പടച്ചവന്റെ ഗുണ്ടകള്‍
News of the day
പടച്ചവന്റെ ഗുണ്ടകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th July 2016, 12:29 pm

നിങ്ങളില്‍ പടച്ചവനു വേണ്ടി ആരുടെയെങ്കിലും കയ്യോ കാലോ വെട്ടിയവരുണ്ടെങ്കില്‍ അവര്‍ 20 മുതല്‍ 30 വരെയുള്ള ഗേറ്റുകളില്ലൂടെ അകത്തേക്ക് കയറുക”  പിന്നെയും അനൗണ്‍സ്മന്റ്.ഇത്തവണ മലയാളികളെന്ന് തോന്നിപ്പിക്കുന്ന കുറച്ചേറെപ്പേര്‍ തഖ്ബീര്‍ മുഴക്കി ഗേറ്റിനരികിലേക്ക് ഓടിയെത്തി. ജോസഫ് മാഷിന്റെ കൈ വെട്ടിയവരെല്ലം അതിലുണ്ടെന്ന് ഫൈസല്‍ കണ്ടെത്തി.



വര്‍ഷങ്ങളായി ഖബറിലിങ്ങനെ കിടപ്പായിരുന്നു. സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എന്ന് ഇന്നറിയാം. കണ്ണെത്താദൂരത്തോളമുള്ള ആ വലിയ പറമ്പില്‍ പൂഴി വാരിയെറിഞ്ഞാല്‍ ഒരു തരി താഴെ വീഴാത്തത്ര ജനം.

ഫൈസല്‍ ചുറ്റും നോക്കി. പരിചയമുള്ള മുഖങ്ങള്‍ ഒന്നുമില്ല. അകലെ സ്വര്‍ഗ്ഗം എന്നെഴുതിയ വലിയ മതില്‍ കാണാം. 77 കവാടങ്ങളും. ഇങ്ങേ തലക്കല്‍ നരകത്തിന്റെ മതിലും ഗേറ്റുകളും.

സ്വര്‍ഗ്ഗത്തിലെ ഗേറ്റിനോട് ചേര്‍ന്ന് കുറച്ചാളുകള്‍ കറുത്ത കുപ്പായമണിഞ്ഞ് തോക്കേന്തി “ടൊയോട്ട”യുടെ പല കാറുകളിലായി റോന്ത് ചുറ്റുന്നുണ്ട്. പെട്ടെന്നു ഫൈസലിനു പണ്ട് ടി.വിയിലൊക്കെ കണ്ടിട്ടുള്ള ചില രംഗങ്ങള്‍ ഓര്‍മ്മ വന്നു. അതേ, ഇതവര്‍ തന്നെ.

ഇത്തിരി മാറി ദൂരത്ത് നൂറുകണക്കിനാളുകള്‍ പച്ച റിബ്ബണ്‍ കെട്ടി പച്ച ടീഷര്‍ട്ട് ധരിച്ച് കോല്‍കളിയും ഡ്രം കൊട്ടലുമായി നില്‍ക്കുന്നു. നാട്ടിലെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം പോലെ, ഫൈസല്‍ നൊസ്റ്റുവായി. ആ കൂട്ടത്തിലെല്ലാവരും ഹാപ്പിയാണെന്ന് ഫൈസലിനു തോന്നി. അപ്പുറത്ത് ചിലര്‍ സൗമ്യമായ മുഖത്തോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. അവരില്‍ പലരും ഭാണ്ഡക്കെട്ടുകളും കുടിവെള്ളവും കരുതിയിട്ടുണ്ട്.

