ഹിജാബ് വിഷയത്തിലുള്ള കര്‍ണാടക ഹൈക്കോടതി വിധി വളരെ ദൗര്‍ഭാഗ്യകരമാണ്. മുഖം മറച്ചുകൊണ്ട് സ്‌കൂളുകളില്‍ വരാനുള്ള അവകാശത്തിന് വേണ്ടിയല്ല പെണ്‍കുട്ടികള്‍ കോടതിയില്‍ പോയത്. തല മറക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്.
മുഖം മറക്കുന്ന ബുര്‍ഖയോ നിഖാബോ വിദ്യാലയങ്ങളില്‍ നിരോധിക്കുന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഹിജാബ് നിരോധനം എന്നതുകൊണ്ട് കോടതി അതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് കൃത്യമായി നിര്‍വചിക്കേണ്ടതുണ്ട്. മുഖം മുഴുവന്‍ മൂടിക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്നത് നിയമം മൂലം നിരോധിക്കേണ്ട ഒന്നാണെന്ന് വ്യക്തിപരമായി അഭിപ്രായമുള്ള ഒരാളാണ് ഞാന്‍.
കൂടെ ഇടപഴകുന്ന ആള്‍ ആരാണെന്ന് മനസിലാവേണ്ടത് അത്യാവശ്യമാണ്. ഐഡന്റിറ്റിയുടേയും സുരക്ഷയുടേയും പ്രാഥമിക തലങ്ങള്‍ അതിനുണ്ട്. അതുകൊണ്ട് തന്നെ അത്തരം നിരോധനങ്ങളെ മുസ്‌ലിം സമൂഹവും ഉള്‍ക്കൊള്ളും. എന്നാല്‍ മുഖം വെളിവാക്കിക്കൊണ്ട് ശിരോവസ്ത്രം അണിയാനുള്ള അവകാശം കോടതികള്‍ നിഷേധിക്കുകയാണെങ്കില്‍ നാളിതുവരെ അനുവദിക്കപ്പെട്ടിരുന്ന വ്യക്തിയുടെ ചോയ്സിന് നേരെയുള്ള സാമൂഹികമാനമുള്ള ഇടപെടലായി അത് മാറും.
അത് മതപരമായി ഇസ്‌ലാമില്‍ നിര്‍ബന്ധമുള്ള കാര്യമല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ വളരെ വിചിത്രമാണ്. മതത്തിലുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പ് കല്‍പിക്കുന്നത് കോടതിയുടെ ജോലിയല്ല, മതത്തിലുള്ളതെല്ലാം നിയമവിധേയമാക്കാന്‍ കോടതികള്‍ക്ക് കഴിയുകയുമില്ല, മറിച്ച് ഇന്ത്യന്‍ നിയമവും ഭരണഘടനയും ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റേയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും തലങ്ങളാണ് കോടതി പരിശോധിക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന തല മറക്കാനുള്ള ചോയ്സിനെ ഹിജാബ് എന്ന പദസംജ്ഞയുടെ മറവില്‍ നിരോധിക്കുമ്പോള്‍ അതിന് പിറകില്‍ ഇന്ത്യയില്‍ ആഴത്തില്‍ വേര് പിടിക്കുന്ന മതവെറിയുടേയും അപരവത്കരണത്തിന്റേയും പ്രതിഫലനങ്ങള്‍ കാണാന്‍ പറ്റും. കോടതികളില്‍ പോലും വിശ്വാസം നഷ്ടപ്പെടുന്ന ഒരു തലത്തിലേക്ക് ഒരു സമുദായത്തെ തള്ളിവിടുന്നതിന് മാത്രമേ ഇത്തരം വിധികള്‍ ഉപകരിക്കൂ.