| Friday, 13th December 2019, 5:14 pm

ഒരു മുസ്‌ലിം അധ്യാപകന്റെ മഹാഭാരത പര്യടനം

കെ.എ സൈഫുദ്ദീന്‍

ബനാറസ് സര്‍വകലാശാലയിലെ സംസ്‌കൃത പ്രൊഫസര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങിയ വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ഞാനോര്‍ത്തത് ബി.എഡ് പഠനകാലത്തെ ടീച്ചിങ് പ്രാക്ടീസിനെ കുറിച്ചായിരുന്നു.

കൊങ്ങിണി ബ്രാഹ്മണരുടെ മാനേജ്‌മെന്റിലുള്ള എയ്ഡഡ് സ്‌കൂളിലായിരുന്നു ഞാനടക്കം 12 പേരുടെ ടീമിന് ടീച്ചിങ് പ്രാക്ടീസ് ..
യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ ഞാനായിരുന്നു ടീം ലീഡര്‍.

ഡയറക്ടര്‍ തന്നു വിട്ട കത്തുമായി ടീച്ചിങ് പ്രാക്ടീസ് തുടങ്ങുന്നതിന് തലേദിവസം ഞങ്ങള്‍ സ്‌കൂളിലെത്തി..
ടീച്ചര്‍മാരില്‍ ഭൂരിപക്ഷവും ട്രെയിനിങ്ങിന് പോയിരിക്കുവായിരുന്നു …

കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള മലയാളം അധ്യാപിക എന്നോടൊരു ചോദ്യം …’കുട്ടിയുടെ സബ്ജക്ട് അറബി ആയിരിക്കുമല്ലേ ….?’
സൈഫുദ്ദീന്‍ എന്ന എന്റെ പേര് കേട്ടപ്പോള്‍ ടീച്ചര്‍ എന്റെ സബ്ജക്ട് ഉറപ്പിച്ചിരുന്നു …’അല്ല, മലയാളം … ‘
ഉടന്‍ അവരൊന്നു ചിരിച്ചു… എനിക്കറിയാത്തൊരു ഭാഷയില്‍ തൊട്ടപ്പുറത്തിരുന്ന ടീച്ചറിനോട് എന്തോ പറഞ്ഞ് ആ ചിരി രണ്ടു പേരും പങ്കിട്ടെടുത്തു….

എന്റെ കൂടെ ഒരു കൊങ്കിണി പെണ്‍കുട്ടിയുണ്ടായിരുന്നു. സന്ധ്യ. മലയാളം തന്നെ സബ്ജക്ട്.. സ്‌കൂളിന് പുറത്തു വന്നപ്പോള്‍ അവള്‍ ആ ചിരിയുടെ സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദീകരിച്ചു…

‘നിന്നെക്കുറിച്ച് പറഞ്ഞാ അവര് ചിരിച്ചത്, മഹാഭാരതവും രാമായണവുമൊന്നും അറിയാത്തവരെങ്ങനെയാ മലയാളം പഠിപ്പിക്കുക. കാലം പോയ പോക്കേ…’ എന്നാണവര്‍ പറഞ്ഞത് …

അടുത്ത ദിവസം ടീച്ചിങ് പ്രാക്ടീസ് തുടങ്ങി .. ഒരു ഒമ്പതാം ക്ലാസിന്റെ ചുമതലയായിരുന്നു എനിക്ക് …അവിടെ മലയാളം പഠിപ്പിച്ചിരുന്നത് ഇന്നലെ എന്നെ ട്രോളി ചിരിച്ച അതേ ടീച്ചറും…

ടീച്ചിങ് ലെസണും ചാര്‍ട്ടും കുന്തവും കൊടച്ചക്രവുമൊക്കെ ഉണ്ടെങ്കിലും എന്റെ ജീവിതം പോലെ തന്നെ ഒരു കൃത്യമായ വൃത്തത്തിനകത്തു നിന്ന് പഠിക്കാനും പഠിപ്പിക്കാനും എനിക്കറിയില്ലായിരുന്നു….