ഫൈസലിനു ടെന്‍ഷന്‍ കൂടി കൂടി വന്നു. “സ്വര്‍ഗ്ഗത്തില്‍ തന്നെയാവില്ലേ ഞാന്‍..?” 5 നേരം നിസ്‌കരിക്കുമായിരുന്നു. നോമ്പെടുത്തു, സക്കാത്ത് കൊടുത്തു,  34ാം വയസില്‍ ആക്‌സിഡന്റില്‍ മരണപ്പെട്ടത് കൊണ്ട് ഹജ് ചെയ്യാന്‍ പറ്റിയില്ല. കുടിച്ചിട്ടില്ല, വ്യഭിചരിച്ചിട്ടില്ല, കെട്ട്യോളെയും ഉമ്മാനെം വാപ്പാനേം കുട്ട്യോളെയും പൊന്നു പോലെ നോക്കീട്ടുമുണ്ട്. ആരേയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടുമില്ല. പറഞ്ഞു കേട്ടതും പഠിച്ചതും പ്രകാരം സ്വര്‍ഗ്ഗത്തില്‍ തന്നെ എത്തണം. അവന്‍ ഒന്നു ശ്വാസം വലിച്ച് വിട്ടു.

“നടപടി ക്രമങ്ങള്‍ ആരംഭിക്കുകയായി. ശ്രദ്ധിക്കുക, സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനം നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ക്രെഡിറ്റ് പൊയിന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും” അനൗണ്‍സ്മന്റ് മുഴങ്ങി. എല്ലാവരും നിശബ്ദരായി. ബാന്റ് മേളം നിന്നു. കാറുകള്‍ ബ്രേക്കിട്ടു.

“നിങ്ങളില്‍ സ്വര്‍ഗ്ഗം റിസര്‍വ്വ് ചെയ്തിട്ടുള്ള സംഘടനകള്‍ ഒരോ ഗ്രൂപ്പുകളായി, ക്യാപ്റ്റനോടൊപ്പം ഒന്നു മുതല്‍ പത്ത് വരെയുള്ള ഗേറ്റിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുക”  അനൗണ്‍സ്മന്റ്.

കാറുകള്‍ മുരള്‍ച്ച കൊണ്ടു. തോക്കേന്തിയവര്‍ അനന്തതയിലേക്ക് സന്തോഷസൂചകമായി വെടി പൊട്ടിച്ചു. ജാഥയായി അവര്‍ ഗേറ്റുകള്‍ക്കടുത്തേക്ക് നീങ്ങി. അതില്‍ ചില ജാഥാക്യപ്റ്റന്മാരെ ഫൈസല്‍ തിരിച്ചറിഞ്ഞു. അല്‍ഖ്വായ്ദയുടെ പ്ലക്കാര്‍ഡേന്തിയ ലാദനേയും ഐസിസിന്റെ പ്ലക്കാര്‍ഡേന്തിയ താടിക്കാരനേയും.

“നിങ്ങളില്‍ പടച്ചവനു വേണ്ടി നിരപരാധികളുടെ ജീവനെടുത്തവര്‍, 11 മുതല്‍ 20 വരെയുള്ള ഗേറ്റുകളിലൂടെ അകത്തേക്ക് കയറുക”  വീണ്ടും അനൗണ്‍സ്മന്റ്.

ചാവേറുകളും, സ്വതന്ത്ര തീവ്രവാദികളും അടക്കം നൂറായിരം പേര്‍ അങ്ങോട്ട് നീങ്ങി.

“നായിന്റെ മോന്‍”
അടുത്ത് നില്‍ക്കുന്നയാള്‍ അറബിയില്‍ പിറുപിറുക്കുന്നത് ഫൈസല്‍ കേട്ടു. ജി.സി.സി എക്‌സ്പീരിയന്‍സ് വച്ച് ഫൈസല്‍ അറബിയില്‍ പുള്ളിയെ മുട്ടി.

“എന്ത് പറ്റി ചേട്ടാ..?”

“ഇപ്പൊള്‍ സ്വര്‍ഗ്ഗത്തിലേക്ക് ദാ പോകുന്ന ആ ചുവന്ന തൊപ്പി വച്ച ഉയരം കുറഞ്ഞ ആ നാറിയില്ലേ, പള്ളിയില്‍ അവനൊപ്പം നിസ്‌കരിക്കന്‍ നില്‍ക്കുമ്പോ അവന്‍ പൊട്ടിത്തെറിച്ചാ ഞാന്‍ മരിച്ചത്. അവന്‍ ദോണ്ടേ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു.”

