നമ്മുടെ തലയ്ക്കുമീതെ നാല് കൊല്ലമായി അവര്‍ തൂങ്ങിനില്‍ക്കുകയാണ്, വാളയാറിലെ പെണ്‍കുട്ടികള്‍
Notification
നമ്മുടെ തലയ്ക്കുമീതെ നാല് കൊല്ലമായി അവര്‍ തൂങ്ങിനില്‍ക്കുകയാണ്, വാളയാറിലെ പെണ്‍കുട്ടികള്‍
പ്രമോദ് പുഴങ്കര
Friday, 9th October 2020, 2:40 pm

നാലുകൊല്ലത്തോളമായി അവര്‍ തൂങ്ങിനില്‍ക്കുകയാണ്. പതിമൂന്നും ഒമ്പതും വയസായ വാളയാറിലെ രണ്ടു പെണ്‍കുട്ടികള്‍. അവരുടെ കാലുകളില്‍ തല മുട്ടാതെ കേരളം ഉറങ്ങാന്‍ പോവുകയും ഉറക്കമുണരുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് വീട്ടിലുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട കരുതലിനെക്കുറിച്ച് വാചാലരാകുന്നുണ്ട്.

ഒമ്പത് വയസുള്ള കുട്ടി പരസ്പര സമ്മതത്തോടെ ലൈംഗികാനന്ദം കണ്ടെത്തിയെന്നു പറഞ്ഞ പൊലീസുകാരന് IPS നല്‍കാന്‍ ശുപാര്‍ശ ചെയ്ത് ശാസ്ത്രീയമായി അന്വേഷണം നടത്തിയ പൊലീസുകാരുടെ മനോവീര്യം ഒന്നുകൂടി ഉയര്‍ത്തുന്നുണ്ട്. എന്നിട്ടും ആ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് സമരത്തിലാണ്. അവരുടെ പേര് ഭാഗ്യവതിയെന്നത്രെ. സാമൂഹ്യ സന്തോഷ സൂചികയില്‍ കേരളത്തിന് അഭിമാനിക്കാന്‍ ഇനിയെന്ത് വേണം, അവര്‍ പോലും ഭാഗ്യവതി!

2017 ജനുവരി 13-നും മാര്‍ച്ച 4-നും വാളയാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു സഹോദരിമാരുടെയും ‘anal orifice appeared stretched with multiple mucosal erosions at margins with pustular areas at places’ എന്നു തുടങ്ങിയ ലൈംഗിക പീഡനത്തിന്റെ പ്രാഥമിക പരിശോധന കണ്ടെത്തല്‍ മൂലക്കുരുവാകാം എന്ന സംശയത്തില്‍ തള്ളിക്കളയാവുന്നത്ര നിസാരമായിരുന്നു ആ ജീവിതങ്ങള്‍.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്തപ്പോള്‍ അത് പീഡനമല്ല എന്നും ആ കുട്ടികള്‍ ഇഷ്ടപ്പെട്ടു ചെയ്തിരുന്നതും ആവശ്യപ്പെട്ടു ചെയ്തതാണെന്നും പറയുന്ന ഒരാള്‍ക്ക് IPS സമ്മാനിക്കാന്‍ പാകത്തില്‍ ഭദ്രമാണ് നമ്മുടെ പോലീസ് സംവിധാനം. വാസ്തവത്തില്‍ അത് നമ്മളെ അമ്പരപ്പിക്കുന്നതേയില്ല. കാരണം അയാളെപ്പോലുള്ളവരെ ആവശ്യപ്പെടുന്ന ജനാധിപത്യാരോഗ്യമേ നമ്മുടെ സമൂഹം ആര്‍ജ്ജിച്ചെടുത്തുള്ളൂ എന്നതുകൊണ്ടാണത്.

കൗമാരം പോലുമാകാത്ത രണ്ടു പെണ്‍കുട്ടികളെ കൊന്നുകെട്ടിത്തൂക്കിയതല്ല, അവര്‍ തൂങ്ങി മരിച്ചതാണെന്ന വിചിത്രവാദം ശരിയാണെന്നു സ്ഥാപിക്കപ്പെട്ടാല്‍ക്കൂടി മാനസികാരോഗ്യവും നിയമവാഴ്ചയും ജനാധിപത്യ ബോധവുമുള്ള ഒരു സമൂഹത്തിനെ സംബന്ധിച്ച് അത് കൊലപാതകത്തില്‍കുറഞ്ഞു മറ്റൊന്നുമല്ല. കുട്ടികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല, അവര്‍ ലൈംഗിക ബന്ധം ആസ്വദിക്കുന്നുമില്ല, അവര്‍ മറ്റൊരു മുതിര്‍ന്ന മനുഷ്യനോട് ലൈംഗികാസക്തി പ്രകടിപ്പിക്കുന്നില്ല, അവര്‍ മുതിര്‍ന്ന മനുഷ്യരുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നില്ല, അവര്‍ ലൈംഗികാക്രമണത്തിന് ഇരകളാക്കപ്പെടുക മാത്രമാണ്.

