| Thursday, 28th April 2016, 4:52 pm

നന്നാക്കല്‍ പെണ്ണുങ്ങളെ മാത്രം മതിയോ ? ആങ്ങളമാരോട് ഒരു ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈജ്ഞാനികമായും ചിന്താപരമായും കലാപരമായും ഉണര്‍ച്ചകള്‍ നേടിയ യുവതീ യുവാക്കള്‍ ഇതൊന്നും ഇനിയും കൈവരിച്ചിട്ടില്ലാത്ത, മതപൗരോഹിത്യം കെട്ടിയുയര്‍ത്തിയ ചട്ടക്കൂടിനകത്ത് ഇടം കണ്ടെത്താനാവാതെ പുറത്തേക്ക് നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇത് പൗരോഹിത്യ പ്രഭുത്വത്തിനും അവരുടെ അന്തം കെട്ട അനുയായികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇങ്ങനെ പുറത്തേക്ക് നടക്കുന്നവരുടെ നേര്‍ക്ക് കുറ്റപ്പെടുത്തലിന്റെയും പരിഹാസത്തിന്റെയും കണ്ണടകള്‍ മാറ്റിവെച്ച് ഒന്നു നോക്കണം മതത്തിന്റെ വക്താക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍. അപ്പോള്‍ പലതും കണ്‍ മുന്നില്‍ തെളിഞ്ഞു വരും. എത്രകാലം പെണ്ണുങ്ങളെ മാത്രം പഴി പറഞ്ഞും ഉപദേശിച്ചും മാളത്തിലെ ഞണ്ടുകളായി കാലം കഴിക്കുന്നോ അത്രയും വേഗം അപ്പുറത്ത് കാര്യങ്ങള്‍ എളുപ്പമായിക്കൊള്ളും എന്ന് ചുരുക്കം.



| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: വി.പി റജീന |


മുസ്‌ലിം പെണ്ണുങ്ങളെ ബോധവല്‍ക്കരിച്ച് അതിലൂടെ ലോകത്തെ നന്നാക്കിക്കളയാം എന്നത് കാലാകാലമായി ഇവിടെ കണ്ടുവരുന്ന ഒരു ഏര്‍പാടാണ്. എന്നു മാത്രമല്ല, അത്യധികം സ്ത്രീവിരുദ്ധവും പ്രതിലോമകരവുമായ ആ പ്രവണത അനുദിനം ശക്തിപ്പെട്ടുവരികയുമാണ്. നിയമസഭയിലേക്ക് മല്‍സരിക്കുന്ന ഒരു വ്യക്തിക്കു വേണ്ടി ജാഥ നടത്തിയ പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള ആക്രോശ ഉപദേശങ്ങള്‍ തന്നെ ഇതില്‍ ഏറ്റവും ഒടുവിലത്തേത്.

ഇതിനോട് ചേര്‍ത്തുവായിക്കാന്‍ അടുത്തിടെ നടന്ന മറ്റ് രണ്ട് സംഭവങ്ങളും അതിനനുബന്ധമായ ചില കാര്യങ്ങളും ഇവിടെ കുറിയ്ക്കുകയാണ്.

ഒന്ന്: തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ ഒരു ദലിത് പെണ്‍കുട്ടി ഒരു കൂട്ടം ക്രിമിനലുകളാല്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം. ഇത് നടന്നിട്ട് മാസം ഒന്നായി. എന്നിട്ടും ആ വാര്‍ത്തയും അതിനോടുള്ള നമ്മുടെ നിസ്സംഗതയും സൃഷ്ടിച്ച ആഘാതം ഇനിയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ആറു മുസ്‌ലിം  ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. അതിനു പുറമെ അവളെ മറ്റ് പലര്‍ക്കും കാഴ്ച വെച്ചു.