30 വര്‍ഷത്തിലേറെ അധ്യാപന പരിചയമുളള ആ ടീച്ചറിനെ സാക്ഷിയാക്കി വേണമായിരുന്നു എനിക്ക് ക്ലാസെടുക്കാന്‍ …
ആദ്യക്ഷരം പഠിപ്പിച്ച യശോധരന്‍ സാറിനെ മനസ്സിലോര്‍ത്ത് രണ്ടും കല്‍പ്പിച്ച് നമ്മള്‍ പണി തുടങ്ങുന്നു …

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഔപചാരികതകളുടെ ഓരോ ആണികളും പറിച്ചെറിഞ്ഞ് …കണ്ട കാടുകളിലൊക്കെ കയറിയിറങ്ങി …ചരിത്രവും വര്‍ത്തമാനവും സാഹിത്യവും സിനിമയും രാഷ്ട്രീയവുമൊക്കെ കൂട്ടി കൊഴച്ചൊരു സദ്യ ….കുട്ടികള്‍ക്കത് രസിക്കുന്നു എന്നായപ്പോള്‍ നമ്മളും 110 ഡിഗ്രിയിലായി…

ആദ്യത്തെ രണ്ട് ദിവസത്തിനു ശേഷം ടീച്ചര്‍ ക്ലാസില്‍ ഒബ്‌സര്‍വ് ചെയ്യല്‍ വേണ്ടെന്നു വെച്ചു …’കുട്ടി പാരലല്‍ കോളജിലോ ട്യൂഷന്‍ സെന്ററിലോ പഠിപ്പിച്ചിട്ടുണ്ടോ..?.’ ടീച്ചര്‍ ഒരു ദിവസം ചോദിച്ചു…’ഇല്ല, ആദ്യമായാണ് പഠിപ്പിക്കുന്നത്… ‘ഞാന്‍ സത്യം പറഞ്ഞു …

കൂടുതല്‍ അധ്യാപകര്‍ ട്രെയിനിങ്ങിന് പോയതോടെ ആ സ്‌കൂള്‍ ശരിക്കും ഞങ്ങള്‍ 12 പേരുടെ കൈകളിലായി.. ഞങ്ങളുടെ നിര്‍ദിഷ്ട ക്ലാസിനുമപ്പുറം മറ്റ് ഡിവിഷനുകളിലും ക്ലാസെടുക്കണമെന്നായി..

അങ്ങനെയാണ് സ്റ്റാഫ് റൂമിനോട് ചേര്‍ന്ന ഒരു എട്ടാം ക്ലാസുകാരെ എന്തെങ്കിലും കഥകള്‍ പറഞ്ഞ് അടക്കിയിരുത്താന്‍ എന്നെയേല്‍പ്പിച്ചത് …

ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോഴേ എന്റെ ഉമ്മയ്ക്ക് കേള്‍വി കുറവുണ്ട്. ഉമ്മയോട് സംസാരിച്ച് വീട്ടില്‍ എല്ലാവര്‍ക്കും നല്ല ശബ്ദമാണ് …
ആ ഡോള്‍ബി ഡിജിറ്റല്‍ അറ്റ്‌മോസില്‍ ഞാനാ ക്ലാസില്‍ മഹാഭാരത പര്യടനം തുടങ്ങി …ആദിപര്‍വം മുതല്‍ 18 കട്ടക്കൊരു പിടി…

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈശമ്പായനനും ജനമേജയനും മുതല്‍…പരാശരനും സത്യവതിയും വ്യാസനയും തൊട്ട് തുടങ്ങി …അഷ്ടാവസുക്കള്‍ ശാപമോക്ഷത്തിനായി ഭൂമിയില്‍ പിറക്കേണ്ടി വന്നതിനെക്കുറിച്ച്, ശന്തനുവും ഗംഗയും അവര്‍ക്ക് പിറന്ന മകന്‍ ദേവവ്രതന്‍ ഭീഷ്മാരായി മാറിയതിനെക്കുറിച്ച് ..
അംബയെയും അംബികയെയും അംബാലികയെയും കുറിച്ച് ..

ചിത്രാംഗദനും വിചിത്രവീര്യനും മരണപ്പെട്ടത് ..ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും വിദുരരുടെയും ജനനത്തെക്കുറിച്ച് …ഗാന്ധാരി, കുന്തിമാരെപ്പറ്റി..കര്‍ണന്‍, കൗരവര്‍ പാണ്ഡവര്‍, ഹിഡിംബി, ദ്രൗപതി, ദുശ്ശള എന്നീ സ്ത്രീകളെ… ദ്രോണരെ,ഘടോല്‍കചന്‍, അഭിമന്യു തുടങ്ങിയ വീരന്മാരെ, ..18 ദിവസത്തെ യുദ്ധത്തെ ..ശ്രീകൃഷ്ണന്റെ മരണത്തെ ….