അവര്‍ക്ക് നേരെ ഹീനമായ ഒരു കുറ്റകൃത്യം നടക്കുകയാണ്. തനിക്ക് നേരെ നടക്കുന്നത് ലൈംഗികമായ ആക്രമണമാണ് എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യജീവികളാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ മിക്കവരും. എന്നിട്ടും വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ അതാവശ്യപ്പെട്ടിരുന്നു എന്ന് പറയുന്ന ഒരു ഭരണകൂടസംവിധാനം നാം തീറ്റ കൊടുത്തു വളര്‍ത്തിയ പൊതുബോധം കൂടിയാണ്.
അതിലെ കുറ്റവാളികളെ ശിക്ഷിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ അതിനുള്ള കാരണം പൊലീസും അവരെ ഭരിക്കാനും നടത്തിപ്പിനുമായി ചുമതലപ്പെടുത്തിയ സര്‍ക്കാരും ജനങ്ങളോട് പറയേണ്ടതുണ്ട്.

നിറങ്ങള്‍ പോലും മുഴുവനായി കണ്ടുതീരാത്ത, ഒരു നീലക്കുറിഞ്ഞിക്കാലം പോലും കടന്നുപോകാത്ത, രണ്ടു പെണ്‍കുട്ടികള്‍. അവര്‍ ജീവിതത്തെക്കുറിച്ചാലോചിക്കുന്നു, നിത്യവും കടന്നുപോകുന്ന അപമാനകരമായ അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കുന്നു, പേരുപോലുമറിയാത്ത ശരീരഭാഗങ്ങളില്‍ നീറിപ്പിടിക്കുന്ന വേദനയില്‍ ഉള്ളമര്‍ത്തിക്കരയുന്നു, എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കഴിയാതെ അമ്പരക്കുന്നു, മിണ്ടിയാല്‍ കൊന്നുകളയുമെന്ന ഭീഷണി കഴുത്തില്‍ കുത്തിപ്പിടിക്കുമ്പോള്‍ മരണത്തെക്കുറിച്ചൊരു ശ്വാസം മുട്ടിക്കുന്ന തിരിച്ചറിവുണ്ടാകുന്നു.

എന്നിട്ടൊരു ദിവസം മൂത്ത കുട്ടി തൂങ്ങി നില്‍ക്കുന്നു, പിന്നാലെ ഇളയ കുട്ടിയും തൂങ്ങി നില്‍ക്കുന്നു. അവരുടെ നീലിച്ചു വിറങ്ങലിച്ച ഇറക്കിക്കിടത്തുന്നത് മലയാളിയുടെ പൊങ്ങച്ച സാമൂഹ്യബോധത്തിന്റെ നീളന്‍ വാഴയിലയില്ല. പിഞ്ഞിക്കീറിയ സാമൂഹ്യബോധത്തിന്റെ പനമ്പ് പായകളിലേക്കാണ്. അവര്‍ക്ക് കളിക്കാന്‍ മിട്ടുപ്പൂച്ചകള്‍ കൂട്ടില്ല. മലയാളി പൊതുബോധത്തിന്റെ വര്‍ഗമമല്ല വാളയാറിലെ കുടുംബത്തിന്റെ വര്‍ഗം.

നീതിക്ക് വര്‍ഗരാഷ്ട്രീയമുണ്ട്. അത് തൂങ്ങിയാടുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ക്കിടയിലെ പഴുതിലൂടെ കാണാതെ, കേള്‍ക്കാതെ കടന്നുപോകും.അതിനു രാപ്പാര്‍ക്കാന്‍ മാളികകള്‍ വേറെയാണ്. സമൂഹമെന്ന നിലയില്‍ നമുക്ക് നട്ടെല്ലിലൂടെ തലച്ചോറ് തരിപ്പിക്കുന്നൊരു ലജ്ജയുടെ മിന്നല്‍ പായുന്നില്ലേ!