ആ സാധു പെണ്‍കുട്ടിയുടെ മനസ്സും ശരീരവും കടലാസുപോലെ പിച്ചിക്കീറിയവന്‍മാരുടെ ക്രൂരത നമ്മുടെ ഇടയില്‍ ഒരു അലോസരവും സൃഷ്ടിച്ചില്ല. (ഒറ്റപ്പെട്ട പ്രതിഷേധം ഉണ്ടായെന്നതൊഴിച്ചാല്‍) ഇരയ്ക്കു വേണ്ടി ഒരുത്തനും പ്രസ്താവനയിറക്കിയില്ല. ഇപ്പോള്‍ ജാഥ നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ ഉറഞ്ഞു തുള്ളുന്നവരടക്കം ആരും അത് ചെയ്തവന്‍മാരെ തെറിവിളിച്ചില്ല. കാരണം അക്രമം പ്രവര്‍ത്തിച്ചത് തങ്ങളുടെ കൂട്ടത്തിലെ “ആങ്കുട്ടി”കള്‍ ആയിരുന്നു. അതിന്റെ ഇരയാവട്ടെ ഒരു പെണ്ണും.

ആ പെണ്‍കുട്ടി അനുഭവിച്ച കൊടിയ വേദന, അപമാനം, അവള്‍ നേരിട്ട അനീതി നമ്മുടെ ഗൗരവപ്പെട്ട ചര്‍ച്ചകളിലേക്ക് കയറിവന്നേയില്ല. പതിവുപോലെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴുള്ള സ്വാഭാവികമായ ഞെട്ടല്‍ പോലും കാര്യമായി ആരില്‍ നിന്നും ഉണ്ടായില്ല. അതിനുള്ള മറ്റൊരു കാരണം അവള്‍ ഒരു താഴ്ന്ന ജാതിക്കാരിയാണെന്നതായിരുന്നു. അഥവാ അതൊരു “മനുഷ്യജാതി”യല്ലായിരുന്നു.

അക്രമികളായ ആറു പേരും  “മനുഷ്യരും” അതിലുപരി ഒരു “ന്യൂനപക്ഷ” വിഭാഗത്തില്‍പെട്ടവരുമായിരുന്നു. മുസ്‌ലിം  ചെറുപ്പക്കാര്‍ പ്രതികളായ ഈ സംഭവം കാര്യമായ വാര്‍ത്തയോ ചര്‍ച്ചയോ പ്രതിഷേധമോ ഉയര്‍ത്താതെ പോയതിന്റെ പിന്നില്‍ തീര്‍ച്ചയായും പഴയതും പുതിയതുമായ രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്, താല്‍പര്യങ്ങളുണ്ട്, സമീപനങ്ങള്‍ ഉണ്ട്. അവയെല്ലാം തന്നെ മറ്റൊരു തലത്തില്‍ അതീവ ഗൗരവമായ ചര്‍ച്ച അര്‍ഹിക്കുന്നുമുണ്ട്.


Also read :എസ്.എസ്.എല്‍.സി തോറ്റവര്‍ അറിയാന്‍, ജയിച്ചവര്‍ വായിക്കാന്‍ എം.എന്‍ വിജയന്‍


ഇനി രണ്ടാമത്തെ സംഭവം: കുറച്ചു മുമ്പ് നടന്‍ പൃഥ്വിരാജിനൊപ്പം ഒരു പറ്റംപേര്‍ സെല്‍ഫിയെടുത്തത്. അതിന്റെ ഇടയില്‍ പര്‍ദാ ധാരിണികള്‍ ആയ രണ്ട് മൂന്ന് മുസ്‌ലിം  യുവതികളും ഉണ്ടായിരുന്നു. മര്യാദക്ക് പകല്‍ വെളിച്ചത്തില്‍ ഇറങ്ങി നടക്കാന്‍ പോലും ആവാത്ത വിധത്തില്‍ പെണ്ണുങ്ങളുടെ ഈ “തോന്ന്യാസ”ത്തെ സമുദായ സ്‌നേഹികള്‍ കടന്നാക്രമിച്ചു.

