പെരുമാള്‍ മുരുകന് വേണ്ടി ഉയരുന്ന നാവുകള്‍ കേരളത്തില്‍ ഷിത്തോറിന് വേണ്ടിയും ഉയരണം
Notification
പെരുമാള്‍ മുരുകന് വേണ്ടി ഉയരുന്ന നാവുകള്‍ കേരളത്തില്‍ ഷിത്തോറിന് വേണ്ടിയും ഉയരണം
ടി.ടി ശ്രീകുമാര്‍
Wednesday, 1st July 2020, 2:24 pm

ഷിത്തോറിനെ എനിക്ക് പരിചയമില്ല. രണ്ടു ദശാബ്ദങ്ങളായി നാട്ടില്‍ ഇല്ലാത്തതിനാല്‍ ഈ കാലഘട്ടത്തില്‍ എഴുതിത്തുടങ്ങിയ പലരെയും നേരിട്ട് പരിചയമില്ല. എങ്കിലും ചിലരെയെങ്കിലും അവരുടെ രചനകളിലൂടെ പരിചയമുണ്ട്. ഷിത്തോര്‍ എഴുതിയ ചില ലേഖനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഭൂതകാലത്തെക്കുറിച്ച് ചില പരിപ്രേക്ഷ്യങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനാണ്. അദ്ദേഹം ചന്ദ്രികയില്‍ എഴുതിയ ലേഖനം ഞാന്‍ ഇന്നലെയാണ് വായിച്ചത്.

അതുണ്ടാക്കിയ വിവാദത്തെക്കുറിച്ച് അറിഞ്ഞതുകൊണ്ട് കൂടിയാണ് ആ ലേഖനം വായിച്ചത്. സത്യത്തില്‍ അതില്‍ വിവാദം ഉണ്ടാകേണ്ട ഒന്നുമില്ല. പഴയകാല സാമൂഹിക ജീവിതത്തെക്കുറിച്ച് പറയുന്ന നിരവധി രേഖകളില്‍ നിന്ന് കൃത്യമായി ശേഖരിച്ച കാര്യങ്ങളാണ് ഷിത്തോര്‍ എഴുതിയിട്ടുള്ളത്.

സത്യത്തില്‍ ആ ലേഖനം വായിച്ചപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചത് അതിലെ പല കാര്യങ്ങളും ഞാനും മുന്‍പ് ഉദ്ധരിച്ചിട്ടുള്ളവയാണ് എന്നതാണ്. ഒരു പക്ഷെ ഇതിനേക്കാള്‍ രൂക്ഷമായ ചില പരാമര്‍ശങ്ങള്‍ പോലും എന്റെ ലേഖനങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. പുലയരാണ് ചുമന്നത് എന്നത് കൊണ്ട് ഗുരുവിന്റെ ഫോട്ടോ പിടിച്ചു വാങ്ങി നിലത്തിട്ടു ചവുട്ടിപ്പൊട്ടിച്ച ഈഴവ ചരിത്രം പലപ്പോഴും പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.

നായര്‍ ചരിത്രത്തെ ശൂദ്രചരിത്രം എന്ന് വിളിച്ചത് ഇപ്പോഴും ദഹിക്കാത്തവരുണ്ട്. ഈ ലേഖനങ്ങള്‍ ഒക്കെ പിന്‍വലിക്കണം എന്ന ആവശ്യം ഞാന്‍ സങ്കല്‍പ്പിക്കുകയാണ്. ഹിന്ദുത്വ ശക്തികളുമായി എസ്.എന്‍.ഡി.പി നേതൃത്വം സഖ്യം ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായത് മുതല്‍ അതിനെതിരെ നിരവധി കുറിപ്പുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതിലെല്ലാം നേരിട്ടും അല്ലാതെയും ഷിത്തോര്‍ പരാമര്‍ശിച്ച രേഖകളും സമാനമായ മറ്റു രേഖകളും ഞാനും ഉപയോഗിച്ചിട്ടുണ്ട്.

അന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശിവഗിരിമഠത്തിലെ സ്വാമിമാര്‍ വരെ എന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. വിമര്‍ശിക്കുമ്പോള്‍ പോലും അത്തരം വാദങ്ങളെ അവര്‍ സംയമനത്തോടെയാണ് നേരിട്ടത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. അന്നു ഞാനും ആ ചര്‍ച്ച കള്‍ ഹിന്ദുത്വശക്തികള്‍ മുതലെടുപ്പ് നടത്താന്‍ പാകത്തില്‍ മുന്നോട്ടു കൊണ്ടുപോകാതെ ശ്രദ്ധിച്ചിരുന്നു. ”അറിയാനും അറിയിക്കാനുമാണ്” എന്ന എന്ന വിവേചന ശക്തിയോടെയാണ് ആ ചര്‍ച്ചകള്‍ ഉണ്ടായത്.

എന്നാല്‍ ഇപ്പോള്‍ ആ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ എഴുത്തുകാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും പ്രസാധകരെ ആക്രമിച്ചു സമ്മര്‍ദ്ദത്തില്‍ ആക്കുകയും ചെയ്യുന്ന സമീപനത്തിന് പൊതുമണ്ഡലത്തില്‍ സ്വീകാര്യത കിട്ടിയിരിക്കുന്നു. തികച്ചും അപലപനീയമായ ഒരു പ്രവണത ആണിത്. മാതൃഭൂമിയില്‍ എസ്. ഹരീഷിന്റെ മീശ പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ ഇതിന്റെ മറ്റൊരു രൂപം നമ്മള്‍ കണ്ടതാണ്.

