ഇന്ത്യന്‍ പാര്‍ലമെന്റില്‍ കണ്ടിട്ടുള്ള ഉജ്ജ്വലരായ ലോ മെയ്ക്കേഴ്സില്‍ ഒരാളായിരുന്നു സഖാവ് ഗുരുദാസ് ദാസ്ഗുപ്ത. നിയമനിര്‍മ്മാണമാണ് പാര്‍ല്യമെന്റിന്റെ ചുമതല എന്നറിയാവുന്ന അംഗം, തൊഴിലാളി യൂണിയന്‍ നേതാവ്.
ഇടത്പക്ഷം ഇന്ത്യന്‍ പാര്‍ല്യമെന്റില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഒന്നാം യു.പി.എ കാലത്ത് പശ്ചിമബംഗാളിലെ പാന്‍സ്‌കുരയില്‍ നിന്നും ഇടത്പക്ഷത്തിന് കാര്യമായ റോളൊന്നുമില്ലായിരുന്ന രണ്ടാം യു.പി.എ കാലത്ത് ഘട്ടലില്‍ നിന്നും ലോകസഭയിലെത്തിയ ഗുരുദാസ് ദാ ഈ രണ്ട് കാലഘട്ടങ്ങളിലും പാര്‍ല്യമെന്റിലെ ഏറ്റവും വലിയ നേതാക്കളിലൊരാളായിരുന്നു.
വടിവൊത്ത, ചാരുതയാര്‍ന്ന ഇംഗ്ലീഷില്‍, കര്‍ശനമായി യു.പി.എ നയങ്ങളോടും ബി.ജെ.പിയോടും ദാസ് ഗുപ്ത പൊരുതി. ഒന്നാം യു.പി.എ കാലത്ത് ഇടത്പക്ഷത്തിന്റെ ലോകസഭയിലെ നേതാവ് മുതിര്‍ന്ന സി.പി.ഐ.എം അംഗം ബസുദേവ് ആചാര്യയായിരുന്നുവെങ്കിലും ശാന്തനും പ്രസംഗ ചാതുരികളില്ലാത്ത ആളുമായ അദ്ദേഹത്തിന്റെ ശബ്ദം പലപ്പോഴും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.
ആ ഘട്ടത്തില്‍ ഇടത്പക്ഷ ശബ്ദമായി ഗുരുദാസ് ദാസ്ഗുപ്ത രംഗത്ത് വന്നു. രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും നിന്ന് നയിക്കുമ്പോള്‍ ലോകസഭയില്‍ ഉറച്ച ശബ്ദമായി നിന്നത് ഗുരുദാസ് ദാസ്ഗുപ്ത ഏറെക്കുറെ ഒറ്റയ്ക്കാണ്. ആണവക്കരാര്‍, വിലക്കയറ്റം, ദേശീയ സുരക്ഷ, കാര്‍ഷിക പ്രതിസന്ധി എന്നിങ്ങനെ ഒന്നാം യു.പി.എ കാലത്തെ മിക്കവാറും സമ്മേളന ദിനങ്ങളിലെ ചര്‍ച്ചകളിലും കര്‍ശന നിലപാടുകളുമായി ഗുരുദാസ് ദായുടെ കൂരമ്പ് പോലത്തെ വിമര്‍ശനങ്ങളുണ്ടാകും. പക്ഷേ സഭയുടെ നടത്തിപ്പ് പ്രധാനമാണ്, നിയമനിര്‍മ്മാണം വളരെ പ്രധാനമാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചിരിച്ചോ മാധ്യമപ്രവര്‍ത്തകരോടോ സഹപ്രവര്‍ത്തകരോടോ കുശലമോ തമാശകളോ പറഞ്ഞോ ഗുരുദാസ് ദായെ അധികം കണ്ടിട്ടില്ല. മാറ്റര്‍ ഓഫ് ഫാക്റ്റ് ഇടപെടലുകളാണ്. ഇടത് പക്ഷത്തില്‍ പൊതുവേ സി.പി.ഐ.എം നേതാക്കളില്‍ ആരോപിക്കപ്പെടാറുള്ള കാര്‍ക്കശ്യം സി.പി.ഐയില്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിനാണ്. സാക്ഷാല്‍ എ.ബി.ബര്‍ദനോ ഡി.രാജയ്ക്കോ സുധാകര്‍ റെഡ്ഡിക്കോ ഇല്ലാത്ത കാര്‍ക്കശ്യം ഗൗരവമുമാണ് സംസാരങ്ങളിലും പ്രവര്‍ത്തികളിലും. വ്യക്തതയോടെ സംസാരിക്കും. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയും. കുശലപ്രശ്നങ്ങളൊന്നുമില്ലാതെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണെങ്കില്‍, ഡാറ്റകള്‍ സഹിതമുള്ള വികസന ചര്‍ച്ചകള്‍ക്കാണെങ്കില്‍ അദ്ദേഹത്തിന് എപ്പോഴും സമയവും ക്ലാരിറ്റിയും ഉണ്ടായിരുന്നു.