വാട്‌സ് ആപ്പിലൂടെയും മറ്റും അസഭ്യ വര്‍ഷത്തിന്റെയും താക്കീതിന്റെയും ഉപദേശങ്ങളുടെയും ഘോഷയാത്രകള്‍ തന്നെ പുറപ്പെട്ടു. പെണ്ണുങ്ങളെ “നേരെയാക്കാന്‍” ആയത്തുകളും ഹദീസുകളും പറപറന്നു. സ്ത്രീകള്‍ വഴി പിഴച്ചതാണ് സമുദായത്തിനകത്തെ എല്ലാതരം “എടങ്ങേറി”നും കാരണമെന്ന തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. ദീനിനെ പറയിപ്പിച്ചവര്‍ എന്നു ചാപ്പ കുത്തി. പെണ്ണുങ്ങള്‍ വീടിന്റെ ഉള്ളിന്റെ ഉള്ളിന്റെയുള്ളില്‍ അടങ്ങിയൊതുങ്ങി കഴിയാനുള്ളവരാണെന്ന സാരോപദേശ ക്ലാസുകള്‍ക്ക് കടുപ്പം കൂടി.

സത്യത്തില്‍, മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങളോടുമുള്ള ഇവിടുത്തെ മുസ്‌ലിംങ്ങളുടെ സമീപനങ്ങളില്‍ നിന്നെന്താണ് മനസ്സിലാക്കേണ്ടത്? ആണ് ചെയ്യുന്ന ഏതു ക്രൂരതയും ലാഘവമാര്‍ന്നതാകുന്നതും മനുഷ്യരെന്ന നിലയില്‍ പെണ്ണുങ്ങളുടെ സ്വാഭാവികമായ ഏതു പ്രവൃത്തിയും നരകത്തിലേക്ക് മാത്രമുള്ളതാവുന്നതും എങ്ങനെയാണ്? എന്തുകൊണ്ടാണ് ഇതിലെ കൊടിയ ഇരട്ടത്താപ്പിനെ കുറിച്ച് ആരും മിണ്ടാത്തത്?

സ്ത്രീകളെ കറുത്ത തുണിക്കഷ്ണത്തില്‍ മുച്ചൂടും മൂടി വീടിനുള്ളില്‍ പൂട്ടാന്‍ ഇവരെല്ലാവരും കൂടി എടുക്കുന്ന സമയത്തിന്റെയും വിഭവങ്ങളുടെയും നൂറിലൊരംശം മുസ്‌ലിം  ചെറുപ്പക്കാര്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ ഈ സമുദായം എന്നോ നന്നായിപ്പോയേനെ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്!!


Dont miss: കുമ്മനം സച്ചിനെപോലെ എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകും: എന്‍.എസ് മാധവന്‍


മക്കള്‍ വഴി പിഴച്ചുപോയാല്‍ ഉമ്മമാരുടെയും, ഭര്‍ത്താക്കന്‍മാരുടെ താന്തോന്നിത്തരത്തിന് ഭാര്യമാരുടെയും തലയില്‍ മെക്കിട്ടു കയറുന്നത് പണ്ടേക്ക് പണ്ടേയുള്ള ഏര്‍പാടാണ്. കാലവും കാരണങ്ങളും മാറിയ ഈ വേളയിലും ആണുങ്ങള്‍ പിഴച്ചാല്‍ അതിന്റെ പഴി പെണ്ണിനു തന്നെ!

പെണ്ണുങ്ങളെ “നന്നാക്കാനുള്ള” വയളുകള്‍ക്കും ക്ലാസുകള്‍ക്കും ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. ഇന്ന് ഇത്തരം വയളുകളും ബോധവല്‍ക്കരണങ്ങളും നരക ശിക്ഷയെ പറഞ്ഞുള്ള പേടിപ്പെടുത്തലുകളും എല്ലാം ടെക്‌നോളജിയെ കൂടി കൂട്ടുപിടിച്ചാണ്. ഫോട്ടോ എടുക്കുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും ഒക്കെ നരകത്തിലേക്കുള്ള വഴിയാണെന്ന് പറഞ്ഞു നടന്നവര്‍പോലും സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കാന്‍ വാട്‌സ് ആപും ഫേസ്ബുക്കും ബോധവല്‍ക്കരണ ക്‌ളാസുകള്‍ക്ക് സ്‌ക്രീന്‍ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളും നിര്‍ലജ്ജം ഉപയോഗിക്കുന്നതു കാണാം.

