| Friday, 27th May 2016, 12:13 pm

ചിലതൊക്കെ ശരിയാകാന്‍ നമ്മള്‍കൂടി വിചാരിക്കണം

ടി.സി. രാജേഷ്

എഫ്.ബി നോട്ടിഫിക്കേഷന്‍/ടി.സി രാജേഷ് സിന്ധു


ചിലതൊക്കെ ശരിയാകാന്‍ നമ്മള്‍കൂടി വിചാരിക്കണം. മകന്‍ റോളര്‍ സ്‌കേറ്റിംഗ് പരിശീലനത്തിനുപോകുന്ന പൂജപ്പുരയിലെ അക്കാദമിയില്‍ ഏതാനും ദിവസമായി ക്യാംപ് നടക്കുന്നു. വൈകിട്ട് ഭക്ഷണമുണ്ട്. കുട്ടികളും രക്ഷിതാക്കളും എല്ലാവരുമായി ഒരു നൂറ്റമ്പത് പേരുണ്ടാകും കഴിക്കാന്‍. ആദ്യ ദിവസംതന്നെ ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുനോക്കി. പക്ഷേ, സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമെന്നത് പലര്‍ക്കും അസൗകര്യവും ചെലവു കൂടുതലുമാണത്ര.

ഇന്നലെ വൈകിട്ട് ഭക്ഷണം ഞങ്ങള്‍ ആറേഴു പേര്‍ ചേര്‍ന്നാണ് സ്‌പോണ്‍സര്‍ ചെയ്തത്. ഡിസ്‌പോസിബിള്‍ കഴിയുന്നത്ര ഒഴിവാക്കുക എന്നൊരു തീരുമാനവും അതിന്റെ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുത്തു. അതൊരു പരീക്ഷണമായിരുന്നെന്നു പറയുകയാകും കൂടുതലുചിതം.

കോര്‍പ്പറേഷനിലെ പ്രൊജക്ട് സെക്രട്ടേറിയറ്റിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സുഹൃത്തുമായ അനൂപ് റോയിയോടു വിവരം പറഞ്ഞു. ആവശ്യത്തിന് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുകളും അദ്ദേഹം ഇന്നലെ ഉച്ചക്കുതന്നെ എത്തിച്ചുതന്നു. വീട്ടില്‍ കൊണ്ടുപോയി അതുമുഴുവന്‍ ഒന്നുകൂടി കഴുകി റെഡിയാക്കി ഏഴുമണിക്ക് ഭക്ഷണം വിളമ്പും മുന്നേ സാധനം സ്ഥലത്തെത്തിച്ചു.

പതിവിലേറെ വൃത്തിയില്‍ തന്നെ വിളമ്പനാനായി. ഒപ്പമുണ്ടായിരുന്ന കുടുംബങ്ങളും ഇതില്‍ സഹായിച്ചുവെന്നുമാത്രമല്ല, ഡിസ്‌പോസിബിള്‍ ഒഴിവാക്കാനായതിലുള്ള സന്തോഷം പങ്കുവക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യാവശിഷ്ടങ്ങള്‍ ഒരു കൂടയിലും ഐസ്‌ക്രീം കപ്പുകള്‍ (അത് ഒഴിവാക്കാനായില്ല) മറ്റൊരു കൂടയിലും വെവ്വേറെ ശേഖരിച്ച് കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണ സംവിധാനത്തിലേക്ക് കൈമാറി.

പ്ലേറ്റും ഗ്ലാസും രാത്രിതന്നെ കോര്‍പ്പറേഷനില്‍ നിന്ന് തൊഴിലാളികളെത്തി കൊണ്ടുപോയി. പാത്രവും ഗ്ലാസും കഴുകാനുള്ള വെള്ളം പൂജപ്പുരയിലെ മണ്ഡപത്തിന്റെ പരിസരത്ത് ഇല്ലാത്തതായിരുന്നു പ്രധാന പ്രതിസന്ധി. അങ്ങിനെയൊരു സൗകര്യം കൂടിയുണ്ടായിരുന്നെങ്കില്‍ നാളെയും മറ്റന്നാളും ഭക്ഷണത്തിന് ഇതേ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു.

ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരിപാടികളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്കു ബദലായി ശുചിത്വ മിഷനോ കോര്‍പ്പറേഷനോ ഒരു സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളുവെന്നു തോന്നുന്നു. നിശ്ചിത എണ്ണം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും 500-1000 ലിറ്റര്‍ വെള്ളവും ചെറിയൊരു വാഷിംഗ് സിങ്കും അടങ്ങുന്ന യൂണിറ്റ് ലഭ്യമാക്കുക.

അതിന് ചെറിയൊരു ഫീസും ഈടാക്കുക. പാത്രം കഴുകാനുള്ള ആളെ മാത്രം സദ്യക്കാര്‍ നിറുത്തിയാല്‍ മതി. വീട്ടുകാര്‍ക്കോ കാറ്ററിംഗുകാര്‍ക്കോ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതേയുള്ളു. അങ്ങിനെ ഘട്ടം ഘട്ടമായി ഡിസ്‌പോസിബിളുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് നമുക്ക് പുറത്തുകടക്കാനാകും. എന്തായാലും ഇത്തരമൊരു നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ അധികൃതര്‍ക്കു മുന്നില്‍ വയ്ക്കാന്‍തന്നെയാണ് തീരുമാനം.

ടി.സി. രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, മീഡിയാ മാനേജ്‌മെന്റ് വിദഗ്ധന്‍

We use cookies to give you the best possible experience. Learn more