കോഴിക്കോട്: രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അരാഷ്ട്രീയത പ്രചരിപ്പിക്കുന്നവരെ ട്രോള്‍ ചെയ്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. രാഷ്ട്രീയം അനാവശ്യമാണെന്നും മരിച്ചാല്‍ നഷ്ടം വീട്ടുകാര്‍ക്ക് മാത്രമാണെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളെ പരിഹസിച്ചാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും അധ്യാപകനുമായ കെഎം വിശ്വദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
സ്‌നേഹിതരെ,
ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ. എന്ന് പറഞ്ഞാണ് വിശ്വദാസ് കുറിപ്പ് ആരംഭിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യം മാത്രം പറയുന്ന അരാഷ്ട്രീയ വാദികളെ പരിഹസിക്കുന്ന തരത്തിലാണ് കുറിപ്പ് തുടര്‍ന്ന് പോവുന്നത്.
മതവിശ്വാസികളോട് മതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും തീര്‍ത്ഥാടനങ്ങള്‍ക്ക് പോവരുതെന്നും പറയുന്നു. ബിഷപ്പും പുരോഹിതന്മാരും സുരക്ഷിതരാണെന്നും തീര്‍ത്ഥാടനത്തിനിടയില്‍ ആളുകള്‍ അപകടത്തില്‍ പെട്ട് കൊല്ലപ്പെടുന്നെന്നും കുറിപ്പില്‍ പറയുന്നു.
ഭഗത് സിംഗും ഗാന്ധിയും വിഡ്ഢിത്തരമായിരുന്നെന്നും അവര്‍ക്ക് സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ മതിയായിരുന്നെന്നും അരാഷ്ട്രീയ പ്രചാരണങ്ങളെ പരിഹസിച്ച് വിശ്വദാസ് കുറിച്ചു.
“സ്‌നേഹിതരെ, സുഹൃത്തുക്കളെ..നാം നമ്മെയല്ലാതെ നോക്കുന്ന ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്. നഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കൂ.. അവനവന്റെ നാറ്റത്തിലേക്ക് മാത്രം മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ.. മരിക്കുന്നതുവരെ ശവമായി
ജീവിക്കുന്നതാകുന്നു ജീവിതം.” അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്നേഹിതരെ,
ഞാനെന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
ഈ കെട്ട കാലത്ത് കണ്ടവന്റെ
വാൾതലപ്പിൽ ഒടുങ്ങാൻ വയ്യ.
ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ
അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക്
മാത്രമായിരിക്കും നഷ്ടം.
മറ്റെല്ലാരും വന്നു നോക്കി തിരിച്ചു പോകും.
നേതാക്കൻമാർ എന്നു പറയുന്നവർ
നമ്മളേക്കാൾ സേഫ് ആണ്…
അവരെ ആരും ഒന്നും ചെയ്യില്ല..
അതു കൊണ്ട് ഇനി എന്റെ
കാര്യം മാത്രം നോക്കി മുന്നോട്ട്.
പ്രിയപെട്ട മത വിശ്വാസികളെ…
നിങ്ങളിനി മത പ്രവർത്തനളിൽ
ഏർപ്പെടരുത്.. എത്ര പേരാണ്
മതത്തിന്റെ പേരിൽ കൊലചെയ്യപെടുന്നത്.
സ്വാമിയും ബിഷപ്പും ഒക്കെ സേഫാണ്.
പാവപെട്ട വിശ്വാസികളാണ് ഇരകൾ.
നിങ്ങളുടെ ഉമ്മ, അമ്മ.. അവർക്ക്
നിങ്ങളല്ലാതെ മറ്റാരുണ്ട്.
നിങ്ങൾ ചത്താൽ മത നേതാക്കൾ
ഒക്കെ വന്നു നോക്കി പോവുമായിരിക്കും.
പക്ഷെ നഷ്ടം നിങ്ങളുടെ
ഉമ്മമാർക്കും അമ്മമാർക്കും
മാത്രമായിരിക്കും….
സ്നേഹം നിറഞ്ഞ ദൈവവിശ്വാസികളെ..
നിങ്ങളിനി തീർത്ഥാടനങ്ങൾക്കൊന്നും
പോകാൻ നിക്കരുതേ….
പേടിയാണ് ഓരോന്ന് കേൾക്കുമ്പോൾ.
എത്ര പേരാണ് ഓരോ വർഷവും
ശബരിമലയ്ക്കു പോണ വഴിയിലും
ഹജ്ജിനിടയിലും അപകടത്തിൽ പെടന്നത്.
തന്ത്രിയും ഇമാമും ഒന്നാം സാധാരണ
അപകടത്തിൽ പെടാറില്ല.
നമ്മുടെ വിശ്വാസം മനസിലൊതുക്കി
നമുക്ക് വീടുകളിൽ ഇരിയ്ക്കാം..
നമ്മുടെ കുഞ്ഞുങ്ങൾക്ക്
നമ്മളല്ലാതെ മറ്റാരുണ്ട്.
ഭഗത് സിംഗ്….
നീ എന്തൊരു വിഡ്ഢിയായിരുന്നു.
ഇപ്പോൾ എനിക്കെല്ലാം മനസിലാവുന്നുണ്ട്.
കേവലം ഇരുപത്തി നാലാം വയസിൽ
നീ തന്നെ പറഞ്ഞതു പോലെ
ജീവിതത്തെ കുറിച്ച് നിറമുള്ള
കിനാവുകൾ ഉണ്ടായിരുന്നപ്പോഴും
ജീവിതമെറിഞ്ഞ് ഉടച്ചു
കളഞ്ഞില്ലെ നീ മഠയാ …
നിനക്ക് നിന്റെ അമ്മയെ കുറിച്ച്
ഒന്നാലോചിക്കാമായിരുന്നില്ലെ…?
അവരുടെ തോരാത്ത
കണ്ണുനീരിനെ കുറിച്ച്….
എവിടെയോ നിനക്കായി
കാത്തിരിന്നേക്കാവുമായിരുന്ന
ആ പെൺകുട്ടിയെ കുറിച്ച്.
ഗാന്ധി ബ്രൊ…
ങ്ങളെന്ത് മണ്ടത്തരമാണ് ഭായ് കാണിച്ചത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴെങ്കിലും
മതേതരത്വം എന്നൊക്കെ പറഞ്ഞ്
ഇന്ത്യ മുഴുവൻ തെണ്ടാതെ
വല്ല പയറും പുഴുങ്ങി തിന്ന്
വീട്ടിലിരിക്കാമായിരുന്നില്ലെ.
എന്നാൽ മനുവിനും ആഭയ്ക്കെങ്കിലും
പിതൃ തുല്യനായ അങ്ങയെ
നഷ്ടപെടില്ലായിരുന്നു.
ദയവു ചെയ്ത് ഞങ്ങളുടെ
വരും തലമുറയെ കൂടി കേടാക്കാതെ
സിലബസിൽ നിന്ന് കൂടി
ഇറങ്ങി പോവുക.
സ്നേഹിതരെ, സുഹൃത്തുക്കളെ..
നാം നമ്മെയല്ലാതെ നോക്കുന്ന
ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്.
നഷ്ടങ്ങൾ പരമാവധി ഒഴിവാക്കൂ..
അവനവന്റെ നാറ്റത്തിലേക്ക് മാത്രം
മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ..
മരിക്കുന്നതുവരെ ശവമായി
ജീവിക്കുന്നതാകുന്നു ജീവിതം.