അങ്ങനെയങ്ങനെ വാനപ്രസ്ഥവും സ്വര്‍ഗാരോഹണവും കഴിഞ്ഞപ്പോള്‍ ടീച്ചിങ്ങ് പ്രാക്ടീസിനും സമാപനമായി …

കുട്ടികൃഷ്ണ മാരാരും പി കെ ബാലകൃഷ്ണനും എം.ടിയും ശിവാജി സാവന്തുമൊക്കെ അതിനിടയില്‍ കുട്ടികള്‍ക്ക് പരിചിതമാക്കി …
അര്‍ജുനനെയും അഭിമന്യുവിനെയും കര്‍ണനെയുംകാള്‍ എന്തുകൊണ്ട് ഘടോല്‍കചനെ ഞാനിഷ്ടപ്പെടുന്നു എന്ന് പറഞ്ഞു കൊടുത്തു…
പൊടിപിടിച്ചു കിടന്ന ലൈബ്രറിയില്‍ ആളനക്കമൊരുക്കി …

കണ്ണീരോടെയും സ്‌നേഹാലിംഗനങ്ങളോടെയും കുഞ്ഞുകുഞ്ഞു സമ്മാനങ്ങളിലൂടെയുമായിരുന്നു ആ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ യാത്രയാക്കിയത്
ആ സ്‌കൂളിലെ അധ്യാപകരുടെ വക ഒരു യാത്രയയപ്പുമുണ്ടായിരുന്നു …ആ ടീച്ചര്‍ സംസാരിക്കാന്‍ എഴുന്നേറ്റു …

‘നിങ്ങളുടെ കൂട്ടത്തില്‍ ഒരാളോട് എനിക്ക് മാപ്പ് ചോദിക്കാനുണ്ട്.. നിങ്ങളിവിടെ വന്ന ആദ്യ ദിവസം മഹാഭാരതവും രാമായണവും അറിയാത്തവരെങ്ങനെയാണ് മലയാളം പഠിപ്പിക്കുക എന്ന് ഞാന്‍ കളിയാക്കിയിരുന്നു…’ എന്നെ ചൂണ്ടി ടീച്ചര്‍ തുടര്‍ന്നു ‘….. അയാള്‍ക്ക് എന്നെക്കാള്‍ നന്നായി മഹാഭാരതവും രാമായണവും അറിയാം .. ഇയാള്‍ നല്ലൊരു അധ്യാപകനാകും… എനിക്കുറപ്പുണ്ട് …’
അവരുടെ കണ്ണുകളില്‍ ചെറിയൊരു നനവുണ്ടായിരുന്നു …

പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാവരുടെതുമാണെന്ന വാക്കില്‍ എന്റെ മറുവാക്കൊതുക്കി …ആ ടീച്ചറുടേത് ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു …അത് മാറിയപ്പോള്‍ ഒരു പ്രാര്‍ത്ഥന കൊണ്ട് അവരെന്നെ അനുഗ്രഹിക്കുകയായിരുന്നു …

സംസ്‌കൃതത്തില്‍ പി.എച്.ഡിയുള്ള ഫിറോസ് ഖാന്റെ വിദ്യാര്‍ത്ഥികളുടെത് തെറ്റിദ്ധാരണയല്ല.. ഈ രാജ്യവും അതിലെ സര്‍വതും നിങ്ങള്‍ മുസ്ലിംങ്ങളുടെതല്ല എന്ന ഈ കാലത്തിന്റെ ഇരുള്‍ കെട്ടിയ മന്ത്രോച്ചാരണമാണ്. അതുകൊണ്ട് അവരത് തിരുത്തില്ല ..

ആ ജോലി രാജിവെക്കാനേ ഫിറോസ് ഖാന് കഴിയുമായിരുന്നുള്ളു …കാരണം, ജീവനുള്ള വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലേ അധ്യാപകന് നില്‍ക്കാനാവൂ ..ശവക്കല്ലറകള്‍ക്കു മുന്നില്‍ അധ്യാപകന് സ്ഥാനമില്ല …അത് പുരോഹിതന്റെ ഇടമാണ് …

മുറിവാല്‍ …:

ആ ടീച്ചര്‍ പറഞ്ഞതുപോലെ ഞാനൊരു മോശമല്ലാത്ത അധ്യാപകനായിരുന്നു എന്ന് എന്റെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടുണ്ട് …
അതുകൊണ്ടാണ് 16 വര്‍ഷം മുമ്പ് ഞാനാ പണി നിര്‍ത്തിയിട്ടും സന്തോഷത്തിലും സങ്കടത്തിലും എന്റെ കുട്ടികള്‍ എന്നെയോര്‍ക്കുന്നത് …
എന്നെത്തേടി ഇപ്പോഴും വരുന്നത് …എന്റെ സഹപ്രവര്‍ത്തകരായി എനിക്കൊപ്പം ജോലി ചെയ്യുന്നത് …

കെ.എ സൈഫുദ്ദീന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more