എന്നാല്‍ ഇത്തരം പ്രവണതകള്‍ കണ്ടാല്‍ അതിന്റെ നേരെ വിരല്‍ ചൂണ്ടാന്‍ കഴിയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വം പോലും ഈ മാതൃകാരാജ്യത്തു ഇന്ന് അവശേഷിക്കുന്നില്ല. ഷിത്തോറിനു ലേഖനം പിന്‍വലിക്കേണ്ടി വരികയും അത് ചന്ദ്രികക്ക് അംഗീകരിക്കുകയും ചെയ്യേണ്ടിവന്നത് നാം കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടയില്‍ എത്രമാത്രം ആശയവിനിമയസങ്കുചിതര്‍ ആയിരിക്കുന്നു എന്നതിന്റെ തെളിവാണ്.

എനിക്ക് ചോദിക്കാനുള്ളത് രാഷ്ട്രീയ നേതൃത്വങ്ങളോടാണ്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്? തൊണ്ണൂറുകള്‍ മുതല്‍ എന്റെ ലേഖനങ്ങളില്‍ ജാതിസമൂഹങ്ങളുടെ ചരിത്ര പ്രതിനിധാനങ്ങള്‍ കടന്നുവരുന്നുണ്ട്. സാമൂഹികശാസ്ത്ര പഠനങ്ങളില്‍ മറ്റു പലരുടെയും രചനകളില്‍ അത്തരം പരാമര്‍ശങ്ങള്‍ അനിവാര്യമായും കടന്നുവന്നിട്ടുണ്ട്. അവയെല്ലാം ആധുനിക ജാതിസമുദായ സ്വത്വങ്ങളുടെ മിഥ്യാഭിമാനബോധങ്ങളുടെ കളങ്ങളില്‍ ഒതുങ്ങുന്നവയല്ല. അവയെല്ലാം പിന്‍വലിക്കപ്പെടെണ്ടവയാണോ?

ഇത് പറയുന്നതുകൊണ്ട് കീഴാള സമൂഹങ്ങളെ കരുതിക്കൂട്ടി അപമാനിക്കുന്ന സവര്‍ണ്ണ വ്യവഹാരങ്ങളെക്കുറിച്ചു എനിക്ക് ബോധ്യമില്ലെന്നു കരുതേണ്ട. അതിന്റെ രാഷ്ട്രീയ ഹിംസാപരിസരത്തിനെതിരെയുള്ള വിമര്ശനങ്ങള്‍ തുടരുകതന്നെ ചെയ്യും. യാതൊരു സാമൂഹിക- സന്തുലനങ്ങളും പാലിക്കാതെ അത്തരം സവര്‍ണ്ണ പ്രതിനിധാനങ്ങളെയും അക്കാദമിക് പോപ്പുലര്‍ രചനകളെയും കൂട്ടിക്കെട്ടാമെന്നു കരുതുന്നത് ഏതു സൗകര്യത്തിന്റെ പേരില്‍ ആണെങ്കിലും നിരാകരിക്കപ്പെടെണ്ട സമീപനമാണ്.

എന്നാല്‍ പെരുമാള്‍ മുരുകന് വേണ്ടി ഉയരുന്ന നാവുകള്‍, കേരളത്തില്‍ ഷിത്തോറിനും വേണ്ടിയും ഉയരേണ്ടതാണ്.

”എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈയുകള്‍ നൊന്തിടുകയാ-
ണെങ്ങോ മര്‍ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു” എന്ന് എന്‍.വി കൃഷ്ണ വാര്യര്‍ പറഞ്ഞതിന് അര്‍ത്ഥം അങ്ങനെ ലോകത്ത് മറ്റെവിടെയെങ്കിലും സംഭവിച്ചാല്‍ മാത്രം നമ്മള്‍ വേദനിച്ചാല്‍ മതി എന്നല്ലല്ലോ.

അക്കാദമിക്- പോപ്പുലര്‍ രചനകളുടെ വിമര്‍ശനാത്മകമായ സ്വാംശീകരണം ഇവിടുത്തെ ജനാധിപത്യ സംസ്‌കാരത്തിന്റെ അവിഭാജ്യമായ ഘടകമായിരുന്നു ഇത്രനാളും. ആഘോഷിക്കപ്പെടേണ്ട ആ പാരമ്പര്യം നിങ്ങളുടെ കണ്മുന്നില്‍ തന്നെ വളര്‍ന്നുവന്ന ഹിന്ദുത്വശക്തികളുടെ തിണ്ണമിടുക്കിനു മുന്നില്‍ അടിയറവയ്ക്കണം എന്നാണോ നിങ്ങള്‍ മൗനമായി ആവശ്യപ്പെടുന്നത്?

തികച്ചും അപലപനീയമാണ് ഇത്തരം മൗനങ്ങള്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഷിത്തോറിനും ചന്ദ്രികക്കും, എത്രമേല്‍ നിസ്സാരമായതാണെങ്കിലും, എത്രമേല്‍ അപ്രസക്തമാണെങ്കിലും, എന്റെ ഹൃദയപൂര്വ്വമായ ഐക്യദാര്‍ഡ്യം ഞാന്‍ അറിയിക്കുകയും ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടി.ടി ശ്രീകുമാര്‍
എഴുത്തുകാരനും ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമാണ് ടി.ടി ശ്രീകുമാര്‍