എന്നാല്‍, ഈ മാര്‍ഗമുപയോഗിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും “മികവു” തെളിയിക്കുന്ന ആണ്‍കുട്ടികളെ അഡ്രസ് ചെയ്യാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് ഏറെ രസകരം. പുതിയ സാമൂഹ്യക്രമത്തിലെ കുറ്റകൃത്യങ്ങളില്‍ നിന്ന് എത്രയോ അകലം പാലിക്കുന്ന, വീട്ടിലിരിക്കുന്ന, പാവം പെണ്ണുങ്ങളെ നന്നാക്കാന്‍ വിവിധ സംഘടനകളുടെ മല്‍സരമാണ്. അതോടെ ദീനില്‍ കാര്യങ്ങള്‍ എല്ലാം ഭദ്രമായി എന്നാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതെന്ന് ഇസ്ലാം പഠിപ്പിച്ചവയടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ആണുങ്ങള്‍ ചെയ്യുമ്പോള്‍ അത് നിസ്സാരമാവുന്നു. വിശ്വാസം വിലക്കാത്ത കാര്യങ്ങള്‍ സ്ത്രീകള്‍ ചെയ്യുമ്പോള്‍ അത് ഗുരുതരമായ പാപവുമാകുന്നു!!

തഖ്‌വയുടെ കോലായകളില്‍ പായയും വിരിച്ചിട്ട് പെണ്ണുങ്ങള്‍ക്ക് മാത്രം ക്‌ളാസുകള്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ അപ്പുറത്ത് പലതും ചോര്‍ന്നുപോവുന്നത് ഇക്കൂട്ടര്‍ അറിയുന്നില്ല എന്നതാണ് വസ്തുത.

സമുദായോദ്ധാരണമെന്നും ദീനീ സേവനമെന്നും പറഞ്ഞ് ഇവിടെ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ക്ക് രാഷ്ട്രീയ, മത നേതാക്കളുടെയും സംഘടകളുടെയും താല്‍പര്യങ്ങള്‍ക്കും നിലനില്‍പിനും വേണ്ടിയെന്നതിനപ്പുറത്തേക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടോ? ഉണ്ടെങ്കില്‍ യുവാക്കള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫില്‍ ഈ സമുദായത്തിന്റെ നില താഴെ ആവണമായിരുന്നു.

ന്യൂനപക്ഷങ്ങള്‍ എന്ന മാനദണ്ഡം വെച്ചുനോക്കുമ്പോള്‍ കുറ്റകൃത്യ മാപിനിയില്‍ അത് ഭൂരിപക്ഷത്തിനൊപ്പമോ അതില്‍ കൂടുതലോ എത്തി നില്‍ക്കുന്നുവെന്ന് അറിയാന്‍ അധികം മിനക്കടേണ്ടതില്ല. ആത്മ സംസ്‌കരണത്തെ കുറിച്ച് പള്ളി മിമ്പറുകളില്‍ നിന്നും അല്ലാതെയും ഏറ്റവും കൂടുതല്‍ ഉദ്‌ബോധനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകള്‍. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചോ എന്താണ് അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്നോ ഉള്ള അലട്ടലുകള്‍ ആരിലും ഇല്ല. മറിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ഇവിടെ നിലനില്‍ക്കുന്ന മുസ്‌ലിം  വിരുദ്ധതക്ക് എണ്ണ പകരുന്നു എന്നതടക്കമുള്ള ആരോപണങ്ങളുടെയും ഭീഷണികളുടെയും പരിഹാസത്തിന്റെയും ചളി വാരിയെറിഞ്ഞ് നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. (തങ്ങളുടെ നേതാക്കള്‍ ഫാഷിസ്റ്റുകളുടെ വേദിയില്‍ കയറിനില്‍ക്കുമ്പോഴും അവരെ മഹത്വവല്‍ക്കരിക്കുമ്പോഴും ഒന്നും ഇല്ലാത്ത സമുദായ സ്‌നേഹവും ബേജാറുമാണ് ഇക്കാര്യത്തില്‍ !!! )

