| Friday, 22nd May 2020, 8:51 pm

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പകുതി ജീവനക്കാര്‍ക്ക് 10 വര്‍ഷം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിലിക്കണ്‍വാലി: ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാന്‍ ഫേസ്ബുക്ക്. ജീവനക്കാരെ ഓഫീസുകളില്‍ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവല്‍ക്കരണം കൊണ്ടുവരാനാണ് മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ശ്രമം.

ഇതുവഴി പകുതിയോളം ജീവനക്കാര്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഓഫീസില്‍ വരാതെ ജോലി ചെയ്യാം. ദി വെര്‍ജിന് നല്‍കിയ അഭിമുഖത്തിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അത് കഴിഞ്ഞാലും ജീവനക്കാരെ സ്ഥിരമായി ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കാനാണ് ഫേസ്ബുക്ക് തീരുമാനം.

‘വളരെ ആലോചിച്ചും ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ടതാണ്. അതുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് അകലെ നിന്നുള്ള ജോലി അനുവദിക്കാനാണ് തീരുമാനം’, സുക്കര്‍ബര്‍ഗ് പറഞ്ഞു.

നിലവിലുള്ള ജീവനക്കാര്‍ക്ക് സ്ഥിരം വര്‍ക്ക് ഫ്രം ഹോമിനായി അപേക്ഷിക്കാനാവും. ജീവനക്കാരെ അവരുടെ പ്രകടനത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. അതുകൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അനുഭവ പരിചയമുള്ളവരുമായ ആളുകളെയാണ് അതിന് അനുവദിക്കുക.

നിലവില്‍ ഓഫീസുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നതിന് കമ്പനി ചെലവ് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറുമ്പോള്‍ അതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട് എന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ജനങ്ങള്‍ക്ക് കുറച്ച് കാലത്തേക്ക് കൂടി സാമൂഹിക അകലം പാലിക്കേണ്ടി വന്നേക്കാം. അങ്ങനെ വന്നാല്‍ ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന് സാധിക്കാതെ വരും. അത്തരം ജീവനക്കാര്‍ക്ക് കുറച്ച് നാളത്തേക്ക് കൂടി അകലെ നിന്നുള്ള ജോലി അനുവദിക്കും. അതിന്റെ നല്ലവശം ആണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more