മലപ്പുറം ഗവണ്മെന്റ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസിന് ചേര്‍ന്ന പണിയല്ല. കശ്മീരിന് സ്വാതന്ത്ര്യം നല്‍കുക എന്ന പോസ്റ്റര്‍ പതിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇത് രാജ്യദ്രോഹക്കുറ്റം അല്ല. 124 A പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം നടത്തുക എന്നു വച്ചാല്‍ പോസ്റ്റര്‍ പതിക്കലോ ഫേസ് ബുക്കില്‍ പോസ്റ്റ് ഇടലോ അല്ല. അത് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുക എന്നതാണ്.
2015ല്‍ ശ്രേയ സിംഗാള്‍ കേസില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിച്ച് കൊണ്ട് സുപ്രിം കോടതി പറഞ്ഞത് ഇതാണ്: നേരിട്ട് അക്രമം ഇളക്കിവിടുന്ന അഭിപ്രായപ്രകടനം മാത്രമേ കുറ്റകരം ആകുന്നുള്ളൂ. അതില്‍ കുറഞ്ഞ എന്തും, ഏതു തരത്തിലുള്ള വാദവും, ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടുന്നു.
1920 കളില്‍ ഗാന്ധിജി എഴുതി- സംഘാടനത്തിനുള്ള സ്വാതന്ത്ര്യം എന്നാല്‍ വിപ്ലവത്തിനുള്ള പരിപാടികള്‍ ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നതാണ്. യഥാര്‍ഥത്തില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോള്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമുള്ളൂ.
രാജ്യദ്രോഹി (Anti national) എന്ന പദം നമ്മുടെ നിയമം നിര്‍വചിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ പ്രിന്‍സിപ്പല്‍ എസ്.മായയ്ക്ക് തോന്നി ഈ രണ്ട് കുട്ടികളും രാജ്യദ്രോഹികള്‍ ആണെന്ന്. പോലീസിനും മീഡിയയ്ക്കും ഒന്നും പിന്നെ സംശയം ഉണ്ടായില്ല.
ഇത് രാജ്യദ്രോഹം ആണെങ്കില്‍ കശ്മീരില്‍ ജനഹിത പരിശോധന നടത്തുന്നതിനെ അനുകൂലിച്ച ജവഹര്‍ ലാല്‍ നെഹ്റുവിനെ അങ്ങനെ കാണേണ്ടി വരുമോ എന്ന് പ്രിന്‍സിപ്പല്‍ ചിന്തിക്കേണ്ടതായിരുന്നു. പ്രിന്‍സിപ്പലിന്റെ ചരിത്രബോധമില്ലായ്മ രണ്ട് വിദ്യാര്‍ഥികള്‍ക്കുമേല്‍ ചാര്‍ത്തിയത് ജീവപര്യന്തം ശിക്ഷകിട്ടാവുന്ന കുറ്റമാണ്. അവര്‍ ചെയ്തതോ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചു എന്നത് മാത്രം.
കനയ്യ കുമാര്‍-ജെ.എന്‍.യു വിഷയത്തില്‍ ഇക്കാര്യം ഏറെ ചര്‍ച്ച ചെയ്തതാണ്. കനയ്യ കുമാറും ഉമര്‍ ഖാലിദും മറ്റും രാജ്യദ്രോഹം ചെയ്തിട്ടില്ലെന്ന് വാദിച്ച ഇടതുപക്ഷം ഭരിക്കുന്നിടത്ത് അതേ തെറ്റ് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയില്‍ രാജ്യദ്രോഹത്തിന് ഭീകര ശിക്ഷ ഉറപ്പാക്കിയ ബ്രിട്ടീഷുകാര്‍ അവരുടെ നാട്ടില്‍ ഈ കുറ്റം എടുത്തുകളഞ്ഞിട്ട് ഏതാണ്ട് ഒരു ദശബ്ദമായി. ഇതേ കാലയളവില്‍ ഇന്ത്യയില്‍ ആകട്ടെ ഭരണകൂടം തങ്ങളുടെ വിമര്‍ശകരെ ജയിലില്‍ അടയ്ക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ടിരുന്നു. 2014നു ശേഷം അത് അതിവ്യാപകമായി. ഏറെയും മുസ്‌ലിങ്ങള്‍ക്ക് എതിരെ.
UPA സര്‍ക്കാരും NDA സര്‍ക്കാരും രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല. ഈ ദുരുപയോഗം ഏത് സര്‍ക്കാരിന്റെയും നേരിട്ടുള്ള ആയുധം ആണ് എന്നതാണ് സത്യം.
ഈ സാഹചര്യത്തില്‍, മതേതര – ജനാധിപത്യ വിശ്വാസികളുടെ വോട്ട് തേടുന്ന രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉത്തരം നല്‍കേണ്ട ചോദ്യമാണ് നിലവിലെ 124 A, രാജ്യദ്രോഹ നിയമം എടുത്തുകളയുമോ എന്നത്.