അയാള്‍ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.

ഫൈസലിന്റെ നെഞ്ച് പിടക്കാന്‍ തുടങ്ങി. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് അവനു തോന്നി.

“നിങ്ങളില്‍ പടച്ചവനു വേണ്ടി ആരുടെയെങ്കിലും കയ്യോ കാലോ വെട്ടിയവരുണ്ടെങ്കില്‍ അവര്‍ 20 മുതല്‍ 30 വരെയുള്ള ഗേറ്റുകളില്ലൂടെ അകത്തേക്ക് കയറുക”  പിന്നെയും അനൗണ്‍സ്മന്റ്.

ഇത്തവണ മലയാളികളെന്ന് തോന്നിപ്പിക്കുന്ന കുറച്ചേറെപ്പേര്‍ തഖ്ബീര്‍ മുഴക്കി ഗേറ്റിനരികിലേക്ക് ഓടിയെത്തി. ജോസഫ് മാഷിന്റെ കൈ വെട്ടിയവരെല്ലം അതിലുണ്ടെന്ന് ഫൈസല്‍ കണ്ടെത്തി.

“പടച്ചവനു വേണ്ടി ആരെയെങ്കിലും പെടച്ചവരുണ്ടെങ്കില്‍ തുടര്‍ന്നുള്ള ഗേറ്റുകളിലൂടെ അകത്തേക്ക് കയറുക”

ജിംഷീറിനെ തല്ലിയവര്‍, റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചവര്‍ തുടങ്ങിയവര്‍ അങ്ങോട്ട് നീങ്ങി.

“ഫേസ്ബുക്കില്‍ പടച്ചവനു വേണ്ടി മാസ് റിപ്പോര്‍ട്ടിംഗ് നടത്തി അക്കൗണ്ടുകള്‍ പൂട്ടിച്ചവര്‍, തെറി വിളിച്ചവര്‍ തുടങ്ങിയവര്‍ കടന്നു വരിക. തെറികളുടെ വെയിറ്റേജ് അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഗേറ്റിനരികില്‍ ലഭ്യമാണ്.”

ഫേസ്ബുക്കില്‍ വല്ലപ്പോഴും ഫോട്ടോസ് മാത്രം അപ്ലോഡ് ചെയ്തിരുന്ന ഫൈസല്‍ അക്കാലത്ത് റജീനയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ സുഹൃത്ത് ലിങ്കയച്ച് തന്നത് ഓര്‍ത്തെടുത്തു. അവന്‍ ഇപ്പോള്‍ അകത്ത് കയറിയിട്ടുണ്ടാവും. ഫൈസലിനു വല്ലാത്ത നഷ്ടബോധം തോന്നി.

“ഇനിയാരെങ്കിലും സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനത്തിനു വല്ല ക്ലയിമും ചെയ്യാനുണ്ടെങ്കില്‍ കൗണ്ടര്‍ 1 ആയി ബന്ധപ്പെടുക”  കോളാമ്പിയിലൂടെ വീണ്ടും ശബ്ദം.

അത്രയും നേരം ആഘോഷത്തോടെ നിന്ന പച്ച ബനിയനിട്ട ബാന്റ് മേളക്കാര്‍, കൂടാതെ കുറച്ചാളുകള്‍ അങ്ങോട്ട് നീങ്ങി. അവിടെ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. പിന്നെ ശാന്തമായി. വീണ്ടും അനൗണ്‍സ്മന്റ് മുഴങ്ങി.

“നിങ്ങളില്‍ സ്വര്‍ഗ്ഗം കിട്ടാന്‍ കോണിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞവര്‍, പടച്ചവനുവേണ്ടി ഫോര്‍വ്വേഡ് മെസേജുകള്‍ അയച്ചവര്‍, ആമീന്‍ ടൈപ്പ് ചെയ്തവര്‍ അവസാനത്തെ വാതിലുകളിലൂടെ അകത്തേക്ക് കയറുക”
കൗണ്ടറില്‍ നിന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ ഗേറ്റിനരികിലേക്ക് ബാന്റ് മേളത്തോടെ നീങ്ങി.

