| Tuesday, 10th December 2019, 4:12 pm

ഇവിടെയും തോറ്റാല്‍ ഇനിയൊരു തിരിച്ചു വരവ് അസാധ്യം; തോറ്റജനതയാവാതെ തെരുവിലിറങ്ങൂ

സുധ മേനോന്‍

1947, മാര്‍ച്ചു മാസം എട്ടാം തിയ്യതി, ദല്‍ഹിയില്‍, അന്നത്തെ ദല്‍ഹി പ്രോവിന്‍സിലെ രാഷ്ട്രീയ സ്വയം സേവക സംഘ പ്രവര്‍ത്തകരുടെ ഒരു റാലി നടന്നിരുന്നു. ഒരു ലക്ഷം സ്വയംസേവകര്‍ അന്ന് ദില്ലിയില്‍ നിന്ന് മാത്രം അതില്‍ പങ്കെടുത്തു. രണ്ടു ദിവസത്തിന് ശേഷം ദരിയാഗഞ്ജിലെ ശ്യാം ബീഹാറി ലാലിന്റെ വസതിയില്‍ വെച്ച് ചേര്‍ന്ന ആര്‍.എസ്.എസ് യോഗത്തില്‍ വെച്ച് ഹിന്ദു നശിച്ചാല്‍ സംഘം നശിക്കുമെന്നും എന്ത് വിലകൊടുത്തും ഹിന്ദു രാഷ്ട്രം സംരക്ഷിക്കുമെന്നും അസന്നിഗ്ധമായി പറഞ്ഞത് സാക്ഷാല്‍ ഗോള്‍വാള്‍ക്കര്‍ തന്നെ ആയിരുന്നു.

സംഘം ഹിന്ദുക്കളെ ഒന്നിപ്പിക്കുമെന്നും ക്യാപിറ്റലിസ്റ്റുകള്‍ പണം തന്നു, ഈ ലക്ഷ്യത്തെ സഹായിക്കണമെന്നും പറഞ്ഞയുടന്‍ ഒരു ലക്ഷം രൂപയാണ് ലാലാ ഹരിചന്ദ് എന്ന വ്യാപാരി സംഭാവന ചെയ്തത്. അതിനു ശേഷം ജൂണ്‍ 3 നു മാത്രമാണ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്നോര്‍ക്കണം.

വിഭജനത്തിനു ശേഷം, പുറത്തിറങ്ങിയ ഓര്‍ഗനൈസര്‍ എന്ന ആര്‍.എസ്.എസ് മുഖപത്രത്തില്‍ ‘Wither Mahatma Gandhi ‘ എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ കൃത്യമായി അവര്‍ പറയുന്നുണ്ട്, ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ സംഘടിപ്പിച്ചു, ഒന്നിപ്പിച്ചു നിര്‍ത്തി ലോകത്തിലെ ഒരു രാഷ്ട്രത്തിനും പരാജയപ്പെടുത്താന്‍ പറ്റാത്ത അതിശക്തമായ ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ പറ്റിയ അനിതരസാധാരണമായ ചരിത്രാവസരമാണ് മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യന്‍ പാടെ നശിപ്പിച്ചു കളഞ്ഞതെന്ന്.

കൂടുതല്‍ അറിയാന്‍ രാമചന്ദ്ര ഗുഹയുടെ ക്ലാസിക് പുസ്തകമായ Gandhi: The Years that changed the World വിശദമായി വായിക്കുക.

അന്നത്തെ അതേ, ആര്‍.എസ്.എസ് ആണ് ഇന്ന് മന്‍ മേ ബാപ്പു എന്നും പറഞ്ഞു ഗാന്ധി സങ്കല്‍പ്പയാത്ര നടത്തുന്നത് എന്നോര്‍ത്താല്‍ മനസിലാകും, എത്രത്തോളം കാപട്യത്തിന്റെ മുകളില്‍ കേറി നിന്നാണ് ഇവര്‍ ജനങ്ങളെ സ്വാധീനിക്കുന്നതെന്ന്. കാരണം, ഇന്നും ഗോള്‍വാള്‍ക്കര്‍ അല്ല ഗാന്ധിജിയാണ് ഇന്ത്യന്‍ മനസിനെ സ്വാധീനിക്കുന്നത് എന്ന് അവര്‍ക്ക് അറിയാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചുരുക്കത്തില്‍ ഒരു കാലത്തും ഒരു സനാതനത്വവും, അവരെ സ്വാധീനിച്ചിട്ടില്ല. ചിത്പവന്‍ ബ്രാഹ്മണന്റെ ലോകബോധമാണ് അവരെ എന്നും നയിച്ചത്, ഇന്നും നയിക്കുന്നത്. അത് കൊണ്ടാണല്ലോ ഹിന്ദുവിന്റെ രക്ഷകര്‍ ആകുമ്പോഴും ദളിതരെ പൊതു കിണറ്റില്‍ നിന്നും,
വെള്ളം എടുക്കാന്‍ പോലും അനുവദിക്കാത്ത അയിത്തം ഒരു വശത്തു ആഘോഷിച്ചു കൊണ്ടുതന്നെ വര്‍ധിച്ചു വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ വ്യാകുലപ്പെടുന്നത്!

