| Saturday, 2nd November 2024, 8:36 am

ക്രിമിനലുകളൊക്കെ പുറമ്പോക്കില്‍ നിന്നാണെന്ന മലയാളസിനിമയുടെ വലതുപക്ഷബോധത്തില്‍ നിന്നാണ് 'പണി'യും; ഫേസ്ബുക്ക് പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറയുന്നത്.

പണി സിനിമ തിയേറ്ററില്‍ എത്തിയതിന് പിന്നാലെ നിരവധി ആളുകള്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. ജോജുവിന്റെ പണി മലയാളസിനിമയുടെ സ്ഥിരം പണി തന്നെയാണെന്ന് പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ യാക്കോബ് തോമസ്.

ക്രിമിനലുകളൊക്കെ സമൂഹത്തിന്റെ പുറമ്പോക്കില്‍ നിന്നു വരുന്നവരാണെന്നുള്ളത് സ്ഥിരം ചിന്തയാണെന്നും സ്ഥലങ്ങളെക്കുറിച്ച് മലയാളസിനിമ പുലര്‍ത്തുന്ന വലതുപക്ഷബോധം പണിയും തുടരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യാക്കോബ് തോമസ് പണി സിനിമയെ കുറിച്ച് സംസാരിച്ചത്.

മലയാളസിനിമ ആഖ്യാനത്തിന്റെ കേന്ദ്രമാക്കിക്കൊണ്ട് ചില സ്ഥലങ്ങളെ സവിശേഷമായി നിര്‍മിച്ചെടുക്കാറുണ്ടെന്നും വരിക്കാശേരിമന പോലെ തൃശൂരിനെയും സിനിമ കാലങ്ങളായി നിര്‍മിച്ചെടുത്തതാണെന്ന് കാണാമെന്നും അദ്ദേഹം പറയുന്നു.

തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകള്‍ തൃശൂരിനെ വടക്കുംനാഥക്ഷേത്രം കേന്ദ്രത്തിലുള്ള സ്ഥലരാശിയായി ഭാവനചെയ്‌തെടുക്കുന്നുണ്ടെന്നും അടുത്തകാലത്ത് മലയാളസിനിമയില്‍ തൃശൂരിന് വലിയ പ്രാധാന്യമാണ് കിട്ടുന്നതെന്ന് കാണാമെന്നും യാക്കോബ് തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എന്നാല്‍ പണി സിനിമ ഈ ആഖ്യാന – ദൃശ്യഭാഷയെ തിരസ്‌കരിക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ ഷോട്ടില്‍ ക്ഷേത്രത്തെ ചുരുക്കിക്കൊണ്ട് ഏറിയപങ്കും കാണിക്കുന്ന ഒരു ഷോട്ട് ശക്തനിലെ ആകാശപ്പാതയാണെന്നും അദ്ദേഹം പറയുന്നു. അക്രമികളെ ഇല്ലായ്മ ചെയ്ത നായകന്റെ പണിയെ ചരിത്രത്തിലെ നാടുവാഴിയോട് ബന്ധിപ്പിക്കുന്ന ദൃശ്യഭാഷ മലയാളസിനിമയുടെ സ്ഥിരം പണിതന്നെയാണെന്നും യാക്കോബ് തോമസ് കൂട്ടിച്ചേര്‍ത്തു.

യാക്കോബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജോജുവിന്റെ പണി മലയാളസിനിമയുടെ സ്ഥിരം പണി തന്നെയാണ്. ക്രിമിനലുകളൊക്കെ സമൂഹത്തിന്റെ പുറമ്പോക്കില്‍ നിന്നു വരുന്നവരാണെന്നുള്ള സ്ഥിരം ചിന്തതന്നെ. സ്ഥലങ്ങളെക്കുറിച്ച് മലയാളസിനിമ പുലര്‍ത്തുന്ന വലതുപക്ഷബോധം പണിയും തുടരുന്നുവെന്നര്‍ഥം.

മലയാളസിനിമ ആഖ്യാനത്തിന്റെ കേന്ദ്രമാക്കിക്കൊണ്ട് ചില സ്ഥലങ്ങളെ സവിശേഷമായി നിര്‍മിച്ചെടുക്കാറുണ്ട്. വരിക്കാശേരിമന പോലെ തൃശൂരിനെയും സിനിമ കാലങ്ങളായി നിര്‍മിച്ചെടുത്തതാണെന്ന് കാണാം.

തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകള്‍ തൃശൂരിനെ വടക്കുംനാഥക്ഷേത്രം കേന്ദ്രത്തിലുള്ള സ്ഥലരാശിയായി ഭാവനചെയ്‌തെടുക്കുന്നുണ്ട്. അടുത്തകാലത്ത് മലയാളസിനിമയില്‍ തൃശൂരിന് വലിയ പ്രാധാന്യമാണ് കിട്ടുന്നതെന്നു കാണാം. ക്ഷേത്രകേന്ദ്രീകൃതമായ പട്ടണമെന്ന ആഖ്യാനമാണ് അതിലൂടെ ഉറപ്പിക്കപ്പെടുന്നതെന്നു പറയാം.

എന്നാല്‍ പണി ഈ ആഖ്യാന – ദൃശ്യഭാഷയെ തിരസ്‌കരിക്കുന്നുണ്ട്. തൃശൂരിന്റെ നഗരസ്വഭാവത്തിലാണ് പണിയിലെ ക്യാമറ സഞ്ചരിക്കുന്നത്. ഒന്നോ രണ്ടോ ഷോട്ടില്‍ ക്ഷേത്രത്തെ ചുരുക്കിക്കൊണ്ട് ഏറിയപങ്കും കാണിക്കുന്ന ഒരു ഷോട്ട് ശക്തനിലെ ആകാശപ്പാതയാണ്. ആകാശപ്പാതയുടെ രാത്രിദൃശ്യം സവിശേഷമായി ആവര്‍ത്തിക്കുന്നത് കാണാം.

എന്നാല്‍ സിനിമ അവസാനിക്കുന്നിടത്ത് മറ്റൊരു പണി കാണാം. സിനിമയുടെ അവസാനം വില്ലന്മാരെ നായകനും കൂട്ടരും ഇല്ലാതാക്കിയശേഷം അവര്‍ തിരികെപ്പോകുന്നിടത്താണ്. ആ രാത്രി ഷോട്ട് തുടങ്ങുന്നത്, നഗരത്തിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമയിലെ വാളില്‍നിന്നാണ്. അരയില്‍ തിരുകിയ വാള്‍ വ്യക്തമായി കാണിച്ച് ശക്തന്റെ പ്രതിമ പൂര്‍ണരൂപത്തില്‍ കാണിക്കുന്നു.

പ്രതിമ നില്ക്കുന്നതിന്റെ വശത്തുകൂടി പോകുന്ന വഴിയിലൂടെ നായകന്റെ വാഹനം കടന്നുപോകുന്നു. ആ ഷോട്ട് അവസാനിക്കുന്നതുവരെ, നായകന്റെ വാഹനം വിദൂരത്തിലെത്തുന്നതുവരെ ദൃശ്യം ശക്തന്‍ പ്രതിമയുടെ കാഴപ്പാടിലൂടെയാണ് കാണിക്കുന്നത്.

ഉടവാളും പിടിച്ചുനില്ക്കുന്ന നാടുവാഴിയുടെ പ്രതിമയില്‍ അവസാനിപ്പിക്കുന്നതെന്താവും പറയുന്നത്? അടുത്തകാലത്ത് തൃശൂരിനെക്കുറിച്ചുണ്ടായ ചര്‍ച്ചകളൊക്കെ നിരന്തരം ആവര്‍ത്തിക്കുന്നത് ശക്തന്‍ തമ്പുരാനെക്കുറിച്ചുകൂടിയാണ്. എതിരാളികളെ നിര്‍ദ്ദയം അടിച്ചമര്‍ത്തിയ നാടുവാഴിയെന്നാണ് അദ്ദേഹത്തെക്കുറിച്ചു പറയുന്നത്.

അക്രമികളെ ഇല്ലായ്മ ചെയ്ത നായകന്റെ പണിയെ ചരിത്രത്തിലെ നാടുവാഴിയോടു ബന്ധിപ്പിക്കുന്ന ദൃശ്യഭാഷ മലയാളസിനിമയുടെ സ്ഥിരം പണിതന്നെ. ക്ഷേത്രത്തിനെക്കാള്‍ നാടുവാഴിക്ക് പ്രധാന്യം നലകുന്ന ഭാഷ തൃശൂരിന്റെ സമകാലിക വാട്‌സാപ്പ് രാഷ്ട്രീയഭാഷകളോടും ചേര്‍ന്ന് നില്ക്കുന്നതാണെന്ന് വ്യക്തം.

Content Highlight: Facebook Post About Joju George’s Pani Movie

We use cookies to give you the best possible experience. Learn more