ഇന്തോ-യു.എസ് ആണവക്കരാറിന്റെ വന്‍ കോലാഹലങ്ങള്‍ നടക്കുന്ന ഒരു ദിവസം പാര്‍ല്യമെന്റിലെ പത്രസമ്മേളത്തില്‍ വിടര്‍ന്ന ചിരിയോടെ കയറി വരുന്ന ഗുരുദാസ് ദായെ ഓര്‍ക്കുന്നുണ്ട്. സാധാരണ അത്ര ചിരി ഇല്ല. പാര്‍ല്യമെന്റില്‍ ബഹളങ്ങളില്ലാത്ത ദിവസവുമാണ്. എന്താണ് സംഭവിച്ചത്. ഒടുക്കം സി.പി.ഐ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചോ തുടങ്ങിയ ചോദ്യങ്ങളായി ഞങ്ങള്‍ പരസ്പരം.
‘ഐയാം എകസ്ട്രീമ്ലി സോറി, വീ ട്രെയ്ഡ് റ്റു ഗെറ്റ് സന്ദോഷ് ഫോര്‍ യൂ ഓള്‍ ഇന്‍ ബംഗാളി മാര്‍ക്കറ്റ്. ബട്ട് അപാരന്റ്ലി വീ നീഡ് റ്റു ഗിവ് ദെം മോര്‍ റ്റെം റ്റു ഗെറ്റ് ഇനഫ് സന്ദോഷ്. ദിസ് വാസ് എ ലാസ്റ്റ് മിനുട്ട് കോള്‍”. സന്ദേശ് എന്ന് നമുക്കും സന്ദോഷ് എന്ന് ബംഗാളികള്‍ക്കും മനസിലാകുന്ന മധുര പലഹാരം നല്‍കുക എന്നത് സി.പി.ഐ സാധാരണ ചെയ്യുന്ന കാര്യമൊന്നുമല്ല, എന്താണ് സംഭവിച്ചത് എന്നത് മനസിലായില്ല.
സാധാരണ പോലെ കേന്ദ്രസര്‍ക്കാരിനോടുള്ള വിമര്‍ശനം, ബി.ജെ.പിയുമായി ബന്ധപ്പെട്ട എന്തോ കാര്യം ഇതെല്ലാം പറഞ്ഞു. അവസാനം ആരോചോദിച്ചു. അല്ല, ദാ ഈ സന്ദേശ് നല്‍കാന്‍ പാകത്തിന് എന്താണ് സംഭവിച്ചത്? ഇത്രയും വിവരമില്ലാത്ത പത്രക്കാരുണ്ടോ എന്ന ഭാഗത്തില്‍ ലേശം പുച്ഛം കലര്‍ന്ന ചിരിയോടെ, ഗുരുദാസ് ദാ പറഞ്ഞു. ‘ഹാവ്ന്റ് യൂ ഹേഡ്? സൗരവ് ഈസ് ബാക്ക് ഇന്‍ റ്റീം’. അതായിരുന്നു, ഈ പ്രശ്നങ്ങള്‍ക്കിടയിലും സൗരവ് ഗാംഗുലി ദേശീയ ക്രിക്കറ്റ് റ്റീമില്‍ തിരിച്ചെത്തുന്നത് എല്ലാവരും ആഘോഷിക്കേണ്ട ബംഗാളി ദേശീയ വികാരമാണ് എന്ന് കരുതാനും ആ തൊഴിലാളി നേതാവിന് അറിയായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയും പാര്‍ല്യമെന്റും മതേതരത്വം, ജനാധിപത്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച് നിലകൊള്ളണമെന്നും സോഷ്യലിസം നടപ്പാകണമെന്നും വിശ്വസിച്ചിരുന്ന, അതിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ കാലത്തെ വലിയ നേതാക്കളിലൊരായിരുന്നു. ലാല്‍സലാം കോമ്രേഡ്.