സ്വയം വിമര്‍ശനങ്ങള്‍ സഹിക്കാനാവാത്ത ഒരു ജനതയും നവീകരിക്കപ്പെടില്ല എന്നതിനും കാലഗതിയില്‍ പരാജയം ഏറ്റുവാങ്ങുമെന്നതിനും നിരവധി സാക്ഷ്യങ്ങള്‍ നമുക്കു മുന്നില്‍ ഉണ്ട്. തെറ്റു ചെയ്യുന്നത് സ്വന്തം മാതാവാണെങ്കില്‍ പോലും അത് ചൂണ്ടിക്കാണിക്കണമെന്ന് പഠിപ്പിച്ചു തന്ന ലോകംകണ്ട മഹത്തായ മാനവ പ്രത്യയശാസ്ത്രത്തിന്റെ അനുയായികളാണ് എന്ന് പറയാന്‍ ലജ്ജ തോന്നിപ്പോവുന്നതാണ് ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍.

എന്തു അക്രമും അന്യായവും അനീതിയും വഞ്ചനയും ചതിയും പാരവെപ്പും നടത്തിയാലും അഞ്ചു നേരം പള്ളിയിലേക്ക് പാഞ്ഞുകയറി കുമ്പിട്ടാല്‍, നോമ്പു നോറ്റുകൂട്ടിയാല്‍,ഹജ്ജ് ചെയ്താല്‍ എല്ലാത്തിനും പരിഹാരമായി എന്ന “വിശുദ്ധ” ധാര്‍ഷ്ട്യം തന്നെയാണ് മുസ്‌ലിം  ഏറ്റവും വലിയ ശാപം. (ബനൂ ഇസ്രായേല്‍ ജനതയെ ബാധിച്ചതെന്ന് വിശു ദ്ധ ഖുര്‍ആന്‍ പറയുന്ന അതേ അഹന്ത). പടച്ചവനെ പറ്റിക്കാനും നമ്മുടെ തെറ്റിന്റെ പങ്കുകാരനാക്കാനും അതുവഴി മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യമാക്കാനും നടത്തുന്ന വൃത്തികെട്ട കളികള്‍ അല്ലാതെ മറ്റെന്താണ് ഇതൊക്കെ? മനുഷ്യാവകാശത്തെ കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും നീതിയെച്ചൊല്ലിയും കാലാകാലം നമുക്ക് ആകാശത്തോളം വാചാലരാവാം. പക്ഷെ, അത് കാലം ആവശ്യപ്പെടുന്ന സന്ദിഗ്ധ ഘട്ടത്തില്‍ നമ്മില്‍ നിന്നാരും പ്രതീക്ഷിക്കരുതെന്ന് മാത്രം!! അതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ആറ്റിങ്ങല്‍ സംഭവത്തിലെ മുസ്ലിംകളുടെ മൗനം.

ദലിതരടക്കമുള്ള അധ:സ്ഥിത വര്‍ഗത്തോടുള്ള ഐക്യപ്പെടല്‍ സാമൂഹ്യപരമായ ബാധ്യത എന്നതിലുപരി ഒരു മുസ്‌ലിമിന് വിശ്വാസപരമായ ബാധ്യത തന്നെയാണ്. എന്നുവെച്ചാല്‍, ഈ വിശ്വാസപരമായ ബാധ്യത നിര്‍വഹിക്കാത്തിടത്തോളം ഒരു ക്ഷേമ സമൂഹത്തെറിച്ച് സ്വപ്നം കാണാന്‍ നമ്മളിലാരും അര്‍ഹരല്ല. ആളും തരവും നോക്കിയുള്ള നീതിയുടെ പ്രയോഗം ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ഏതു കാലത്തിലായാലും ദേശത്തിലായാലും മര്‍ദിതന്റെയും അവര്‍ണന്റെയും ശബ്ദമില്ലാത്തവന്റെയും ഒപ്പം നില്‍ക്കേണ്ടതാണ് ഒരു വിശ്വാസിയുടെ നീതിബോധം. “സംസാരിക്കുമ്പോള്‍ നീതി പൂര്‍വം സംസാരിക്കുക; അത് നിങ്ങളുടെ ഉറ്റവര്‍ക്കെതിരാണെങ്കില്‍ പോലും” എന്ന് പറഞ്ഞ വിശുദ്ധ വേദഗ്രന്ഥം വഹിക്കുന്ന ജനതയുടെ ഏറ്റവും പ്രാഥമികമായ ബാധ്യത തന്നെയാണത്.

