മണിചിത്രത്താഴില്‍ വഴിത്തിരിവ്;മാടമ്പള്ളിയിലെ മനോരോഗി സണ്ണിയായിരുന്നു
News of the day
മണിചിത്രത്താഴില്‍ വഴിത്തിരിവ്;മാടമ്പള്ളിയിലെ മനോരോഗി സണ്ണിയായിരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2016, 2:49 pm

അമലയുടെ രോഗം ചികില്‍സിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന ദുരന്തങ്ങളാണ് ഡോക്ടര്‍ സണ്ണിയുടെ മാനസികാരോഗ്യത്തെ അല്പാല്പമായി കാര്‍ന്നു തിന്നു തുടങ്ങിയത്. ആദ്യമാദ്യം രോഗലക്ഷണങ്ങള്‍ അല്പാല്പമായേ പുറത്തുവന്നിരുന്നുള്ളൂ. അതും ഡ്യൂട്ടിയ്ക്ക് വെളിയില്‍. എന്നാല്‍ പതുക്കെ രോഗം സണ്ണിയെ പൂര്‍ണമായും കീഴടക്കി. തന്റെ രോഗികളുടെ മേല്‍ ക്രൂരമായ വിനോദങ്ങള്‍ അടിച്ചേല്‍പ്പിച്ചു (വെള്ളമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ തുള്ളിക്കുക മുതലായവ). അങ്ങിനെയാണ് ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാനുള്ള ലൈസന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ റദ്ദാക്കുന്നത്.


sreehari-1


sreehar-sreedharan| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ശ്രീഹരി ശ്രീധരന്‍ |


സത്യത്തില്‍ സണ്ണിക്കായിരുന്നു രോഗം അഥവാ ഉള്ളടക്കത്തിന്റെ രണ്ടാം ഭാഗമാണ് മണിച്ചിത്രത്താഴ്

അമലയുടെ രോഗം ചികില്‍സിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന ദുരന്തങ്ങളാണ് ഡോക്ടര്‍ സണ്ണിയുടെ മാനസികാരോഗ്യത്തെ അല്പാല്പമായി കാര്‍ന്നു തിന്നു തുടങ്ങിയത്. ആദ്യമാദ്യം രോഗലക്ഷണങ്ങള്‍ അല്പാല്പമായേ പുറത്തുവന്നിരുന്നുള്ളൂ. അതും ഡ്യൂട്ടിയ്ക്ക് വെളിയില്‍. എന്നാല്‍ പതുക്കെ രോഗം സണ്ണിയെ പൂര്‍ണമായും കീഴടക്കി. തന്റെ രോഗികളുടെ മേല്‍ ക്രൂരമായ വിനോദങ്ങള്‍ അടിച്ചേല്‍പ്പിച്ചു (വെള്ളമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ തുള്ളിക്കുക മുതലായവ). അങ്ങിനെയാണ് ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാനുള്ള ലൈസന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ റദ്ദാക്കുന്നത്.

എന്നാല്‍ താന്‍ ഒരു ഡോക്ടറല്ല എന്ന സത്യം സണ്ണിയുടെ മനസിലെ രോഗി അംഗീകരിച്ചില്ല. അമേരിക്കയിലെ വിദഗ്ധമനഃശ്ശാസ്ത്രനാണ് താന്‍ എന്ന നുണ സണ്ണിയുടെ ഉപബോധമനസ്സ് വളര്‍ത്തിയെടുത്തു. ഈ അവസ്ഥയിലാണ് സുഹൃത്തും പഴയ കൊളീഗും കൂടിയായ സൈക്യാട്രിസ്റ്റ് നകുലന്‍ സണ്ണിയെ ചികില്‍സിക്കാന്‍ എത്തുന്നത്. രോഗികളാരും തന്നെ കാണാന്‍ എത്തുന്നില്ല എന്നത് സണ്ണിയെ അപ്പോഴേക്കും മുഴുഭ്രാന്തിന്റെ വക്കില്‍ എത്തിച്ചെരുന്നു. സൈക്കോസിസിന്റെ അങ്ങേയറ്റം.

സണ്ണിയെ രക്ഷിക്കാന്‍ നകുലനു ഒരു മനഃശാസ്ത്രനാടകം അനിവാര്യമായിരുന്നു. അന്ന് തന്നെ സുഹൃത്തായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനോട് നകുലന്‍ തന്റെ പ്ലാന്‍ അവതരിപ്പിച്ചു. ആദ്യം ഒന്നന്ധാളിക്ക്യ ഉണ്ടായെങ്കിലും ധൈര്യമായി മുന്നോട്ടു പോകാന്‍ നമ്പൂതിരിപ്പാട് പ്രോല്‍സാഹിപ്പിച്ചു.

