'കേരളത്തില്‍ വീണ്ടും കൊവിഡ് പടര്‍ന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട്'; പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍
COVID-19
'കേരളത്തില്‍ വീണ്ടും കൊവിഡ് പടര്‍ന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട്'; പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 11:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പുരോഗമിക്കവെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പാലക്കാട് ഹേമാമ്പിക നഗര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ ഓഫീസറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേരളത്തില്‍ വീണ്ടും കൊറോണ വ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ വീഴ്ചയായണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇതോടെ ആകെ 265 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 237 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് സ്ഥിരീകരിച്ച 9 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 164130 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. തിരുവന്തപുരത്തും കോഴിക്കോടും ഓരോ ആളുകള്‍ രോഗവിമുക്തരായി.

രാജ്യത്ത് ഇന്ന് മാത്രം 386 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 1637 ആയി.

38 പേരാണ് രാജ്യത്താകെ ഇതുവരെ രോഗബാധയില്‍ മരിച്ചത്. 132 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്നാണ്.