പതിമൂന്നു വയസ്സുള്ളൊരു കുട്ടി ഒരു ഉത്തരത്തിലൊരു കുരുക്കിട്ട്, ബലമുറപ്പാക്കി, കെട്ടിത്തൂങ്ങി ഞാന്‍ മരിച്ചിരിക്കുന്നു ലോകമേ, ഇതാത്മഹത്യയാണ് എന്ന് രേഖപ്പെടുത്തൂ എന്ന് ഓലയെഴുതിവെച്ചതിനുശേഷം മലയാളിയുടെ വെള്ളമുണ്ട് നോക്കൂ, വൃത്തിയുടെ കൊടിയടയാളമല്ലേ, സംസ്‌കാരത്തിന്റെ ശുഭ്രനക്ഷത്രം ഇതിലല്ലേ എന്നൂറ്റം കൊള്ളുമ്പോള്‍ ചീര്‍ത്തു പഴുത്തൊരു പുരുഷലിംഗമായി സാമൂഹ്യബോധം തൂങ്ങിയാടി ആനന്ദിക്കുകയാണ്.

ഒമ്പതുവയസ്സുള്ളൊരു പെണ്‍കുഞ്ഞു ഒച്ചയും അനക്കവുമില്ലാതെ തൂങ്ങി നില്‍ക്കുമ്പോള്‍ ലൈംഗികാനന്ദം ചോദിച്ചു വാങ്ങിയൊരു മനുഷ്യശരീരമായിരുന്നു അതെന്ന് തോന്നിയ ഒരു അന്വേഷണ സംവിധാനത്തിന്, അത്തരത്തിലൊരു കൊലപാതകം പ്രത്യേക ശാസ്ത്രീയ അന്വേഷണമോ പോലീസ് മേധാവിയുടെ നിരന്തര വാര്‍ത്താസമ്മേളനങ്ങളോ ഇല്ലാതെ പ്രതികളെ രക്ഷിക്കാന്‍ പാകത്തിലൊരു വഴിപാടന്വേഷണം മതിയെന്ന ഉറപ്പുണ്ടാക്കുന്ന ഒരു സംവിധാനം സാധ്യമാകുന്നത് പിണറായി വിജയന്‍ മനോവീര്യ ചികിത്സ നടത്തി വിജൃംഭിച്ചു നിര്‍ത്തിയ ഒരു പോലീസ് സംവിധാനമായതുകൊണ്ടു മാത്രമല്ല, അത്തരത്തിലൊരു സംവിധാനത്തെ സാധ്യമാക്കുന്ന നീണ്ട നാളുകളായുള്ള പൊതുബോധ നിര്‍മ്മിതിയില്‍ക്കൂടിയുമാണ്.

തടിച്ച ചുണ്ടുകളും വായും ചില സ്ത്രീകള്‍ക്കുള്ളത് വദനസുരതം കൊണ്ടാണ് എന്ന് പറയുമ്പോള്‍ അത് ശാസ്ത്രീയമാകും എന്ന് ധരിക്കുന്ന ആ ചീഞ്ഞളിഞ്ഞ പൊതുബോധമുണ്ടല്ലോ അതിന്റെ ഉത്തരത്തിലാണ് ആ കുട്ടികള്‍ തൂങ്ങിയാടി നില്‍ക്കുന്നത്.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെട്ട പി ജെ കുര്യനും കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ ലൈംഗിക പീഡന സംഭവങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ഒരൊറ്റ തെരഞ്ഞെടുപ്പ് തോല്‍വി മാത്രം പിഴയൊടുക്കി പൂര്‍വാധികം ശക്തരായി കുര്യന്‍ സാറും പുലിക്കുട്ടി സാഹിബുമായി തിരികെയെത്തി. കോഴിക്കോട് പീഡനക്കേസില്‍ രണ്ടു പെണ്‍കുട്ടികള്‍ തീവണ്ടിക്ക് തലവെച്ച് ആത്മഹത്യ ചെയ്തു. വണ്ടി നിര്‍ത്താതെ പോയി. നമ്മളും.