തന്റെ ഭാര്യ ഗംഗയുമായി നകുലന്‍ മാടമ്പിള്ളിയില്‍ എത്തിയത് അങ്ങിനെ ആയിരുന്നു. ചുരുങ്ങിയ ദിനം കൊണ്ട് ഗംഗയുടെ സഹായത്തോടെ ശ്രീദേവിയെ മാനസികരോഗിയായി ചിത്രീകരിച്ചു. നകുലേട്ടന്റെ സുഹൃത്തിന്റെ രോഗം മാറ്റാന്‍ ഒരായിരം വട്ടം ഭ്രാന്തിയായി അഭിനയിക്കാന്‍ ശ്രീദേവിയും തയ്യാറായിരുന്നു.

എല്ലാം നിശ്ചയിച്ച പോലെ നടന്നു. സണ്ണിയെ ശ്രീദേവിയെ ചികില്‍സിക്കാന്‍ എന്ന കള്ളം പറഞ്ഞ് നകുലന്‍ മാടമ്പിള്ളിയില്‍ എത്തിച്ചു. ആദ്യദിനം മുതല്‍ തന്റെ രോഗലക്ഷണങ്ങള്‍ പല വിധത്തില്‍ സണ്ണി പുറത്തറിയിക്കുന്നാണ്ടായിരുന്നു. ആണുങ്ങളുടെ കഴുത്ത് ഞെരിക്കല്‍,,സ്വന്തം ബാഗിനു തീയിടല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍. എന്നാല്‍ നകുലന്‍ എല്ലാം സഹിച്ചു.

പ്ലാന്‍ കൈവിട്ടു പോയത് സണ്ണി ശ്രീദേവിയെ വിട്ട് ഗംഗയെ രോഗിയായി സങ്കല്പിച്ചു തുടങ്ങിയപ്പോഴാണ്. കൊല്ലപ്പെട്ട തന്റെ കാമുകിയുടെ ഛായ ഗംഗയില്‍ സണ്ണി കണ്ടെത്തി. അതോടെ ഗംഗയോട് അടക്കാനാവാത്ത ഇന്‍ഫാച്വേഷന്‍. ഗംഗയെ രോഗിയായും തന്നെ ഗംഗയുടെ ഏകരക്ഷകനായും സണ്ണി സങ്കല്പിച്ചു.

നകുലന്‍ മുന്‍ നിശ്ചയിച്ച പ്രകാരം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അപ്പോഴേയ്ക്കും മാടമ്പിള്ളിയില്‍ എത്തി. കൊല്‍ക്കൊത്തയില്‍ വെച്ച് നകുലന്‍ വഴി സണ്ണിയെ കണ്ടുപരിചയം നമ്പൂതിരിപ്പാടിനു ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് വെളിയില്‍ കാലുകുത്തിയിട്ടില്ലാത്ത നമ്പൂതിരിപ്പാട് സണ്ണിയെ അമേരിക്കയില്‍ വെച്ച് പരിചയപ്പെട്ടതായി നടിച്ചു. എല്ലാവരുടെയും മുന്നില്‍ പുകഴ്തിപ്പറഞ്ഞു. സണ്ണിയെ കയ്യില്‍ എടുത്തു.

ശ്രീദേവിയ്ക്ക് പകരം ഗംഗയെ സണ്ണി ചികില്‍സിക്കുന്ന ഒരു നാടകം അവസാനനിമിഷം തട്ടിക്കൂട്ടി നകുലന്‍ ചികില്‍സ ആരംഭിച്ചു. മാടമ്പിള്ളിയിലെ രംഗം തീര്‍ന്നു. സണ്ണിയെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു നേര്‍ത്ത വഴി നകുലനു മുന്‍പില്‍ തുറന്നു. തുടര്‍ ചികില്‍സയ്ക്കായി സണ്ണിയുമൊത്ത് നകുലന്‍ കൊല്‍ക്കൊത്തയ്ക്ക്.

വാല്‍: സണ്ണി യഥാര്‍ഥത്തില്‍ ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് കാട്ടുപറമ്പന്‍ ചികില്‍സയ്‌ക്കെത്തിയത്. അയാളെ സണ്ണിയിലെ രോഗി ക്രൂരമായ വിനോദത്തിനിരയാക്കി. ഒടുക്കം കൊല്‍ക്കത്തയ്ക്ക് തിരിച്ച് പോകാന്‍ നേരം കാട്ടുപറമ്പന്‍ ശ്രീദേവിയുടെ ഭ്രാന്ത് മാറിയോ എന്ന് ചോദിച്ചപ്പോള്‍ ഗംഗയിലെ മനുഷ്യസ്‌നേഹിയ്ക്ക് സഹിക്കാനായില്ല. കാട്ടുപറമ്പനോട് മാത്രം ഗംഗ സത്യം വെളിപ്പെടുത്തി.

ശുഭം.