“ദിസ് ഈസ് ദ ലാസ്റ്റ് അനൗണ്‍സ്മന്റ്, സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനം അവസാനിച്ചിരിക്കുന്നു. ബാക്കിയുള്ളവര്‍ നരകത്തിലേക്ക് നീങ്ങുക.”

കൂട്ടക്കരച്ചിലും നെഞ്ചത്തടിയും ഉയര്‍ന്നു. ഫൈസല്‍ തളര്‍ന്ന് മണ്ണിലിരുന്നു. “ഞാന്‍ നരകത്തില്‍ പോവേണ്ടവനല്ല, ഞാന്‍ പോവില്ല” അവന്‍ പുലമ്പിക്കൊണ്ടിരുന്നു. എങ്കിലും അവനെ തിക്കും തിരക്കും നരകത്തിനകത്തേക്ക് തള്ളി നീക്കി. നരകത്തിന്റെ പല ഗേറ്റുകള്‍ വഴി പലരും അകത്തേക്ക് കയറുന്നതവന്‍ കണ്ടു.

ഭാണ്ഡക്കെട്ട് പേറിയ സിറിയയിലേയും ലെബനനിലേയും ഫലസ്തീനിലേയും അഭയര്‍ത്ഥികളായ ഉമ്മമാരെ നയിച്ചു കൊണ്ട് പോകുന്ന ഐലന്‍ കുര്‍ദ്ദിയെ, കയ്യും കാലും തലയും ചിതറി ചാവേറാക്രമണത്തില്‍ മരണപ്പെട്ടവരുടെ കൈ പിടിച്ച് നജിഹ് ഷാക്കിറിനെ, സ്വപ്നങ്ങള്‍ ചവിട്ടിയരക്കപെട്ട പെണ്‍കുട്ടികളുടെ മുന്നില്‍ മലാലയെ, അത്തര്‍ വിറ്റും പശുവിനെ കറന്നും ഹജ്ജിനു പോകാന്‍ പണം കൂട്ടി കാത്തിരുന്ന അബു ഇക്കയെ, ആമിനത്തയെ, സഹജീവിക്കായി ജീവന്‍ കൊടുത്ത കോഴിക്കോട്ടെ ആ ഓട്ടോക്കാരന്‍ നൗഷാദിനെ..

കുടുംബം പോറ്റാന്‍ ഗള്‍ഫില്‍ പോയി തേഞ്ഞു തേഞ്ഞ് അവിടെ തന്നെ കിടന്ന് മരിച്ച ബഷീര്‍ക്കയെ, തിരൂരങ്ങാടിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്ത സ്വന്തം ഉമ്മയെ, ഉള്ളത് കൊണ്ട് ഉഷാറായി ഊട്ടിയ ഉപ്പയെ, ഖല്‍ബിന്റെ പാതിയായ, കൊതി തീരും മുന്‍പേ യാത്ര പറയേണ്ടി വന്ന സഫ്‌നയെ, കുട്ടികളെ. ഫൈസല്‍ ആശ്ചര്യത്തോടെ ഒന്ന് തിരിഞ്ഞു നോക്കി.

അകലെ സ്വര്‍ഗ്ഗത്തിന്റെ പ്രധാന കവാടത്തിന്റെ മുകളില്‍ മാര്‍ബിള്‍ മിനാരങ്ങള്‍ തകര്‍ന്നിരിക്കുന്നു. അതിനു മുകളില്‍ ആരോ കൊടി നാട്ടിയിരിക്കുന്നു.

ഫൈസല്‍ തലയുയര്‍ത്തി നരകത്തിന്റെ കവാടത്തിനു മുകളിലേക്ക് കണ്ണു പായിച്ചു.

അവിടെ നരകം എന്നെഴുതിയത് ആരോ മായ്ച്ചിരിക്കുന്നു.