ആണുങ്ങളെ കണ്ടുകിട്ടാതെ, മാലാഖമാര്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ ലോകത്തുനിന്നും അപ്രത്യക്ഷരായി. ബലാത്സംഗക്കേസില്‍ പ്രതികളായ രാഷ്ട്രീയനേതാക്കള്‍, ‘അവള്‍ കിടന്നുകൊടുത്തിട്ടല്ലേ’ എന്ന വഷളന്‍ തമാശയില്‍ മഹാഭൂരിപക്ഷത്തില്‍ ജയിച്ചുപോന്ന നാട്ടില്‍ രണ്ടു കുഞ്ഞുപെണ്‍കുട്ടികള്‍ ഉത്തരത്തിലേക്ക് ഏന്തിനിന്ന് കുരുക്കിട്ട് തൂങ്ങിമരിച്ചു എന്നും, അവര്‍ നിരന്തരമായി ലൈംഗികപീഡനത്തിരയായി എന്ന് പിറകെയും വാര്‍ത്ത വരുമ്പോള്‍ നാം വിധിവരുന്ന കാലം വരെ നിശബ്ദമാകുന്നത് കൊല്ലപ്പെട്ട ശരീരങ്ങള്‍ക്ക് ഒരു വര്‍ഗ്ഗസ്വഭാവമുള്ളതുകൊണ്ടാണ്.

അവരില്‍ നിങ്ങള്‍ക്ക് നിങ്ങളെ കാണാന്‍ കഴിയാത്തതുകൊണ്ടാണ്. നമ്മുടെ പൊതുബോധത്തിനുള്ളില്‍ പാകമാകുന്ന ഒരു സാമൂഹ്യശരീരവും ജൈവശരീരവും അവര്‍ക്കില്ലാത്തതുകൊണ്ടാണ്. വാളയാറിലെ കുട്ടികള്‍ തൂങ്ങിനില്‍ക്കുന്നത് കേരള സമൂഹത്തിലെ നീതിബോധത്തിന്റെ വര്‍ഗവൈരുധ്യത്തിന്റെ തൂക്കുകയറിലാണ്.

ആര്‍ക്കും കടന്നുകയറാന്‍ പാകത്തിലുള്ള അടച്ചുറപ്പില്ലാത്തൊരു വീട്ടില്‍, സാമൂഹ്യമാധ്യമങ്ങളില്‍ മക്കളുടെ പിറന്നാള്‍ചിത്രങ്ങള്‍ പങ്കുവെക്കാന്‍ മാലാഖക്കുപ്പായങ്ങളില്ലാത്ത കുട്ടികളുള്ള, കൂലിപ്പണിക്കാരായ അച്ഛനമ്മമാരുള്ള ഒരു വീട്ടില്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിയാടിക്കളിക്കെ, ആ മരണത്തിന്റെ ഊഞ്ഞാല്‍പ്പാട്ടെഴുതാനുള്ള ലാവണ്യബോധമുള്ള അലസത ഒരു സമൂഹത്തിനുണ്ടാകുന്നത് ആ കുടുംബം കേരളത്തിന്റെ മധ്യവര്‍ഗ ജീവിതത്തിന്റെ പുറമ്പോക്കില്‍ പോലും വരുന്നില്ല എന്നതുകൊണ്ടാണ്.

നിങ്ങളുടെ ഊഞ്ഞാല്‍പ്പാട്ടുകളുടെ താളത്തിലല്ല ഞങ്ങളാടുന്നത്. ഞങ്ങളെയാട്ടാന്‍ പരുപരുത്ത കൈകളുണ്ട്. പിറകില്‍ വേദനിപ്പിക്കുന്ന പുരുഷ ലിംഗങ്ങളുണ്ട്, പകച്ച കണ്ണുകളും നിലവിളിക്കുന്ന വായും പൊത്തിപ്പിടിച്ചു ഞങ്ങളെ വേദനിപ്പിച്ചുകൊണ്ടേയിരുന്നതൊക്കെ ഞങ്ങളാനന്ദിച്ചു നടത്തിയ രതിയായിരുന്നു എന്ന് പറഞ്ഞ നിങ്ങളുടെ പൊലീസ് മേധാവികളുടെ അഭിനന്ദനങ്ങളുണ്ട്, ഒമ്പതു വയസുകാരി പെണ്‍കുട്ടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ, എങ്ങനെയായിരിക്കും അവള്‍ രതി ആസ്വദിക്കുക എന്നോര്‍ത്തിട്ടില്ലേ, ഞങ്ങളാണ് നിങ്ങളുടെ ഭാവനയുടെ കാമനകള്‍, ഞങ്ങളെയോര്‍ക്കരുത്, രണ്ടു പെണ്‍കുട്ടികളുടെ തൂങ്ങിയാടുന്ന കൊലുന്നനെയുള്ള കാലുകളില്‍ തലമുട്ടാതെ നടന്നുപോവുക. ഞങ്ങളോട് ഐക്യദാര്‍ഢ്യപ്പെടരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Valayar Case Pramod Puzhankara

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