ഈ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാന്‍. കലാസംവിധായകന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയ പൊന്മാന്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ്.
ഒരുപാട് കാര്യങ്ങള്‍ ഒരൊറ്റ സിനിമയിലൂടെ പറയുന്നുണ്ട് പൊന്മാനില്‍. സ്ത്രീധനത്തിനെതിരായ രാഷ്ട്രീയം സംസാരിക്കുന്നതിനോടൊപ്പം സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്ന ഒരുകൂട്ടം ചെറുപ്പകാരെയും ചിത്രം വരച്ചിടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബേസില്‍ അവതരിപ്പിച്ച അജേഷ് പി.പി. എന്ന കഥാപാത്രം.
കോമഡിവേഷങ്ങളില്‍ തളച്ചിടപ്പെട്ട ബേസില്‍ അതില്‍ നിന്ന് പുറത്തുകടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കാണാന്‍ സാധിക്കുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ബേസില്‍ പൊന്മാനില്‍ കാഴ്ചവെച്ചിരിക്കുന്നത്. എന്ത് വന്നാലും ധൈര്യത്തോടെ നേരിടുന്ന, തന്റെ ലക്ഷ്യം നേടാന്‍ ഏതറ്റം വരെയും പോകാന്‍ ചങ്കുറപ്പുള്ള അജേഷ് പി.പിയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. അനന്തു പ്രസന്നനാണ് കുറിപ്പെഴുതിയിരിക്കുന്നത്.
ചുറ്റിലും കണ്ണോടിച്ചാല്‍ ഒരുപാട് അജേഷ് പി.പിമാരെ കാണാന്‍ സാധിക്കുമെന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജോലി ചെയ്യുന്ന, ആത്മാര്‍ത്ഥയുള്ള ചെറുപ്പക്കാരുടെ പ്രതിനിധിയാണ് അജേഷ് പി.പിയെന്ന് പറയുന്നു.
സമപ്രായക്കാര്‍ വിദേശ രാജ്യങ്ങളിലോ, സര്‍ക്കാര്‍ ജോലിയിലോ, വൈറ്റ് കോളര്‍ ജോബിലോ ഒക്കെ സെറ്റില്‍ ആകുമ്പോള്‍, ആരുടേയും പിന്‍ബലം ഇല്ലാതെ, പാരമ്പര്യ സ്വത്തിന്റെ പ്രിവിലേജ് ഇല്ലാതെ, അവിടെയും ഇവടെയും എത്താതെ എന്നാല്‍ ആത്മാഭിമാനം പണയം വെക്കാതെ, തോല്‍ക്കാന്‍ തയാര്‍ ആകാതെ വ്യവസ്ഥയോടും ലോകത്തോടും പട വെട്ടി പൊരുതുന്ന ആണ്‍ കുട്ടികള്‍ ചുറ്റിലുമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
രണ്ടെണ്ണം അടിച്ച് ബീച്ചിലൂടെ ജട്ടി ധരിച്ച് ഓടുന്ന അജേഷിന് ഗോവയില്‍ പോകണമെന്ന ആഗ്രഹം ഉണ്ടായിരിക്കാമെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. മരിയാനോയെ പുച്ഛത്തോടെ നേരിടുന്ന, സ്വന്തം കഴിവില്‍ കോണ്‍ഫിഡന്‍സുള്ള ഒരുപാട് അജേഷുമാര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നും നമ്മള്‍ തന്നെയാണ് അജേഷെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
അജേഷ് പി.പിയെ പോലെ ഒരുപാട് പയ്യന്മാരെ നമ്മള്‍ എല്ലാം കണ്ടിട്ടുണ്ട്, ദിവസവും കാണാറുണ്ട്. വില കൂടിയത് അല്ലെങ്കിലും കൃത്യമായ പ്രൊഫഷണല്‍ ഡ്രസിങ്. ഒരു സാധാരണ ബൈക്ക്, രണ്ടറ്റവും കൃത്യമായി കൂട്ടി മുട്ടിച്ചു ഓടി പോകാന്‍ പറ്റിയ വരുമാനം ഉള്ള ഒരു ജോലി. തൊഴിലിനോടു കൃത്യമായ ആത്മാര്‍ത്ഥത. തൊഴില്‍ ദാതാവിനോട്, അല്ലെങ്കില്‍ സ്ഥാപനത്തിനോട് അങ്ങേ അറ്റത്തെ കൂറ്. എല്ലാറ്റിനും ഉപരിയായി അവര്‍ കൊണ്ട് നടക്കുന്ന എത്തിക്‌സ്.
