ഫേസ്ബുക്ക് ഹാക്കിങ്; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു: നേരിട്ട് ബാധിച്ചത് മൂന്ന് കോടിയോളം പേരെ
Face Book
ഫേസ്ബുക്ക് ഹാക്കിങ്; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു: നേരിട്ട് ബാധിച്ചത് മൂന്ന് കോടിയോളം പേരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 1:03 pm

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാസം വെളിപ്പെടുത്തിയ ഫേസ്ബുക്ക് ഹാക്കിങ് മൂന്ന് കോടിയോളം ഉപയോക്താക്കളെ നേരിട്ട് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്.

തങ്ങളുടെ പ്രൊഫൈല്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ഹാക്ക് ചെയ്യപ്പെട്ടവര്‍ക്ക് ഫേസ്ബുക്ക് സന്ദേശം അയക്കും. ഏത് തരത്തിലുളള വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കും.


Read Also : കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ മി ടൂ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക


 

എന്താണ് ഹാക്കര്‍മാരുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പോലെ വീണ്ടുമൊരു സോഷ്യല്‍ മീഡിയ അട്ടിമറി ശ്രമത്തെയും സംശയിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള സൂചനയൊന്നുമില്ലെന്നുമാണ് ഫേസ്ബുക്കിന്റെ പ്രതികരണം.

ഹാക്കിങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഫേസ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്‍ടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോണ്‍ടാക്റ്റ് വിവരങ്ങളില്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസുകളും ഉള്‍പ്പെടുന്നു.

അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയ അട്ടിമറിക്കും, കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനും ശേഷം ഭരണാധികാരികളുടെ ചോദ്യത്തിന് വീണ്ടും ഉത്തരം പറയേണ്ട അവസ്ഥയിലാണ് കമ്പനികള്‍.