കശ്മീര്‍ ജനതയുടെ പോരാട്ടത്തിനൊപ്പം! കശ്മീരിലെ ഇന്ത്യന്‍ സൈനിക അടിച്ചമര്‍ത്തലിനെതിരെ, Military Occupation നെതിരേ! കശ്മീര്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനായി പോരാടുക! യാതൊരു മറയുമില്ലാതെ നാമീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. ദേശീയ സ്വാതന്ത്ര്യ സമരത്തിനുശേഷം രൂപം കൊണ്ട ഇന്ത്യ എന്ന political formation ന്റെ ഘടനയെത്തന്നെ മാറ്റുകയാണ് സംഘപരിവാര്‍/മോദി സര്‍ക്കാര്‍. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാനുള്ള തീരുമാനത്തിലൂടെ ഇന്ത്യ എന്ന രാജ്യത്തിന്റെ രാഷ്ട്രീയ സാധുത കൂടി മോദി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ തുടങ്ങുന്നു.
പതിറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലാണ് ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വയം നിര്‍ണയാവകാശം നിഷേധിക്കപ്പെട്ട കാശ്മീര്‍ ജനതയെ സൈനികമായ അധിനിവേശത്തിലൂടെയാണ് ഇന്ത്യ അടിച്ചമര്‍ത്തുന്നത്. കാശ്മീരില്‍ ഇന്ത്യന്‍ സായുധ സേന കൊല ചെയ്ത നിരവധി പേരുടെ വീടുകളില്‍, കശ്മീരിലെ മിക്ക മേഖലകളിലും പോയതിന്റെ അനുഭവത്തില്‍ നിന്നും തികഞ്ഞ രാഷ്ട്രീയ, ചരിത്ര ബോധത്തോടെയും എനിക്കുറപ്പിച്ചു പറയാന്‍ കഴിയുന്നത് ഇന്ത്യക്ക് സായുധ സൈന്യത്തിന്റെ ഭീകരമായ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനങ്ങളും കൂടാതെ ഒരു നിമിഷം പോലും കശ്മീരിനെ തങ്ങളുടെ അധീനതയില്‍ നിര്‍ത്താനാകില്ല.
ഷെയ്ഖ് അബ്ദുള്ളയെ തടവിലിട്ട, കാശ്മീരിലെ തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കിയ ഇന്ത്യന്‍ കേന്ദ്ര സര്‍ക്കാരുകളുടെ രാഷ്ട്രീയ, സൈനിക അധിനിവേശം അതിന്റെ ഏറ്റവും മാരകമായ രൂപത്തില്‍ എത്തിയിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയുടെ രാഷ്ട്രീയവും സൈനികവുമായ നടപ്പാക്കല്‍ കൂടിയാണ് നാമീ കാണുന്നത്.
ജമ്മു കാശ്മീരിനെ ലഡാക്, പൂര്‍ണ സംസ്ഥാന അധികാരമില്ലാത്ത ജമ്മു കശ്മീര്‍ എന്ന രണ്ടു മേഖലകളാക്കാനുള്ള ജനാധിപത്യ വിരുദ്ധമായ തീരുമാനം മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് കശ്മീര്‍ പൂര്‍ണമായും നിരോധനാജ്ഞയുടെ കീഴിലാക്കിയാണ് എന്നത് ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെയും ഭാഷാടിസ്ഥാനത്തിലുള്ള ജനതകളുടെ സംസ്ഥാന അധികാരങ്ങളുടെയും ഭാവിയെക്കുറിച്ചുകൂടിയാണ് സൂചന നല്‍കുന്നത്.
ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പദവികള്‍ ഇല്ലാതാകുമ്പോള്‍ ആ സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വവും തടങ്കലിലാണ് എന്നത് എന്തുതരം ജനാധിപത്യമാണ് ഈ രാജ്യത്ത് എന്നത് വ്യക്തമാക്കുന്നുണ്ട്.
തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയുമൊന്നും ചര്‍ച്ച ചെയ്യാതെ, ഹിമാലയ താഴ്വരയില്‍ ഒരു ജനതയെ അടിച്ചമര്‍ത്തി രാജ്യത്തെ മുഴുവന്‍ ഭൂരിപക്ഷ വര്‍ഗീയതയുടെയും ക്ഷുദ്രമായ സങ്കുചിത ദേശീയതയുടെയും ഉന്മാദത്തില്‍ തളയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം അവര്‍ക്ക് നല്‍കിയേ തീരൂ. ആ മുദ്രാവാക്യത്തെ നാനാവിധ ഭയങ്ങളാല്‍ ഇന്ത്യയിലെ പൗരസമൂഹം അതിന്റെ രാഷ്ട്രീയ സംവാദങ്ങളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇനിയും അതാവര്‍ത്തിച്ചുകൂടാ.
കൊലപാതകങ്ങളും ബലാത്സംഗങ്ങളും അതിഭീകരമായ മര്‍ദനവുമാണ്, കാശ്മീര്‍ ജനതയുടെ ജീവിക്കാനുള്ള, ആത്മാഭിമാനത്തിനുള്ള അവകാശത്തിന് നേരെയുള്ള സൈനികമായ അടിച്ചമര്‍ത്തല്‍ എന്നാണ് ഇന്ത്യ എന്ന വാക്കിനു കാശ്മീര്‍ താഴ്വരയില്‍ അര്‍ത്ഥം. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും അതേതാണ്ട് അങ്ങനെയാണ്. സ്വന്തം ജനതയോട് ഇത്രയേറെ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു ഭരണകൂടം വേറെയധികമില്ല.
അതുകൊണ്ടുതന്നെ ജനാധിപത്യത്തിനായുള്ള ഒരു പോരാട്ടത്തില്‍ നിന്നും കാശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ഒഴിച്ചുനിര്‍ത്താനാവില്ല. അതുകൊണ്ടുതന്നെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാനും ജമ്മു കശ്മീരിന്റെ രാഷ്ട്രീയ പദവി തരംതാഴ്ത്താനുമുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ പലവിധത്തില്‍ ഉയരേണ്ടതുണ്ട്.
കശ്മീര്‍ ജനതയുടെ പോരാട്ടത്തിനൊപ്പം!