രാവിലെയും വൈകിട്ടും ട്രെയിനിയിലും, ബസിലും ഒക്കെ ആയി ഇത്തരം പയ്യന്മാര്‍ നമുക്ക് ചുറ്റും ഉണ്ട്. സമപ്രായക്കാര്‍ വിദേശ രാജ്യങ്ങളിലോ, സര്‍ക്കാര്‍ ജോലിയിലോ, വൈറ്റ് കോളര്‍ ജോബിലോ ഒക്കെ സെറ്റില്‍ ആകുമ്പോള്‍, ആരുടേയും പിന്‍ബലം ഇല്ലാതെ, പാരമ്പര്യ സ്വത്തിന്റെ പ്രിവിലേജ് ഇല്ലാതെ, അവിടെയും ഇവടെയും ആകാതെ എന്നാല്‍ ആത്മാഭിമാനം പണയം വെക്കാതെ, തോല്‍ക്കാന്‍ തയാര്‍ ആകാതെ വ്യവസ്ഥയോടും ലോകത്തോടും പട വെട്ടി പൊരുതുന്ന ആണ്‍ കുട്ടികള്‍. ചത്തു പണി എടുക്കുന്നവര്‍. Hustlers ആണ് ഇവര്‍.
ഒന്നിനും തളര്‍ത്താന്‍ കഴിയത്തവര്‍, വര ഒന്ന് മാറിയാല്‍ ലോകം കീഴ്‌മേല്‍ മറിക്കുന്നവര്‍. രണ്ടെണ്ണം അടിച്ചു കൊല്ലത്തെ ബീച്ചിലൂടെ ജെട്ടി പുറത്തോടണം എന്ന് പറയുന്ന അജേഷ് ഗോവയിലോ,മറ്റേത് ഏതെങ്കിലും വിദേശ ബീച്ചിലോ ഒഴിവുകാലം ആഗ്രഹിക്കുന്നു ഒരു പയ്യന്‍ ആവും. കിട്ടുന്ന കാശിനു മദ്യപിക്കാന്‍ തികയാത്തത് കൊണ്ടാവും അയാള്‍ കിട്ടുന്ന സ്ഥലത്തു നിന്നെല്ലാം നന്നായി അടിക്കുന്നത്.
ഫോര്‍മല്‍ ഡ്രസ് ഇട്ട് നടക്കുന്ന അയാളുടെ വീട് കാണുമ്പോള്‍ ചങ്ക് തകരുന്നത് അതാണ്. മുതലാളിയുടെ മകന്‍ അടിക്കുമ്പോഴും അതൊരു പോസിബിളിറ്റിയായിയാണ് അയാള്‍ കാണുന്നത്. എന്തൊക്കെ ആയാലും സ്വന്തം പണി അത് ജീവന്‍ കളഞ്ഞാണെലും അത് അജേഷ് ചെയ്യും. അതിന്റെ ഉത്തരവാദിത്തം അയാള്‍ ഏറ്റെടുക്കും.
കോടികള്‍ എണ്ണി മേടിക്കുന്ന കോര്‍പ്പറേറ്റ് ജോലിക്കാര്‍ കാണിക്കാത്ത ഓണര്‍ഷിപ്പ്. ഒറ്റ കോളില്‍ ഇവടെ ലക്ഷങ്ങള്‍ വരും. അതാണ് ക്യാരക്ടര്‍ എന്നയാള്‍ പറയുന്നുണ്ട്. പൊട്ടി പൊളിഞ്ഞ ഒരു മൂന്ന് സെന്റിലെ വീടിന്റെ പണയത്തില്‍ ആണ് അജേഷ് പി.പി യുടെ കളി.
നെഞ്ചത്തു അടിച്ചാണ് അയാളുടെ വെല്ലുവിളി.
മാരിയാനോ എന്ന അതി ഭീകരനായ ആജാനബാഹുവിനേ പുച്ഛിച്ചു ചിരിച്ചാണ് അവന്‍ നേരിടുന്നത്. പൊന്മാന്‍ ഒരു വര്‍ക്കിങ് ക്ലാസ് മൂവിയാണ്. ശരാശരി മധ്യ വര്‍ഗ പുരുഷന്റെ പെടാ പാടുകളുടെ വരച്ചു കാട്ടല്‍ ആണ്. അജേഷ് പി.പി നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും നമ്മള്‍ തന്നെ ആണ്.
Content Highlight: Facebook post about Basil Joseph’s character in Ponman Movie viral