നീതിയും അവകാശങ്ങളും ഗോത്രമഹിമയുള്ളവന്റെയും വെളുത്തവന്റെയും പുരുഷന്റേതും മാത്രമായ ഒരു കാലത്തോടുള്ള പോരാട്ടം തന്നെയായിരുന്നു പ്രവാചകന്റേത്. അതുകൊണ്ട് തന്നെയാണ് കറുത്തവന്റെയും സ്ത്രീകളുടെയും ആദിവാസിയുടെയും ദലിതന്റെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക എന്നത് ഒരു മുസ്‌ലിമിന്റെ വിശ്വാസപരമായ ബാധ്യതകൂടിയായി തീരുന്നത്.

നമസ്‌കാരത്തെയും നോമ്പിനെയും സകാത്തിനെയും കുറിച്ച് നാളെ ചോദ്യം ചെയ്യപ്പെടുന്നതുപോലെ ഒരു വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ ഈ ചോദ്യങ്ങള്‍ക്കു കൂടി മറുപടി പറയേണ്ടി വരുമെന്ന് പറഞ്ഞു തരുന്ന എത്ര മത പണ്ഡിതര്‍ നമുക്കിടയില്‍ ഉണ്ട്? ആശയപരമായ നൂലിഴ വ്യത്യാസങ്ങളുടെ പേരില്‍ കടിപിടികൂടി കാലം കഴിച്ച് സ്വയം എസ്റ്റാബ്‌ളിഷ് ചെയ്യുക എന്നതിലപ്പുറത്തേക്ക് മറ്റൊന്നിലുമല്ല ഇവരുടെ ആത്മാര്‍ത്ഥത എന്ന് പച്ചയായി വെളിപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കൂടിയാണിത്.

അഴുകി ജീര്‍ണിച്ച ഈ മതഘടനയോടും അത് കുത്തകയാക്കിവെച്ചവര്‍ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളോടും സമുദായത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന പ്രതിഷേധവും പരിഹാസവും ഇതിനകത്തുള്ളവരുടെ കണ്ണു തുറപ്പിക്കാന്‍ ഇനിയും പോന്നിട്ടില്ല!

വൈജ്ഞാനികമായും ചിന്താപരമായും കലാപരമായും ഉണര്‍ച്ചകള്‍ നേടിയ യുവതീ യുവാക്കള്‍ ഇതൊന്നും ഇനിയും കൈവരിച്ചിട്ടില്ലാത്ത, മതപൗരോഹിത്യം കെട്ടിയുയര്‍ത്തിയ ചട്ടക്കൂടിനകത്ത് ഇടം കണ്ടെത്താനാവാതെ പുറത്തേക്ക് നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇത് പൗരോഹിത്യ പ്രഭുത്വത്തിനും അവരുടെ അന്തം കെട്ട അനുയായികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇങ്ങനെ പുറത്തേക്ക് നടക്കുന്നവരുടെ നേര്‍ക്ക് കുറ്റപ്പെടുത്തലിന്റെയും പരിഹാസത്തിന്റെയും കണ്ണടകള്‍ മാറ്റിവെച്ച് ഒന്നു നോക്കണം മതത്തിന്റെ വക്താക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍. അപ്പോള്‍ പലതും കണ്‍ മുന്നില്‍ തെളിഞ്ഞു വരും. എത്രകാലം പെണ്ണുങ്ങളെ മാത്രം പഴി പറഞ്ഞും ഉപദേശിച്ചും മാളത്തിലെ ഞണ്ടുകളായി കാലം കഴിക്കുന്നോ അത്രയും വേഗം അപ്പുറത്ത് കാര്യങ്ങള്‍ എളുപ്പമായിക്കൊള്ളും എന്ന് ചുരുക്കം.

We use cookies to give you the best possible experience. Learn more