനയിലില്ല. കഥാചിത്രങ്ങള്‍ക്ക് മാത്രമാണ് അവാര്‍ഡ്. ലോകത്ത് ഒരിടത്തുമില്ലാത്ത തരം വിവേചനമാണ് ഡോക്യുമെന്ററി സിനിമകളോട് കേരളം പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്.

ഡോക്യുമെന്ററി എന്നത് സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ലേ… ? ഫിക്ഷന്‍ സിനിമകളും താരമൂല്യമുള്ള സിനിമകളും ഒക്കെയാണ് കേമമെന്ന് പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ ചിന്തിക്കാനുള്ള അവകാശമുണ്ട്. കാരണം കൂടുതല്‍ പേര്‍ക്കും സിനിമയൊരു എന്റര്‍ടെയിന്‍മെന്റ് മെറ്റീരിയല്‍ മാത്രമാണ്. എന്നാല്‍ സര്‍ക്കാരും , ചലച്ചിത്ര അക്കാദമിയും ഇതേ പൊതുബോധം തന്നെയാണ് കൊണ്ടു നടക്കുന്നത് എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ മലയാളത്തില്‍ നിന്നുള്ള ഡോക്യുമെന്ററിയാണ് അനീസ് കെ മാപ്പിളയുടെ ‘ദി സ്ലേവ് ജെനിസിസ്.’ അങ്ങനെയൊരു നേട്ടം മലയാള സിനിമക്ക് കൈവരിക്കാനായത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നോണ്‍ ഫിക്ഷന്‍ / ഡോക്യുമെന്ററി ഒരു പരിഗണന വിഭാഗം ആയതു കൊണ്ടാണ്. ഇക്കഴിഞ്ഞ 75മത് കാന്‍സ് ചലച്ചിത്രമേളയില്‍ ‘ഗോള്‍ഡന്‍ ഐ’ പുരസ്‌കാരം നേടിയത് , ഷോനക് സെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ‘ഓള്‍ ദാറ്റ് ബ്രീത്സാണ്ട’ എന്ന സിനിമയാണ്.

ഞാന്‍ ചെയ്ത ‘മണ്ണ്’ എന്ന സിനിമ പങ്കെടുത്ത വിദേശ മേളകള്‍ , ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവല്‍ ഉള്‍പ്പെടെ, എവിടെയും നോണ്‍ ഫിക്ഷന്‍ സിനിമകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിവേചനമോ , കഥാചിത്രമെടുത്തവര്‍ക്ക് പ്‌ളേറ്റിലും നോണ്‍ ഫിക്ഷന്‍ സിനിമയെടുത്തവര്‍ക്ക് കുമ്പിളിലും കഞ്ഞി എന്ന ആറ്റിറ്റിയൂഡോ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല , നോണ്‍ ഫിക്ഷന്‍ സിനിമയെടുത്ത ഒരാള്‍ എന്ന നിലയില്‍ കൂടുതല്‍ ആദരവ് കിട്ടുന്നതായിട്ടാണ് അനുഭവപ്പെട്ടത് പോലും.

എന്തുകൊണ്ടാണ് മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് ഡോക്യുമെന്ററി സിനിമകളെ പരിഗണിക്കാത്തത് എന്നു ചോദിച്ചാല്‍ അക്കാദമി പറയുന്ന ഒരു വിചിത്ര വാദം , ഡോക്യുമെന്ററി സിനിമകള്‍ ടെലിവിഷന്‍ അവാര്‍ഡുകളുടെ കൂടെ പരിഗണിക്കുന്നുണ്ട് എന്നതാണ്. അക്കാദമിയോട് തിരിച്ച് ചോദിക്കാനുള്ള കാര്യം , ഇന്ന് മലയാളത്തിലെ ഏത് ടെലിവിഷന്‍ ചാനലാണ് ഒരു ഡോക്യുമെന്ററി സിനിമ സംപ്രേഷണം ചെയ്യുന്നത് …?

അഥവാ ഉണ്ടെങ്കില്‍ തന്നെ , അതത് ചാനലുകളുടെ സ്വന്തം പ്രൊഡക്ഷന്‍ അല്ലാതെ ( അതും ഏറിയാല്‍ ഇരുപത് / ഇരുപത്തഞ്ച് മിനിട്ട് മാത്രമുള്ളത് ) പുറത്തു നിന്നുള്ള ഒരു ഫീച്ചര്‍ ലെങ്ത് സിനിമ മലയാളത്തിലെ ഏതെങ്കിലും ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് സംപ്രേഷണം ചെയ്യാന്‍ തയ്യാറാവാറുണ്ടോ? അതിനുമപ്പുറം , ഡോക്യുമെന്ററി സിനിമയെന്നാല്‍ ടെലിവിഷനില്‍ കാണിക്കാനായി ഉണ്ടാക്കുന്ന ഒരു സാധനം എന്നാണോ അക്കാദമി പോലും ധരിച്ചു വച്ചിരിക്കുന്നത്..?