എന്നിട്ടും, 1947 ഇല്‍ തന്നെ അത്രയേറെ ശക്തമായിട്ടും, ഇന്ത്യ എന്ന ബഹുസ്വര ആശയത്തെ തൊടാന്‍ പോലും അവര്‍ക്കു സാധിക്കാതിരുന്നത്, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ സംഘം ഒന്നുമല്ലാത്തത് കൊണ്ട് മാത്രമാണ്.

ഒടുവില്‍, പൗരത്വ ബില്‍ ഇന്ന് ഒരായിരം നുണക്കൂമ്പാരങ്ങള്‍ക്കു മുകളില്‍ കൂടി പാസ്സാകുമ്പോള്‍, ഇല്ലാതായി പോയത് ഇന്ത്യയെ ഇതുവരെ നയിച്ച, അമൂര്‍ത്തമെങ്കിലും വളരെ ശക്തമായിരുന്ന ‘മതേതര- ബഹുസ്വര സമൂഹം ‘എന്ന ഐഡന്റിറ്റിയാണ്.

ഇന്ന്, നമ്മള്‍, ശരിക്കും തോറ്റ ജനതയായി..അശ്രദ്ധയും, അലസതയും, ഈഗോയും, അഹങ്കാരവും, മണ്ടത്തരവും കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അടിയറവ് പറഞ്ഞു, അധികാരം സ്വര്‍ണ്ണത്തളികയില്‍ ഫാസിസത്തിനു കാഴ്ച വെച്ച് കൊടുത്ത നിര്‍ഗുണന്മാര്‍….’will of the people’ എന്ന് അമിത് ഷായ്ക്ക് അഭിമാനിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കിക്കൊടുത്ത നമ്മള്‍ തന്നെയാണ് ഇതിനു പരിഹാരം കാണേണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധം ഇവിടെ അല്ല വേണ്ടത്. തെരുവില്‍ ആണ്. ജനാധിപത്യരീതിയില്‍ തന്നെയാണ് നമ്മള്‍ പ്രതികരിക്കേണ്ടത്. അതിനു ആദ്യം വേണ്ടത് മുസ്‌ലീങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നം ആണിത് എന്ന തെറ്റിദ്ധാരണ പൊതു സമൂഹത്തില്‍ പരത്താതിരിക്കല്‍ ആണ്.

ഇന്ത്യ എന്ന ആശയവും, ബഹുസ്വരതയില്‍ ഊന്നിയ അതിന്റെ ആവിഷ്‌ക്കാരവും ആണ് ഇവിടെ വെല്ലുവിളിക്കപ്പെട്ടത്. ഏറ്റവും അപകടകരമായ കാല്‍വെയ്പ്. എല്ലാ മതേതര ലിബറല്‍ മനുഷ്യരും ട്രോള് നിര്‍ത്തി ഗൗരവമായി നമ്മുടെ ജനാധിപത്യ ഇടങ്ങളെ തിരിച്ചു പിടിക്കാന്‍ ഇറങ്ങേണ്ട സമയമാണിത്.

ഇവിടെയും തോറ്റാല്‍ ഇനിയൊരു തിരിച്ചു വരവിനു നമ്മള്‍ ഒരു പാട് കാത്തിരിക്കേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ അപരത്വം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍, it is very easy to manufacture consent.അതാണ് ഇന്നലെ അമിത് ഷാ ജനഹിതം- will of the People എന്ന് പറഞ്ഞതും. അത് വെറും വാക്കായിരിക്കില്ല….

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

Latest Stories

We use cookies to give you the best possible experience. Learn more