മുംബൈ: ഓണ്‍ലൈന്‍ കണ്ടെന്റ്, ആപ്ലിക്കേഷന്‍ ഡവലപ്പര്‍ മാര്‍ക്ക് ഫേസ്ബുക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്ഗ് തുറന്ന് കൊടുക്കുന്നു. കുറഞ്ഞ വരുമാനമുള്ള ആളുകളെ ഓണ്‍ലൈന്‍ രംഗത്തേക്ക് കൊണ്ടുവരികയും ഗ്രാമ പ്രദേശങ്ങളില്‍ വിപണി വളര്‍ത്തിക്കണ്ടുവരികയും ചെയ്യുമെന്നാണ് കമ്പനി വിശദീകരണം. തിങ്കളാഴ്ച്ച തുറന്ന് കൊടുത്ത പ്ലാറ്റ്‌ഫോം നിശ്ചിത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എല്ലാ ഡവലപ്പര്‍മാര്‍ക്കും തുറന്ന് കൊടുക്കും.
നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന പ്രതിഷേധങ്ങളുടേയും സംവാദങ്ങളുടേയും അനന്തര ഫലമെന്നോണമാണ് ഈ നടപടി. ഫെബ്രുവരിയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്ഗ് തുടക്കം കുറിച്ചത്. എന്നാല്‍ ഇത് നിഷ്പക്ഷ ഇന്റര്‍നെറ്റിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിഷേധം ഉയര്‍ന്നതോടെ നിരവധി ഈ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറി.
ഇന്ത്യയില്‍ നടക്കുന്ന നെറ്റ് ന്യൂട്രാലിറ്റി സംവാദങ്ങളെ കുറിച്ച് അറിയാമെന്നും അത് ഞങ്ങള്‍ പിന്തുടര്‍ന്ന് വരികയാണെന്നും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് പറഞ്ഞു. അതേസമയം നെറ്റ് ന്യൂട്രാലിറ്റി തത്വങ്ങള്‍ തങ്ങളുടെ പദ്ധതികളുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഡാനിയേല്‍സ് പറഞ്ഞു.
8 മില്ല്യണിനു മുകളില്‍ ആളുകളെ ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതിനായി ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിലാണ് ഫേസ്ബുക്ക് തങ്ങളുടെ സേവനം ആരംഭിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണുകളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ഒരുക്കുക അതുപോലെ ഫേസ്ബുക്കിന്റെ തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്, മെസ്സേജിങ് സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുക എന്നിവയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിലൂടെ ഉദ്ദേശിക്കുന്നത്.