ടെലിവിഷന്‍ അവാര്‍ഡിന്റെ കൂടെ ഡോക്യുമെന്ററി സിനിമകളെ പരിഗണിക്കേണ്ടത് , ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി സിനിമകള്‍ മാത്രമായിരിക്കണം.അതല്ലാത്ത , എല്ലാ ഡോക്യുമെന്ററി സിനിമകള്‍ക്കും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ കൂട്ടത്തില്‍ തന്നെയാണ് പരിഗണന കിട്ടേണ്ടത്. ഇത്രയും എഴുതിയത് , എന്റെ സിനിമക്ക് അവാര്‍ഡ് കിട്ടാന്‍ വേണ്ടിയാണ് എന്ന് കരുതരുത്. നോണ്‍ ഫിക്ഷന്‍ സിനിമകള്‍ക്കു കൂടി പങ്കെടുക്കാം എന്നൊരു തിരുത്തല്‍ ഈ സര്‍ക്കുലറില്‍ വന്നാല്‍ പോലും ‘മണ്ണ്’ അവാര്‍ഡിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

അവാര്‍ഡിനു വേണ്ടി സിനിമയെടുത്തിട്ടില്ല എന്നതു കൊണ്ട് തന്നെയാണ് , സിനിമയെടുത്ത് മൂന്നു കൊല്ലം കഴിഞ്ഞിട്ടും , ദേശീയ ചലച്ചിത്ര അവാര്‍ഡിന് ഈ സിനിമ സമര്‍പ്പിക്കാത്തതും. ഞാന്‍ വാദിക്കുന്നത് ഫിക്ഷന്‍ സിനിമകളോട് അക്കാദമിക്കും സര്‍ക്കാരിനും ഉള്ള വരേണ്യ പരിഗണന തിരുത്താന്‍ വേണ്ടിയാണ്. മാര്‍ജിനലൈസ്ഡായയ മനുഷ്യരുടെ സത്യസന്ധമായ ജീവിതാഖ്യാനങ്ങള്‍ , അനുഭവങ്ങള്‍ മുന്നോട്ടു വെക്കുന്ന എത്ര ഫിക്ഷന്‍ സിനിമകള്‍ എണ്ണാന്‍ കഴിയും.. ?

ആ രേഖപ്പെടുത്തല്‍ ഏറിയ പങ്കും നടന്നിട്ടുള്ളത് ഡോക്യുമെന്ററി സിനിമകളിലൂടെയാണ്. അവാര്‍ഡിന് പരിഗണിക്കപ്പെടാമെന്ന് വന്നാല്‍ പോലും , സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത , ഒരു പക്ഷേ സര്‍ക്കാര്‍ പ്രൊമോഷന്‍ ഡോക്യുമെന്ററി സിനിമകള്‍ ഒക്കെ തന്നെയാകും അവാര്‍ഡ് നേടുക. ആ പഴുതുകള്‍ ഒക്കെ നില്‍ക്കുമ്പോഴും , ഡോക്യുമെന്ററി സിനിമകളെ , സിനിമകളുടെ ശ്രേണിയില്‍ തന്നെ പരിഗണിക്കപ്പെടുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

അങ്ങനെ വന്നാല്‍ , ഫിക്ഷന്‍ ആഖ്യാനങ്ങള്‍ക്ക് വെളിയില്‍ നില്‍ക്കുന്ന വിഷയങ്ങള്‍ കൂടി പറയാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരും, ഡോക്യുമെന്ററി സിനിമകള്‍ കൂടി കാണുന്ന സിനിമാ പ്രേക്ഷക സമൂഹവും വലുതായി വരും. ‘മണ്ണ് ‘ പ്രദര്‍ശിപ്പിച്ച ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഓപ്പണ്‍ ഫോറത്തില്‍ ക്ഷണിതാവായ സമയത്ത് ഈ വിഷയം പറഞ്ഞപ്പോള്‍ സദസിന്റെ ഭാഗത്ത് നിന്നും വലിയ അക്‌സെപ്റ്റന്‍സാണ് കിട്ടിയത്.

അന്ന് സദസിലുണ്ടായിരുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഇക്കാര്യം പരിഗണനക്കെടുക്കാമെന്നും, സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാമെന്നും അവിടെ വെച്ചു തന്നെ വാഗ്ദാനം ചെയ്തതുമാണ്. ചെയര്‍മാന്‍ മാറി , പുതിയ ചെയര്‍മാന്‍ വന്നു. വാഗ്ദാനങ്ങളെല്ലാം അവിടെ തന്നെ കിടന്നു , അക്കാദമി ഇപ്പോഴും കഥാചിത്രങ്ങളെ അവാര്‍ഡുകള്‍ക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു. സിനിമയെ ഒരു കലാസൃഷ്ടിയായി പരിഗണിക്കുമ്പോള്‍ , ഫിക്ഷന്‍ സിനിമകള്‍ക്കു മാത്രമായി എന്തു വരേണ്യതയാണ് ഉള്ളത്.. ?

ഈ സര്‍ക്കുലര്‍ തിരുത്തണം , ഈ വര്‍ഷം തന്നെ ഡോകുമെന്ററി സിനിമകള്‍ കൂടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് പരിഗണിക്കപ്പെടണം എന്നാവശ്യപ്പെട്ട് , സമാനമനസ്‌കരുടെ കൂടി പിന്തുണയോടെ ഒരു കാംപെയ്ന്‍ തുടങ്ങിയാലോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു,’ ഫേസ്ബുക്കില്‍ കുറിച്ചു.

CONTENT HIGHLIGHT:FACEBOOK POST AGAINST  KERALA STATE AWARD

We use cookies to give you the best possible experience. Learn more